തിരുവനന്തപുരം: അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്.
ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറബിക്കടലില്‍ പരിശീലത്തിന് എത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും പറന്നുയരാന്‍ സാധിക്കാതെ വന്നതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.
യുകെയില്‍ നിന്നെത്തിയ വിദഗ്ധസംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതോടെയാണ് മടക്കായാത്ര തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പാര്‍ക്കിങ്ങ് ഫീസിനത്തില്‍ എട്ട് ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിക്കുക.
പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ബ്രിട്ടണ്‍ വിമാനത്താവളത്തിന് നല്‍കേണ്ടിവരിക.
33 ദിവസത്തെ ആകെ തുക 8 ലക്ഷം രൂപയോളം വരുമെന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേണ്ട വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സിന്റെ 24 അംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തിയാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്.
സംഘത്തില്‍ 14 സാങ്കേതിക വിദഗ്ധനും 10 ക്രൂ അംഹങ്ങളും ഉള്‍പ്പെടുന്നു. പശ്ചിമേഷ്യ വഴിയാകും യുദ്ധവിമാനം യുകെയിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.