/sathyam/media/media_files/2025/07/24/7138-2025-07-24-21-02-55.jpg)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിൻെറ സ്ഥാപക നേതാവുമായ വി.എസ്.അച്യുതാനന്ദൻെറ വിയോഗ വാർത്തയറിഞ്ഞ് ആദരാഞ്ജലി അർപ്പിക്കാനും ഒരു നോക്ക് കാണാനും തടിച്ചു കൂടിയ ജനലക്ഷങ്ങൾ നൽകുന്ന സന്ദേശം എന്തെന്നത് പാർട്ടിയിൽ ചർച്ചയാകുന്നു.
6 വർഷമായി പൊതു രംഗത്തില്ലാതിരിക്കുകയും സാന്നിധ്യം അറിയിക്കാൻ ഒരു പ്രസ്താവന പോലും ഇറക്കാതിരിക്കുകയും ചെയ്ത 102 വയസുകാരൻെറ ഭൗതിക ശരീരം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും കൗമാരം പിന്നിടാത്ത കുട്ടികൾ ഉൾപ്പെടെ ഇടിച്ചുകയറിയത് സി.പി.എം നേതൃത്വത്തെയും എൽ.ഡി.എഫ് നേതാക്കളെയും ഒരുപോലെ അത്ഭുത പരതന്ത്രരാക്കിയിരിക്കുകയാണ്.
ഇപ്പോഴത്തെ കൗമാരക്കാർ ബാല്യത്തിലായിരിക്കുന്ന ഘട്ടത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയ നേതാവാണ് വി.എസ്.എന്നിട്ടും കുട്ടികൾ ഉൾപ്പെടെ ഇത്രയേറെ ജനങ്ങൾ വലിയ വികാര വായ്പോടെ വി.എസിനെ കാണാനെത്തിയത് എന്തുകൊണ്ടാവുമെന്ന ചിന്ത നേതാക്കളെ കുഴക്കുന്നുണ്ട്.
ഒരു കാലത്ത് പാർട്ടി നേതൃത്വം തന്നെ വികസന വിരോധിയെന്നും പാർട്ടി വിരുദ്ധ മാനസികാവസ്ഥയുളളയാളെന്നും നിന്ദിച്ച നേതാവിനാണ് ഇവ്വിധം ജനാംഗീകാരം ലഭിച്ചിരിക്കുന്നത്.
വി.എസ് ഉയർത്തിയ രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങൾ ശരിയാണെന്ന് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് അദ്ദേഹത്തെ കാണാൻ ഓരോ കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്.
വി.എസ് ആയിരുന്നു ശരി എന്ന് ഒരിക്കൽ കൂടി ആർത്തലച്ച് പറയുന്ന ജനത പാർട്ടിക്കും സർക്കാരിനും നൽകുന്ന സന്ദേശം എന്താണെന്നതാണ് നേതാക്കളുടെ ആശങ്ക.
തുടർ ഭരണത്തൻെറ തണലിൽ പാർട്ടിയുടെ താഴെത്തട്ട് മുതൽ മുതൽ മേൽത്തട്ടിൽ വരെ പുതിയ അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവും വളർന്നുവന്നിട്ടുണ്ട്.
9 കൊല്ലം പിന്നിട്ട ഭരണം ശരിയായ ഇടതുപക്ഷ പാതയിലല്ലെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പല നടപടികളിലും ലാളിത്യവും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും കാണാൻ ഇല്ലെന്ന വിമർശനവും ശക്തമാണ്.
ഇതിനെല്ലാം എതിരെ, ഇടതുപക്ഷത്തെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്ന ജനവിഭാഗം നൽകിയ ശക്തമായ താക്കീതാണ് വി.എസിന് ലഭിച്ച വൈകാരിക യാത്രയയപ്പെന്നാണ് പാർട്ടി-ഭരണ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവരോട് വിമർശനം സൂക്ഷിക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കുന്ന വർഷത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ നൽകിയ ശക്തമായ മുന്നറിയിപ്പായും വി.എസിന് ലഭിച്ച അനിതരസാധാരണമായ യാത്രയയപ്പെന്നും വിലയിരുത്തുന്ന നേതാക്കളുണ്ട്.
വി.എസിൻെറ വിലാപയാത്രയിലും അന്തിമ ചടങ്ങുകളിലും നെഞ്ചുലക്കുന്ന മുദ്രാവാക്യങ്ങൾ
മുഴക്കിയവർ മുഖ്യമന്ത്രി പിണറായി വിജയനോട് രാഷ്ട്രീയ -സംഘടനാ വിഷയങ്ങളിൽ എതിർപ്പ് സൂക്ഷിക്കുന്നവരാണെന്ന് ആരോപിക്കുന്നവരുമുണ്ട്.
അതെപ്പറ്റി തർക്കം ഉണ്ടാകാമെങ്കിലും പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് രാത്രിയെന്നോ പകലെന്നോ നോക്കാതെ വി.എസിന് അന്തിമാഞ്ജലി അർപ്പിക്കാൻ ജനലക്ഷങ്ങൾ തടിച്ച് കൂടിയതിൽ ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന നിരീക്ഷണത്തോട് പൊതുവിൽ എല്ലാവരും യോജിക്കുന്നുണ്ട്.
ഇപ്പോൾ തന്നെ വിവിധ ചേരികൾ നിലവിലുളള സി.പി.എമ്മിൽ, പാർട്ടിയിലും ഭരണത്തിലും ശുദ്ധീകരണം വേണമെന്ന ആവശ്യമുയർത്തി പുതിയ പോർമുഖം തുറക്കാൻ അവസരമാകുമോ ഇതെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
വി.എസ് അന്തരിച്ച വാർത്തക്ക് പിന്നാലെ മുൻ മന്ത്രിയും ആലപ്പുഴയിൽ വി.എസിൻെറ അയൽക്കാരനുമായ ജി.സുധാകരൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് പ്രവചന സ്വഭാവമുളളതാണ്.''
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇനിയങ്ങോട്ടുള്ള മുന്നേറ്റത്തിൽ ബംഗാളിലും ത്രിപുരയിലും അടക്കം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തിരിച്ചുവരണമെങ്കിൽ വിഎസിന്റെ പോരാട്ട രീതികൾ അവലംബിക്കുക അല്ലാതെ മറ്റ് യാതൊരു മാർഗ്ഗവുമില്ല.
കേരള രാഷ്ട്രീയത്തിൽ തന്നെ വിഎസിന്റെ വിയോഗം പല സംഭവ വികാസങ്ങൾക്കും വഴി വെക്കാം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗം പലതരത്തിലുള്ള ചലനങ്ങൾക്കും വഴിയൊരുക്കാം.'' ജി.സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു.
വി.എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷവും സംസ്കാരം നടന്ന ആലപ്പുഴ വലിയ ചുടുകാട്ടിലേക്ക് ജനപ്രവാഹമാണ്. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഒന്നുകാണാനോ, അന്തിമാഞ്ജലി അർപ്പിക്കാനോ കഴിയാതിരുന്നവരാണ് ഇന്ന് ചുടുകാട്ടിലേക്ക് വന്നത്.
വിദൂര ദേശങ്ങളിൽ ആയിപ്പോയത് കൊണ്ട് സംസ്കാര ചടങ്ങിന് മുൻപ് എത്താൻ കഴിയാതെ പോയവരും ഇന്ന് ആലപ്പുഴയിലേക്ക് വന്നവരിലുണ്ട്.
വി.എസ് നിത്യനിദ്രയിലേക്ക് പോയ മണ്ണിൽ സങ്കടത്തോടെ അൽപ്പ നേരം നിന്നും അദ്ദേഹത്തെ കുറിച്ചുളള ഓർമ്മ പങ്കുവെച്ചുമാണ് ആളുകൾ മടങ്ങുന്നത്.വി.എസിൻെറ മകനും മകളും മറ്റ് കുടുംബാംഗങ്ങളും
ഇന്ന് സംസ്കാരം നടന്ന സ്ഥലത്തെത്തിയിരുന്നു.തിരുവനനന്തപുരത്ത് നിന്ന് 22 മണിക്കൂർ സമയമെടുത്താണ് വി.എസിൻെറ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുളള വിലാപയാത്ര മുതൽ ആലപ്പുഴയിൽ എത്തിച്ചേർന്നത്.