സാങ്കേതിക -‍ഡിജിറ്റൽ സ‍‌ർ‍വകലാശാലകളിൽ താൽക്കാലിക വി.സിമാരെ നിയമിക്കാൻ സർക്കാർ. അപകടത്തിലായി വിദ്യാർത്ഥികളുടെ ഭാവി. കേരള സർവകലാശാലയിലെ വൈസ് ചാൻസലർ രജിസ്ട്രാർ പോര് അയവില്ലാതെ തുടരുന്നു. വി.സിയുടെ ഒപ്പും കാത്ത് രണ്ടായിരത്തി അഞ്ഞൂറിലേറെ ഫയലുകൾ

ഹൈക്കോടതി സിംഗിൾ ബഞ്ചിൻെറയും ഡിവിഷൻ ബഞ്ചിൻെറയും വിധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പട്ടിക നിരാകരിക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.

New Update
images(1127)

തിരുവനന്തപുരം: സാങ്കേതിക -‍ഡിജിറ്റൽ സ‍‌ർ‍വകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസല‍ർ നിയമനം സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ചോദ്യം ചെയ്ത് ഗവ‍ർണർ സുപ്രിം കോടതിയെ സമീപിക്കാനിരിക്കെ രണ്ട് സർവകലാശാലകളിലെയും താൽക്കാലിക വി.സിമാരെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങി.

Advertisment

ഡിജിറ്റൽ - സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസിമാരുടെ പട്ടിക  രാജ്ഭവന് കൈമാറിക്കൊണ്ടാണ് സർക്കാർ നടപടി നീക്കിയത്. മൂന്ന് പേർ വീതം അടങ്ങുന്ന പട്ടികയാണ് ഉന്നത വിദ്യഭ്യാസ വകുപ്പ് ഗവർണർ‍ക്ക്  കൈമാറിയത്.


ഡിജിറ്റൽ സർവകലാശാലയിൽ മുൻപ് താൽക്കാലിക വിസിയുടെ ഒഴിവ് വന്നപ്പോൾ നൽകിയ അതേ പട്ടിക തന്നെയാണ് ഇപ്പോഴും കൈമാറിയിരിക്കുന്നത്.


ഈ പട്ടിക നിരാകരിച്ചുകൊണ്ടാണ് ചാൻസലർ ഡോ.സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി നിയമിച്ചിരിക്കുന്നത്.

ഹൈക്കോടതി സിംഗിൾ ബഞ്ചിൻെറയും ഡിവിഷൻ ബഞ്ചിൻെറയും വിധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പട്ടിക നിരാകരിക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.


സാങ്കേതിക സർവകലാശാലയിൽ ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ ഇൻ ചാർജ് ഡോ.ജയപ്രകാശ് ,ഡോ എ.പ്രവീൺ, ഡോ.സജീബ് എന്നിവർ ഉൾപ്പെടുന്നതാണ് പട്ടികയാണ് താൽക്കാലിക വിസി നിയമനത്തിനായി നൽകിയത്.


ഹൈക്കോടതി വിധി വന്നതിൻെറ തൊട്ടടുത്ത ദിവസം തന്നെ രണ്ട് സർവകലാശാലകളിലും താൽക്കാലിക വിസമാരായി നിയമിക്കേണ്ടവരുടെ പട്ടിക നൽകിയതിലൂടെ ഗവർ‍ണറെ പ്രതിരോധത്തിലാക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. 

ഹൈക്കോടതി വിധിക്കെതിരെ ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകാനാൻ് രാജ്ഭവന്റെ നീക്കം. ഗവർണറുടെ അപ്പീൽ കോടതി പരിഗണിക്കുമ്പോൾ പട്ടിക കൈമാറിയത് സർക്കാർ വാദങ്ങൾക്ക് ശക്തിപകരും.


സുപ്രിം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നൽകിയ പട്ടികയിൽ നിന്ന് താൽക്കാലിക വിസിമാരെ നിയമിക്കാൻ ഗവർണർ തയാറായേക്കില്ല.


ഹൈക്കോടതി വിധിയോടെ സർവകലാശാലകളിലെ താൽക്കാലിക വി.സി നിയമനത്തിലെ പ്രതിസന്ധി തീരുമെന്ന സർക്കാരിൻെറ പ്രതീക്ഷ അസ്തമിക്കുകയാണ്.

ഗവർണറുടെ അപ്പീൽ സുപ്രിം കോടതി ഫയലിൽ സ്വീകരിക്കുകയാണെങ്കിൽ കോടതി വ്യവഹാരം നീണ്ടുപോകാനാണ് സാധ്യത.ഇതോടെ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകും.

സാങ്കേതിക സർവകലാശാലയിൽപരീക്ഷാ കലണ്ടറും ഫലപ്രഖ്യാപനവും എല്ലാം താളം തെറ്റിയിട്ട് മാസങ്ങളായി.


കേരള സർവകലാശാലയിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റിലെ ബി.ജെ.പി പ്രതിനിധി പി.എസ് ഗോപകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 


ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ  ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട തുടങ്ങിയ പ്രശ്നങ്ങൾ  ചൂണ്ടിക്കാട്ടിയാണ് ഹർജി.

സർവകലാശാലയ്ക്ക്  സംരക്ഷണം ഒരുക്കണമെന്നും  ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ വിഷയത്തിൽ ഒരു പൊതുതാൽപര്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 

ഹൈക്കോടതി ഹർജി പരിഗണിക്കുമ്പോഴും കേരള സർവകലാശാലയിലെ വൈസ് ചാൻസലർ  രജിസ്ട്രാർ പോരിന് ഒരുയവുമില്ല.

ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിൽ നിന്ന് രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വിലക്കിയതാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്.


വൈസ് ചാൻസലറുടെ ചുമതലയുളള ഡോ.മോഹനൻ കുന്നുമ്മലാണ് ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് കത്ത് നൽകിയത്.


ഇപ്പോഴും ഔദ്യോഗിക വാഹനം താൻ ഉപയോഗിക്കുന്നുണ്ടെന്നാണ് രജിസ്ട്രാർ വിസിക്ക് മറുപടി നൽകി.ഇതോടെ വിസി- രജിസ്ട്രാർ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമായി.

കാർ ഉപയോഗം സംബന്ധിച്ച കത്ത് ഇടപാടുകൾ പുറത്തായതോടെ വിവാദത്തിൽ കക്ഷി ചേർന്ന് സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി.

സർവ്വകലാശാലയുടെ വസ്തുവകകളിൽ വിസിക്ക് ഒരു അധികാരവുമില്ലെന്ന വാദം ഉയർത്തിയാണ് സിൻഡിക്കേറ്റിലെ സി.പി.എം അംഗങ്ങൾ വിവാദത്തിൽ കക്ഷിചേർന്നത്.


സർവകലാശലയുടെ വസ്തുവകകളിൽ പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്ന് സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.


കാറിൻെറയും ഓഫീസിൻെറയും ഫയൽ നോട്ടത്തിൻെറയും കാര്യത്തിൽ വി.സിയും രജിസ്ട്രാറും തമ്മിലുളള തർക്കം മുറുകുന്നുവല്ലാതെ വിദ്യാർത്ഥി പക്ഷത്ത് നിന്നുളള ഒരു തീരുമാനവുമില്ല.

വി.സി സർവകലാശാല ആസ്ഥാനത്ത് കാലുകുത്തിയിട്ട് 17 ദിവസം കഴിഞ്ഞു. വി.സിയുടെ ഒപ്പ് കാത്ത് രണ്ടായിരത്തി അഞ്ഞൂറിലേറെ ഫയലുകളാണുളളത്.

Advertisment