/sathyam/media/media_files/2025/07/12/images14-2025-07-12-13-14-12.jpg)
തിരുവനന്തപുരം: കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും തുടർച്ചയായി വിമർശിച്ചും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും തുടർച്ചയായി പുകഴ്ത്തിയും ശശി തരൂർ പുറത്തേക്ക് സ്വയം വഴിയൊരുക്കുകയാണെന്ന് വിലയിരുത്തൽ.
അടിയന്തരാവസ്ഥയെ വിമർശിച്ചും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ നിരത്തിയും ലേഖനമെഴുതിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപ്രഭാവമുള്ള നേതാവെന്നാണ് കഴിഞ്ഞദിവസം ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ തരൂർ വിശേഷിപ്പിച്ചത്.
തരൂർ കോൺഗ്രസ് വിടുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതാക്കൾ. വിദേശകാര്യ വിദഗ്ദ്ധനായ തരൂരിന് കേന്ദ്രസർക്കാർ ഉന്നത പദവി നൽകിയേക്കുമെന്നാണ് സൂചന.
നിരവധി പദവികളാണ് തരൂരിന് കേന്ദ്രം ഓപ്ഷനായി നൽകിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ ദൗത്യങ്ങൾക്ക് സ്ഥിരംസമിതി രൂപീകരിച്ച് തരൂരിനെ അതിന്റെ തലവനാക്കുന്നതാണ് അതിലൊന്ന്. കേന്ദ്രത്തിന്റെ വിദേശകാര്യ പ്രതിനിധിയായി തരൂരിനെ നിയോഗിക്കുന്നതാണ് മറ്റൊന്ന്.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള നയതന്ത്ര സ്വഭാവമുള്ള ഉന്നത പദവിയാണിത്. ക്യാബിനറ്റ് റാങ്കോടെയായിരിക്കും നിയമനമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി തരൂരുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇതൊന്നുമല്ല ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രതിനിധിയാക്കുമെന്നും പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ നിലവിൽ ഈ പദവി നയതന്ത്ര ഉദ്യോഗസ്ഥർക്ക് നൽകുന്നതാണ്. അമേരിക്കയിലെ ഇന്ത്യയുടെ അംബാസഡറാക്കുമെന്നും അഭ്യൂഹമുണ്ട്.
എന്തായാലും വിദേശകാര്യവുമായി ബന്ധമുള്ള ഉന്നത പദവി തരൂരിനെ കാത്തിരിക്കുന്നുണ്ട്. തരൂരിന്റെ സേവനം വിദേശകാര്യ രംഗത്ത് ഉപയോഗപ്പെടുത്താനും അതുവഴി തരൂരിനെ മറുകണ്ടം ചാടിക്കാനുമാണ് ബിജെപി പദ്ധതി.
എന്നാൽ തരൂർ തിരുവനന്തപുരത്തെ എം.പി സ്ഥാനം ഉടനടി രാജിവയ്ക്കുകയോ ബിജെപിയിൽ ചേരുകയോ ചെയ്യില്ലെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്. പ്രധാനമന്ത്രി അഭ്യർത്ഥിച്ചതിനാൽ കേന്ദ്രം വാഗ്ദാനം ചെയ്യുന്ന വിദേശകാര്യ പദവി ഏറ്റെടുത്തേക്കുമെന്നും അവർ പറയുന്നു.
കേരളത്തിൽ മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവേ റിപ്പോർട്ട് തരൂർ പുറത്ത് വിട്ടത് വിവാദമായിരുന്നു.
ഇതിനു പിന്നാലെയാണ് അടിയന്തരാവസ്ഥയെ നിശിതമായി ആക്രമിച്ച് പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസിവഴി മാദ്ധ്യമങ്ങളിൽ തരൂരിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടത്.
ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ്ഗാന്ധി നയിച്ച നിർബ്ബന്ധിത വന്ധ്യംകരണ പരിപാടികൾ രാജ്യത്തെ വീണ്ടും ലേഖനത്തിലൂടെ തരൂർ ഓർമ്മിപ്പിച്ചു.
ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു.
ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.
മോദി സർക്കാരിന് തുറന്ന പിന്തുണ നൽകുന്ന നിലയിലാണ് ലണ്ടനിലെ തരൂരിന്റെ പ്രസംഗം. 'ഇന്ത്യ 2047' എന്ന വിഷയത്തിലായിരുന്നു സെമിനാർ.
2047ൽ വികസിത ഭാരതമെന്നത് മോദി സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യമാണ്. കോൺഗ്രസിന്റെ ഇടതുസ്വഭാവമുള്ള നയങ്ങളിൽ നിന്ന് ഇന്ത്യ പ്രകടമായി വഴിമാറിയെന്ന് തരൂർ ചൂണ്ടിക്കാട്ടി.
ഉദാരവത്ക്കരണം, ആഗോളവത്കരണം എന്നിവയിലേക്കുള്ള നിലവിലെ പാത രാജ്യത്തിന് പ്രയോജനകരമാണ്.
കഴിഞ്ഞ 78 വർഷമായി രാജ്യത്തിന്റെ നയങ്ങളിൽ മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ചും വിദേശനയത്തിലും ഭരണത്തിലും.
ബി.ജെ.പി സർക്കാരിന് കീഴിൽ ദേശീയതയെന്ന ബോധം വളരുകയാണ്. കോൺഗ്രസിന്റെ നയങ്ങൾക്ക് ഉപരിയായി മോദിയുടെ നേതൃത്വം ദേശീയതയുടെ ചട്ടക്കൂട് ഉയർത്തിപിടിക്കുന്നതാണെന്നും തരൂർ പ്രകീർത്തിച്ചു.
ശശി തരൂരിന്റെ പ്രവൃത്തികളിൽ അമർഷമുണ്ടെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് പരസ്യമായി പ്രതികരിച്ചിട്ടില്ല.
അവഗണിക്കുകയെന്ന നിലപാടിലാണ് ഇപ്പോഴും ദേശീയ നേതൃത്വം. എന്നാൽ, കൂടുതൽ കാലം ഇങ്ങനെ പോകാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വികാരം. കേരളത്തിലെ നേതാക്കൾ അടക്കം അതൃപ്‌തി അറിയിച്ചിട്ടുണ്ട്. തരൂരിന്റെ കാര്യത്തിൽ എ.ഐ.സി.സി യഥാസമയം നിലപാടെടുക്കും.
ബി.ജെ.പിയുടെ വാക്കുകൾ ഉരുവിടുന്ന തത്തമ്മയെന്ന് തരൂരിന്റെ പേരെടുത്ത് പറയാതെ കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പ്രതികരിച്ചു. മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്ന ശശി തരൂരിനെപ്പറ്റി ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം. നിലവിലെ മുന്നോട്ടുപോക്ക് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടാവും. ഒന്നുകിൽ പാർട്ടിക്ക് വിധേയനായി ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
നിലവിലെ രീതികളുമായി മുന്നോട്ടുപോയാൽ തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം ഇല്ലാതാവും. മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്.
കോൺഗ്രസുകാരിൽ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കും- മുരളി പറഞ്ഞു.ഏതു പാർട്ടിയിലാണെന്ന് തരൂർ ആദ്യം തീരുമാനിക്കട്ടെയെന്നാണ് കെ.മുരളീധരൻ പ്രതികരിച്ചത്.
മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യത ശശി തരൂരിനെന്ന സർവ്വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരുടെയോ താത്പര്യത്തിന് തയ്യാറാക്കിയ സർവെയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. പാർട്ടിയിൽ വിറക് വെട്ടിയവരും വെള്ളംകോരിയവരും ഏറെയുണ്ട് മുഖ്യമന്ത്രി കസേരയിലേക്ക്.
അവരിൽ ഒരാൾ മുഖ്യമന്ത്രിയാവുമെന്നും മുരളീധരൻ തുറന്നടിച്ചു. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്നായിരുന്നു തരൂരിന്റെ പേര് പരാമർശിക്കാതെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം.
തരൂർ പ്രവർത്തക സമിതി അംഗമാണെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ദേശീയ നേതൃത്വമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.