വെടി നിർത്തി ഇനി സമവായത്തിൻെറ വഴിയെ കേരള സർവകലാശാല. ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു കിടക്കുന്നത് സർക്കാരിന് തിരിച്ചടിയാകും. സമവായ നീക്കത്തിന് മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങും. ഇനി ഗവർണറും കൂടി തയാറായാൽ സർക്കാരിൻെറ അവസാന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാം

വിസിയെ തടയും എന്ന് അറിയിച്ചിരുന്നെങ്കിലും എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം പോയിട്ട് മുദ്രാവാക്യം വിളിപോലുമുണ്ടായില്ല. 

New Update
images(1219)

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്കും അദ്ദേഹം നിയോഗിച്ച വൈസ് ചാൻസലർമാർക്കും എതിരെ നടന്ന സമരകോലാഹലങ്ങൾ അവസാനിപ്പിച്ച് സമവായത്തിൻെറ വഴി സ്വീകരിക്കാൻ സർക്കാർ. 

Advertisment

സർവകലാശാലകൾ സമരകേന്ദ്രങ്ങളായി മാറുന്നതും ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു കിടക്കുന്നതും സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അനുരഞ്ജനത്തിൻെറ പാത വെട്ടിത്തുറക്കാൻ സർക്കാരും സി.പി.എമ്മും തീരുമാനിച്ചത്.


സമവായത്തിൻെറ പാത സ്വീകരിക്കാൻ പാർട്ടി സെക്രട്ടേറിയേറ്റും സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സമവായ നീക്കത്തിന് മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങും. സർവകലാശാലകളിലെ പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി ഗവർണറെ കാണും.


ഗവർണർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ചർച്ച നടത്താനാണ് ആലോചന. ചാൻസലർ പദവിയിലിരിക്കുന്ന ഗവർണറുമായി രമ്യതയുണ്ടാക്കാതെ സർവകലാശാലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനാവില്ലെന്ന തിരിച്ചറിവിൽ കൂടിയാണ് പുതിയ നീക്കം.

ഗവർണറുമായുളള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന.ആവശ്യമെങ്കിൽ ചാൻസിലറായ ഗവർണറുമായി സംസാരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും അറിയിച്ചിട്ടുണ്ട്. 


സമവായ വഴി സ്വീകരിക്കാൻ ഗവർണറും തയാറാൽ സർക്കാരിൻെറ അവസാന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് വിലയിരുത്തൽ. 


സമവായപാത സ്വീകരിക്കാൻ സർക്കാരും സി.പി.എമ്മും തീരുമാനിച്ചതോടെ, കുറച്ച് നാളായി സമരകേന്ദ്രമായിരുന്ന കേരള സർവകലാശാല ഇന്ന് ശാന്തമായിരുന്നു. 20 ദിവസത്തിന് ശേഷം സർവകലാശാലാ ആസ്ഥാനത്ത് എത്തിയ താൽക്കാലിക വൈസ് ചാൻസല‌ർ ഡോ.മോഹനൻ കുന്നുമ്മൽ എത്തിയ ദിവസമായിട്ടും പ്രതിഷേധമോ സമരമോ ഉണ്ടായില്ല.

വിസിയെ തടയും എന്ന് അറിയിച്ചിരുന്നെങ്കിലും എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം പോയിട്ട് മുദ്രാവാക്യം വിളിപോലുമുണ്ടായില്ല. 


സർക്കാരുമായി ആശയവിനമയം നടത്തിയശേഷമാണ് വി.സി സർവകലാശാലയിൽ എത്തിയതെന്ന് ഉന്നത വിദ്യഭ്യാസമന്ത്രി ഡോ.ആർ.ബിന്ദുവിൻെറ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുകകയും ചെയ്തു.


സർവകലാശാലയിലെത്താൻ വൈസ് ചാൻസിലറോട് നിർദ്ദേശിച്ചിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.സർവകലാശാലയിൽ എത്തിയതിന് ശേഷം വി.സി മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക കൂടി ചെയ്തതോടെ സർക്കാരിൻെറ സമവായ നീക്കം കൂടുതൽ വ്യക്തമായി.

മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് വി.സി കൂടിക്കാഴ്ച നടത്തിയത്.വി.സി സസപെന്റ് ചെയ്ത രജിസ്ട്രാ‍‌ർ കെ.എസ്.അനിൽകുമാറിൻെറ കാര്യത്തിലും സർക്കാർ വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്ന് സൂചനയുണ്ട്.


രജിസ്ട്രാറായി അനിൽകുമാർ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ആക്കാര്യത്തിൽ തീരുമാനം പിന്നീട് പറയുമെന്നുമാണ് മന്ത്രി ആർ ബിന്ദുവിൻെറ പ്രതികരണം. 


വൈസ് ചാൻസലറുമായുളള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി കേരള സർവകലാശാലാ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളുമായും ചർച്ച നടത്തി. വി.സിയുമായുളള ചർച്ചയിലെ വിവരങ്ങൾ സിൻഡിക്കേറ്റ് അംഗങ്ങളെ അറിയിച്ച് സമവായ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. 

സർക്കാരിൻെറ സമവായ നീക്കങ്ങളോട് സഹകരിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങളും വ്യക്തമാക്കി.സിൻഡിക്കേറ്റ് യോഗം വിളിക്കാതെ പ്രശ്ന പരിഹാരം ഉണ്ടാകില്ലെന്നും അത് വിളിക്കേണ്ടത് വിസിയാണെന്നുമാണ് സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളുടെ നിലപാട്.


വിവാദങ്ങളും തർക്കങ്ങളും സർവകലാശാലയ്ക്ക് ദോഷമായി വരുമെന്നും ആർക്കും പ്രയാസമില്ലാത്ത തരത്തിൽ പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് സമവായ നീക്കങ്ങളെപ്പറ്റിയുളള സർക്കാരിൻെറ പ്രതികരണം.


സർവകലാശാല നിയമങ്ങൾ എല്ലാവരും അംഗീകരിച്ചു പോകണം.വൈസ് ചാൻസലർക്ക്  പിടിവാശി ഉണ്ടെന്ന് തോന്നുന്നില്ല.സർക്കാർ മുട്ടുമടക്കുകയാണോ അല്ലയോ എന്നതല്ല വിഷയം. സർവകലാശാലയിലെ വിഷയങ്ങൾക്ക്  പരിഹാരം കാണുക എന്നതാണ് പ്രധാനം.

കേരള സർവകലാശാലയിൽ സമാധാനം പുലരാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കും.അതിൻെറ ഭാഗമായാണ് പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

സമവായനീക്കത്തോടെ കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവിക്കൊടി ഏന്തിയ ഭാരതാംബാ ചിത്രവിവാദത്തിന് പിന്നാലെ ആരംഭിച്ച അച്ചടക്കനടപടികൾക്കും പ്രതിഷേധങ്ങൾക്കും താൽക്കാലിക ശമനമായിരിക്കുകയാണ്. 20 ദിവസത്തെ ഇടവേളക്ക് ശേഷം സർവകലാശാലയിൽ എത്തിയ വിസി 1838 ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിസി ഒപ്പിട്ടു. 

Advertisment