തീരുന്നില്ല തീവ്രവാദം. ഡിജിപിയെ തള്ളി അമിത് ഷാ. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലെന്ന് റവാഡ ചന്ദ്രശേഖർ.പോപ്പുലർ ഫ്രണ്ട് ഇപ്പോഴും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി. മുള പൊട്ടി തീവ്രവാദ വിവാദം

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പറഞ്ഞതിന് കടകവിരുദ്ധമായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നത് സർക്കാരിനും ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

New Update
1001096440

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലെന്ന് വ്യക്തമാക്കിയ ക്രമസമാധാനം ചുമതലയുള്ള ഡിജിപി റവാഡാ ചന്ദ്രശേഖറിനെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.

Advertisment

 ഇന്നലെ പുത്തരിക്കണ്ട മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലാണ് ഗുരുതരമായ ആരോപണം അമിത്ഷാ ഉന്നയിച്ചത്.

 കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിൽ അപകടകരമായ വിധത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് റവാഡാ ചന്ദ്രശേഖർ വ്യക്തമാക്കിയത്.

ക്രമസമാധാന പാലനത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ഇക്കാര്യങ്ങളെ തള്ളി കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ രംഗത്ത് വന്നിട്ടുള്ളത്.

കേന്ദ്രം നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം കേരളത്തിൽ ഇപ്പോഴും സജീവമാണെ ന്നായിരുന്നു അമിത്ഷായുടെ ഗുരുതരമായ ആരോപണം.

പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് അമിത് ഷാ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാർ അധികാരത്തിലേറിയ രണ്ടും മൂന്നും മോദി സർക്കാരുകളുടെ കാലത്താണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളിൽ വ്യാപകമായ റൈഡ് നടന്നത്.

സംസ്ഥാന നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുകയും ചെയ്തിരുന്നു.

സംഘടനയ്ക്ക് ലഭിക്കുന്ന വിദേശ ഫണ്ട് ദേശാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് സംഘടനയെ രാജ്യത്ത് നിരോധിച്ചിട്ടുള്ളത്. 

എന്നാൽ നിരോധനത്തിനു ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന അമിത് ഷായുടെ പ്രസ്താവന അതീവ ഗുരുതര സ്വഭാവത്തിലുള്ളതാണ്.

വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയത്തിൽ മതതീവ്രവാദം കേരളത്തിൽ തഴച്ചു വളർന്നുവന്നും അമിത്ഷാ വ്യക്തമാക്കുകയുണ്ടായി.

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അമിത്ഷാ നടത്തിയ പ്രസ്താവന രാഷ്ട്രീയമായി കൂടി ലക്ഷ്യം വച്ചുള്ളതാണ്. നിലവിൽ സംസ്ഥാനത്ത് ക്രൈസ്തവ മുസ്ലിം ഭിന്നത ചിലയിടങ്ങളിൽ എങ്കിലും ദൃശ്യമാണ്.

 ഇത് ആളിക്കത്തിക്കാനും സംസ്ഥാന സർക്കാരിനെതിരായ വികാരം പരമാവധി ബിജെപിക്ക് അനുകൂലമാക്കാനും ഭൂരിപക്ഷങ്ങളുടെയും ക്രൈസ്തവ സമുദായത്തിന്റെയും വോട്ടുകൾ ബിജെപിയിലേക്ക് എത്തിക്കാൻ ഉള്ള രാഷ്ട്രീയ തന്ത്രമാണ് ഇതിന് പിന്നിലുള്ളതൊന്നും കരുതപ്പെടുന്നു.

 സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ യുഡിഎഫ് അമിത് ഷായുടെ ആരോപണത്തെ വളരെ ഗൗരവപൂർവ്വമാണ് വിലയിരുത്തുന്നത്.

 സംസ്ഥാനത്ത് വിഭജന രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറാൻ ബിജെപി ശ്രമിക്കുന്നതിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവന എന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ.

 എങ്കിലും സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പറഞ്ഞതിന് കടകവിരുദ്ധമായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നത് സർക്കാരിനും ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

Advertisment