മതപഠനം കഴിഞ്ഞ് പൊതുപഠനം. സമസ്ത നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭാ മുഖപത്രം ദീപിക. വാർത്ത ശരിയെങ്കിൽ സമസ്തയുടെ തീരുമാനം മതേതരത്വ വിരുദ്ധമെന്നും മുഖപ്രസംഗം

ജനാധിപത്യ-മതേതര സംവിധാനത്തിൽ സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുത്തേ മതിയാകൂ എന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

New Update
1001107232

തിരുവനന്തപുരം: കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന സമസ്തയുടെ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക.

Advertisment

മാറ്റം വരുത്തിയ സ്‌കൂൾ സമയം സംബന്ധിച്ച് മുസ്ലിം സംഘടനയായ സമസ്തയുടെ വിയോജിപ്പ് ചർച്ച ചെയ്യാനുള്ള സർക്കാർ തീരുമാനം ജനാധിപത്യപരമാണ്.

പക്ഷേ, സർക്കാരിനോട് ആവശ്യപ്പെടാൻ സമസ്ത ഏകോപനസമിതിയെടുത്ത തീരുമാനങ്ങളായി മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെങ്കിൽ അതു മതേതരത്വ വിരുദ്ധമാണെന്ന വിമർശനമാണ് മുഖപ്രസംഗമുയർത്തുന്നത്.

 ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽനിന്നു മാറ്റരുതെന്നു പറയുന്നവർ തന്നെ, മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നു പറയുകയാണെന്ന കടുത്ത വിമർശനമാണ് 'സീസറിനുള്ളത് ദൈവത്തിന് വേണ്ട' എന്ന മുഖരപസംഗത്തിൽ ഉന്നയിക്കുന്നത്.

ഹൈസ്‌കൂളുകളിൽ 1,100 മണിക്കൂറിനുള്ള 220 പ്രവൃത്തിദിവസം ഉറപ്പാക്കാൻ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞും 15 മിനിറ്റ് വീതമാണ് വർധിപ്പിച്ചത്.

രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് പുതിയ സമയം. 

പക്ഷേ, 2025 ജൂൺ പത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിനെതിരേ സമസ്ത രംഗത്തെത്തി.

മദ്രസ മതപഠനത്തിൻറെ സമയം നഷ്ടമാകുമെന്നതാണ് കാരണം. 

മദ്രസ പഠനസമയത്തിൽ നിന്ന് 15 മിനിറ്റ് കുറച്ചാൽ ഇതു പരിഹരിക്കാവുന്നതല്ലേയെന്നും കോവിഡ് കാലത്തെന്നപോലെ ഓൺലൈൻ മദ്രസ പഠനവും പലരും നിർദേശിക്കുന്നുണ്ടെന്നും ഇതൊന്നും സ്വീകാര്യമല്ലെങ്കിൽ, മതപഠനത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കാത്തവരുടെ ചെലവിൽ മദ്രസ പഠനത്തിനു സമയം കണ്ടെത്താൻ ശ്രമിക്കരുതെന്നും വിമർശനമുണ്ട്.

മുസ്ലിം മതമൗലികവാദ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സൂംബ ഡാൻസ് ചുവട് ഇടറി നിൽക്കുകയാണ്.

 വിദ്യാഭ്യാസരംഗത്ത് മതങ്ങളും സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പുതിയതല്ല.

അപ്പോഴൊക്കെ കോടതികൾ ഇടപെടുകയും ന്യായം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ന്യായമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ സമസ്തയ്ക്കും സമാന സംഘടനകൾക്കും കോടതിയെ സമീപിക്കാം.

ജനാധിപത്യ-മതേതര സംവിധാനത്തിൽ സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുത്തേ മതിയാകൂ എന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. 

സ്‌കൂൾ സമയമാറ്റ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുള്ളത്.

 ഇത്തേുടർന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം അതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത ഘട്ടത്തിൽ കത്തോലിക്ക സഭയുടെ മുഖപത്രത്തിന്റെ വിമർശനത്തോടുള്ള മുസ്ലീം സംഘടനകളുടെ പ്രതികരണവും കണ്ടറിയേണ്ടതുണ്ട്.

Advertisment