ജനകീയ ശുചീകരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

തെരുവുനായ നിയന്ത്രണത്തിന് ഏറെ പരിമിതികൾ  നിലനിൽക്കുമ്പോഴും പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക വഴി തെരുവുനായ ശല്യവും പകർച്ചവ്യാധികളും കുറയ്ക്കാനാകും. 

New Update
518375406_1309332170550031_777742772747059559_n-560x416

തിരുവനന്തപുരം: വൃത്തിയുള്ള പൊതുവിടങ്ങൾ സൃഷ്ടിക്കുന്നതിനായി എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. 

Advertisment

മാലിന്യ സംസ്‌കരണത്തിലും ശുചിത്വ പരിപാലനത്തിലുമെല്ലാം കേരളം കൈവരിക്കുന്ന മാതൃകാപരമായ നേട്ടങ്ങൾ  സുസ്ഥിരമായി നിലനിർത്തുകയാണ് ജനകീയ ശുചീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.


തെരുവുനായ നിയന്ത്രണത്തിന് ഏറെ പരിമിതികൾ  നിലനിൽക്കുമ്പോഴും പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക വഴി തെരുവുനായ ശല്യവും പകർച്ചവ്യാധികളും കുറയ്ക്കാനാകും. 


കേരളത്തിന്റെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ ഹരിത കർമ്മസേനയുടെ പങ്ക് വലുതാണ്. ഒരു വർഷം കൊണ്ട് 1.26 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശരിയായ സംസ്‌കരണത്തിന് വിധേയമാക്കാൻ സാധിച്ചു. 

ജൈവമാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റുകളും നിർമ്മിച്ചു. ഇവിടത്തെ മാലിന്യ സംസ്‌കരണവും ഹരിത കർമ്മസേനയുടെ പ്രവർത്തനവും പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉന്നതല സംഘങ്ങൾ കേരളത്തിൽ എത്തുന്നു. 


ഇത്തവണത്തെ സ്വച്ഛ് സർവേയിൽ വടക്കാഞ്ചേരി ഉൾപ്പെടെ 23 നഗരസഭകൾ സ്റ്റാർ അംഗീകാരം നേടി. 


കഴിഞ്ഞവർഷം 1370 നു മുകളിൽ ഉണ്ടായിരുന്ന കേരളത്തിലെ നഗരസഭകളുടെ റാങ്കിംഗ് ഈ വർഷം നൂറിൽ താഴെ എട്ടു നഗരസഭകളും ആയിരത്തിനു താഴെ ഭൂരിപക്ഷം നഗരസഭകളും റാങ്ക് നേടിയതായും മന്ത്രി കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി താലൂക്ക് ഓഫീസ് പരിസരം മന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ച് ജനകീയ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 


മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകൾ പൊതുവിട ശുചീകരണ ദിനമായും മൂന്നാമത്തെ വെള്ളിയാഴ്ച്ചകൾ വിദ്യാലയങ്ങളുടേയും സ്ഥാപനങ്ങളുടേയും ശുചീകരണദിനമായും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


വടക്കാഞ്ചേരി കെ.പി.എൻ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ഭൂരിപക്ഷം തദ്ദേശഭരണസ്ഥാപനങ്ങളിലും ഇന്ന് പൊതുവിട ശുചീകരണ പരിപാടികൾ നടന്നു.

Advertisment