സമരം കടുപ്പിക്കാൻ ആശമാർ.സംസ്ഥാനത്ത് ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. ഓണറേറിയത്തിൽ സി.ഐ.ടി.യുവിന് ഇരട്ടത്താപ്പൊന്നും ആരോപണം. സംസ്ഥാനത്ത് 15,000 എന്ന് ആവശ്യം. ഇതര സംസ്ഥാനങ്ങളിൽ 26000 വേണമെന്ന് സി.ഐ.ടി.യു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ 27000 രൂപ ഓണറേറിയം നൽകണമെന്ന് ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

New Update
ASHA WORKERS

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണറേറിയം വർധന വടക്കമുള്ള വിഷയങ്ങൾ ഉയർത്തി നടക്കുന്ന ആശാപ്രവർത്തകരുടെ സമരം കടുപ്പിക്കാൻ സമരസമിതി തീരുമാനിച്ചു.

Advertisment

141 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിന്റെ അഞ്ചാം ഘട്ടമായി ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.

സംസ്ഥാനത്തുടനീളം സമരസഹായ സമിതികളുമായി സഹകരിച്ച് പഞ്ചായത്ത്/നഗരസഭ തലത്തിലാണ് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

29 ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സമരം തദ്ദേശസ്ഥാപന തലത്തിലേക്ക് എത്തിക്കുന്നതിന് തീരുമാനമെടുത്തത്.

ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം ഉയർത്തിയ ഓണറേറിയ വർദ്ധന ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് സമരം നീളുന്നത്.

 ആരോഗ്യമന്ത്രിയുമായി മൂന്ന് തവണയും തൊഴിൽ മന്ത്രിയുമായി ഒരുതവണയും സമര നേതാക്കൾ ചർച്ച നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.

എന്നാൽ ഇതിനിടെ വിവിധ മേഖലകളിൽ ആവശ്യപ്പെടാതെ തന്നെ സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചതും അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കായി ഫണ്ട് നീക്കി വെച്ചതും ആശാവർക്കർമാരുടെ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനം വെളിവാക്കുന്നതായിരുന്നു.

സമരത്തിന്റെ നാലാം ഘട്ടമായി മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച സമരയാത്ര 45 ദിവസം കൊണ്ട് അയ്യായിരത്തോളം കിലോമീറ്റർ യാത്ര ചെയ്ത് ജൂൺ 18 ന് സമരവേദിയിൽ എത്തിച്ചേർന്നിരുന്നു.

 14 ജില്ലകളിലായി ഇരുനൂറോളം കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ യോഗങ്ങളിൽ സമര യാത്രയ്ക്ക് നൽകിയ സ്വീകരണം ലഭിച്ചു.39 കേന്ദ്രങ്ങളിൽ തെരുവിൽ അന്തിയുറങ്ങിയാണ് ആശമാർ സമര യാത്ര സംഘടിപ്പിച്ചത്. 

അഞ്ചാം കട്ട സമരത്തിൻറെ ഭാഗമായി നിലവിൽ സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രാദേശികതല സമരസഹായ സമിതികളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുന്നത്.

ഇതിനിടെ ആശാവർക്കർമാരുടെ ഓണറേറിയം സംബന്ധിച്ച് സിഐടിയുവിന് ഇരട്ടത്താപ്പ് ആണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

 ആശാവർക്കർമാരുടെ പ്രതിമാസം ഓണറേറിയം കേരളത്തിൽ 15000 രൂപ ആക്കണം എന്ന് ആവശ്യപ്പെടുന്ന സിഐടിയു മറ്റ് സംസ്ഥാനങ്ങളിൽ ഇത് 26000 ആക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.

 സമരം ചെയ്യുന്ന ആശമാരുടെ ആവശ്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമദിക്ക് സിഐടിയു നൽകിയ കത്തിൽ ഓണറേറിയം 15,000 രൂപയാക്കണമെന്ന ആവശ്യമാണ് ഉയർത്തിയിട്ടുള്ളത്.

മറ്റു പല സംസ്ഥാനങ്ങളിലും ഓണറേറിയം 26000 ആകണമെന്നാണ് സിഐടിയു ആവശ്യമുന്നയിച്ചിരുന്നത്. ഇതിനായി വിവിധ സംസ്ഥാനങ്ങളിൽ സമരവും സംഘടിപ്പിക്കുന്നുണ്ട്.

എന്നാൽ ആശമാരുടെ ഓണറേറിയം ദേശീയതലത്തിൽ 26000 രൂപയാക്കണമെന്ന ആവശ്യമാണ് എഐടിയുസി മുന്നോട്ടുവയ്ക്കുന്നത്.

 ക്ലാസ് ഫോർ ജീവനക്കാരുടെ ശമ്പളമായ 27600 ആക്കണമെന്നാണ് ഐഎൻടിയുസിയുടെ ആവശ്യം.

 മുസ്ലിംലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു വിനും ഇതേ ആവശ്യമാണുള്ളത്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ 27000 രൂപ ഓണറേറിയം നൽകണമെന്ന് ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

 ഇതിന് പുറമേ വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യവും ഉന്നയിക്കുന്നുണ്ട്.

 സമരം തുടങ്ങിയപ്പോൾ മുതൽ അസോസിയേഷനെതിരെ സിപിഎമ്മും സിഐടിയുവും കടുത്ത പ്രതിരോധമാണ് തീർത്തത്.

സംസ്ഥാനം 7000 രൂപ ഓണറേറിയം നൽകുന്നുണ്ടെന്നും ഇത് വർദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നു മായിരുന്നു സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമിന്റെ പ്രതികരണം.

ഓണറേറിയം വർദ്ധനവിനെ എതിർത്ത് ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്ത് വന്നിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളത്തിലാണെന്ന വാദമാണ് മന്ത്രി ഉയർത്തിയത്.

Advertisment