തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് ഫാർമസി പ്രവേശനത്തിൽ വീണ്ടും ആശങ്ക. പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികൾ സുപ്രിം കോടതിയെ സമീപിക്കും.
ആദ്യം ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നാണ് നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആവർത്തിച്ചു.
കോടതിയിൽ തിരിച്ചടി നേരിട്ടതോടെ ജൂലൈ 10നാണ് പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി.
പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്. പക്ഷേ കീമുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി ബിന്ദു.
പുതുക്കിയ ലിസ്റ്റിലെ ആദ്യ 100 ൽ 21 സംസ്ഥാന സിലബസ് വിദ്യാർഥികൾ മാത്രമാണ് ഇടം പിടിച്ചത്. പഴയ റാങ്ക് ലിസ്റ്റിൽ 43 പേരുണ്ടായിരുന്ന സ്ഥാനത്താണ് ഈ സ്ഥിതി. ഹരജിയുമായി വിദ്യാർഥികൾ മുന്നോട്ടു പോയാൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് നിർണായകമാണ്.