/sathyam/media/media_files/2025/07/25/images1407-2025-07-25-21-57-20.jpg)
തിരുവനന്തപുരം: കൊടുംകുറ്റവാളികളെ താമസിപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ ജയിലുകളിൽ വൻ സുരക്ഷാ പഴുതുകളാണ്. സെൻട്രൽ ജയിലുകളിൽ ബോഡി സ്കാനർ ഇല്ല. പകരം തടവുകാരുടെ ബാഗുകൾ സ്കാൻ ചെയ്യാനുള്ള ചെറിയ സ്കാനർ മാത്രമാണുള്ളത്.
ഈ പഴുത് മുതലെടുത്ത് തടവുകാർ ദേഹത്ത് ഒളിപ്പിച്ച് മൊബൈലും ബാറ്ററിയും ബ്ലേഡുമടക്കം ജയിലിലേക്ക് കടത്തുന്നു. മിക്കയിടത്തും മെറ്റൽ ഡിറ്റക്ടറുകൾ പ്രവർത്തിക്കുന്നില്ല.
വിഡിയോ കോൺഫറൻസിങ് സംവിധാനം ഫലപ്രദമല്ലാത്തതിനാൽ തടവുകാരെ കോടതികളിൽ ഹാജരാക്കാനും മറ്റും പുറത്തേക്ക് കൊണ്ടുപോകേണ്ടിവരും. ഈ സമയത്താണ് മൊബൈൽ അടക്കമുള്ളവ ജയിലിലേക്ക് കടത്തുന്നത്.
ജയിൽകവാടത്തിൽ ദേഹപരിശോധനയ്‌ക്ക് ആളുകുറവാണ്. ദേഹപരിശോധനയ്‌ക്ക് സ്‌കാനറോ എക്സ്‌റേ സംവിധാനമോ ഇല്ല. ഇതെല്ലാം മുതലെടുത്ത് ഫോണുകളും ബാറ്ററികളും ലഹരിവസ്തുക്കളും ആയുധങ്ങളും കടത്തുന്നു.
പൂജപ്പുര ജയിലിൽ അടക്കം വിവിധ സെൻട്രൽ ജയിലുകളിലെ വിവിധ ബ്ലോക്കുകളിൽ സിസിടിവി നിരീക്ഷണം ഫലപ്രദമല്ല. സിസിടിവി കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ ആളില്ല. ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് എല്ലായിടത്തെയും പരാതി.
സബ്ജയിലുകളിലും ജില്ലാ ജയിലുകളിലും സുരക്ഷാ സംവിധാനങ്ങൾ തീരെ കുറവാണ്. സംസ്ഥാനത്തെ ജയിലുകളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതി പൂർണമായിട്ടില്ല.
മൊബൈൽ ജാമറുകൾ സ്ഥാപിച്ച് ജയിലിലെ ഫോൺവിളി തടയാനുള്ള പദ്ധതിയും ഫലം കണ്ടിട്ടില്ല. ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടാക്കുകയാണ് പതിവ്.
സ്പെക്ട്രം ജാമറുകൾ ഉപയോഗിക്കാൻ ആലോചിച്ചെങ്കിലും പ്രദേശവാസികൾക്ക് ആർക്കും മൊബൈൽ സേവനം ലഭ്യമാവില്ലെന്നതിനാൽ നടപ്പായില്ല.
അതേസമയം ഗോവിന്ദച്ചാമിയെ ഇനി മാറ്റുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ തടവുകാരെ പരിശോധിപ്പിക്കാൻ ഫുൾബോഡി സ്കാനർ, ബാഗേജ് സ്കാനർ, ബയോ മെട്രിക് വെരിഫിക്കേഷൻ പവർ ഫെൻസിങ്, കംപ്യൂട്ടർവൽക്കൃത ഡേറ്റ മാനേജ്മെന്റ്, 15 മീറ്റർ ഉയരത്തിൽ നാലു നൈറ്റ് വിഷൻ വാച്ച് ടവർ, ഹൈ ബീം സെർച്ച് ലൈറ്റ്, ഇരുനൂറ്റിയൻപതിലേറെ സിസിടിവി ക്യാമറകൾ, വിഡിയോ കോൺഫറൻസിങ് സംവിധാനം, തടവുകാരുടെ മനഃപരിവർത്തനത്തിനു മനഃശാസ്ത്ര ലാബുകൾ, സായുധ കാവൽ, പ്രത്യേക ട്രാൻസ്ജെൻഡർ ബ്ലോക്ക് എന്നിവയെല്ലാമുണ്ട്.
ഋഷിരാജ് സിംഗ് ജയിൽ ഡിജിപിയായിരിക്കെ വിമാനത്താവളങ്ങളിൽ സുരക്ഷയൊരുക്കുന്ന അത്യാധുനിക സ്‌കാനറും ലോഹഭാഗങ്ങൾ കണ്ടെത്തുന്ന ഡിറ്റക്ടറുകളും സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നതാണ്.
കഞ്ചാവും ലഹരിവസ്‌തുക്കളും സ്‌മാർട്ട്ഫോണുകളും ആയുധങ്ങളും ശരീരഭാഗങ്ങളിലൊളിപ്പിച്ച് ജയിലിലേക്ക് കടത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം.
ഡോർഫ്രെയിം മൾട്ടിപർപ്പസ് മെറ്റൽഡിറ്റക്‌ടർ, എക്സ്‌റേ ബാഗേജ് ഇൻസ്‌പെക്‌ഷൻസിസ്റ്റം, മൊബൈൽ ഫോണുകളും ആയുധങ്ങളും കണ്ടെത്താനുള്ള സെക്യൂരിറ്റിപോൾ എന്നിവയ്ക്ക് അനുമതിയായിരുന്നെങ്കിലും ഫലപ്രദമായില്ല.
തടവുകാരൻ ജയിൽ കവാടത്തിലെത്തുമ്പോൾ ഡോർഫ്രെയിം മൾട്ടി പർപ്പസ് മെറ്റൽ ഡിറ്റക്‌ടർ ശരീരത്തെ മൂന്നായി തിരിച്ച് സ്‌കാൻ ചെയ്യുമായിരുന്നു.
ശരീരത്തിൽ എന്തെങ്കിലും രഹസ്യമായി ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ സ്ക്രീനിൽ തെളിയും. ചിത്രത്തിന്റെ പ്രിന്റൗട്ട് ഫയലിൽ സൂക്ഷിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർക്ക് കണ്ണടയ്‌ക്കാനാവില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുപയോഗിക്കുന്ന ഈ സംവിധാനത്തിന് രണ്ടര കോടിയാണ് വില.
മൊബൈൽ ഫോൺ ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടാക്കുന്നതിനാലാണ് സെക്യൂരിറ്റി പോൾഫോർ സെൽഫോൺ ആൻഡ് ഫെറസ് മെറ്റൽ ഡിറ്റക്‌ഷൻ സിസ്റ്റം സ്ഥാപിക്കുന്നത്. നാലടിക്കുള്ളിൽ മൊബൈൽഫോൺ പ്രവർത്തിച്ചാൽ ഈ ഉപകരണം ശബ്ദമുണ്ടാക്കും.
സെല്ലുകളിൽ ആയുധങ്ങളും ലോഹഭാഗങ്ങളും കണ്ടെത്താനും കഴിയും. മൊബൈൽഫോൺ ചാർജ് ചെയ്യുന്നതും പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും കണ്ടെത്താനാണ് ജംഗ്ഷൻ ഡിറ്റക്ടർ. വൈദ്യുതി കേബിളുകൾ മുറിച്ച് ഫോൺചാർജ് ചെയ്യുന്നതും കണ്ടെത്താം.
എന്നാൽ ഇതെല്ലാം കടലാസിൽ മാത്രമായി ഒതുങ്ങി. ജയിലുകളിലെ സുരക്ഷാ പാളിച്ച ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും ജയിൽ മേധാവിയും പങ്കെടുക്കും. സംസ്‌ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം ഉദ്യോഗസ്‌ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണം എന്നിവ വിലയിരുത്തും.