സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

ആറ് പുതിയ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്.

New Update
1549

തിരുവനന്തപുരം: കാർഷികോല്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡ് 2024  - ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 

Advertisment

ആറ് പുതിയ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്.

ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ.


കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുഖേന നൽകുന്ന അവാർഡുകളിലേക്ക് കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാം. 


പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതം അപേക്ഷ നൽകണം. 

കൃഷി ഭവനുകളിൽ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 23 ആണ്. 


അവാർഡ് ജേതാക്കളായ കർഷകരെ ആഗസ്റ്റ് 17ന് കർഷകദിനത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ ആദരിക്കും. 


കൂടുതൽ വിവരങ്ങൾക്ക്:  www.keralaagriculture.gov.in.

Advertisment