/sathyam/media/media_files/2025/07/25/images1410-2025-07-25-23-52-29.jpg)
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഭേദിച്ച് കൊടും ക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു.
ജയിലിലെ സുരക്ഷാ വീഴ്ച തുറന്നുകാട്ടപ്പെട്ട സാഹചര്യത്തിലാണ് ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി ജയിൽ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും സുരക്ഷ യോഗത്തിൽ അവലോകനം ചെയ്യും.
സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ,അഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം എന്നതാണ് ഉന്നത ഉദ്യോഗസ്ഥർ ജയിൽ വകുപ്പിന് നൽകിയിരിക്കുന്ന റിപോർട്ട്.
കഴിഞ്ഞ 9 മാസമായി നടത്തിയ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് റിപോർട്ടിൽ പറയുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ളോക്കായ 10ബിയിലെ പത്തൊൻപതാം നമ്പർ സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.
ഈ സെല്ലിലെ അഴികൾ കഴിഞ്ഞ 9മാസമായി അൽപ്പാൽപ്പമായി രാകി മുറിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ.ജയിൽ മുറിയുടെ 3 അഴികളാണ് രാകി മുറിച്ചത്.
ജയിലിൽ മരപ്പണിക്കാരിൽ നിന്ന് മോഷ്ടിച്ചെടുത്ത ആക്സോ ബ്ളേഡ് ഉപയോഗിച്ചാണ് അഴികൾ രാകിക്കൊണ്ടിരുന്നത്. ജയിലഴിയുടെ അടിഭാഗമാണ് മുറിച്ചുകൊണ്ടിരുന്നത്. രാത്രി 1മണിയോടെയാണ് മൂന്ന് കമ്പികളും മുറിച്ച് തീർന്നത്.
കമ്പി മുറിച്ച് മാറ്റിയശേഷം തലപുറത്തേക്കിട്ടാണ് സെല്ലിന് പുറത്തേക്കിറങ്ങിയത്.ഇതേപ്പറ്റി സെല്ലിലെ സഹതടവുകാർക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുമെന്ന് ഗോവിന്ദച്ചാമി തന്നെ സഹ തടവുകാരോട് പറയുകയും ചെയ്തിരുന്നു.
എന്നാൽ ആക്രമണ സ്വഭാവമുളള ഗോവിന്ദച്ചാമി ഉപദ്രവിക്കുമോയെന്ന് ഭയന്ന് സഹ തടവുകാർ ഇത് ജയിലുദ്യോഗസ്ഥരോട് പറഞ്ഞില്ല.സെല്ലിലെ സഹതടവുകാരൻ കൊലക്കേസ് പ്രതിയായ തെന്നി സുരേഷിൻെറ സഹായവും ലഭിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
അഴികൾ മുറിക്കുന്നതിനാണ് സുരേഷ് ഗോവിന്ദച്ചാമിയെ സഹായിച്ചത്. എന്നാൽ ഗോവിന്ദച്ചാമിക്കൊപ്പം ജയിൽ ചാടാൻ തെന്നി സുരേഷ് വിസമ്മതിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ജയിൽ ഉദ്യോഗസ്ഥർ തടവ് ചാടിയതെങ്ങനെയെന്ന് കണ്ടെത്തിയത്.
ജയിൽ ചാട്ടത്തിന് വേണ്ടി ഗോവിന്ദച്ചാമി 9 മാസമായി നടത്തി വന്ന ആസൂത്രണത്തെപ്പറ്റി ഉദ്യോഗസ്ഥർക്ക് ഒരു സൂചന പോലും ലഭിക്കാതിരുന്നത് അതിശയകരമാണ്.
ജയിൽ കമ്പി രാകി മുറിക്കുന്നതിൻെറ ശബ്ദം കേൾക്കാതിരുന്നതും അതീവ സുരക്ഷാ സെല്ലിൽ പരിശോധനയില്ലെന്നതിൻെറ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.സംസ്ഥാനത്തെ കണ്ണൂർ ഉൾപ്പെടെയുളള പല ജയിലുകളിലും രാഷ്ട്രീയ കുറ്റവാളികളുടെ മേധാവിത്വമാണ്.
പല ബ്ളോക്കുകളിലും ജയിൽ ഉദ്യോഗസ്ഥർക്ക് കടന്നുചെല്ലാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും ഇപ്പോൾ വ്യക്തമായി. സെല്ലിൽ ഇരുന്ന് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രാഷ്ട്രീയ തടവുകാരുടെ രീതി.
കർശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിരന്തരം പരാതിനൽകി ബുദ്ധിമുട്ടിക്കുന്നതും പതിവാണ്. ഒരുവിഭാഗം ജയിൽഉദ്യോഗസ്ഥർ രാഷ്ട്രീയതടവുകാരുടെ സഹായികളായി പ്രവർത്തിക്കുന്നതും സുരക്ഷാ വീഴ്ചക്ക് കാരണമാകുന്നുണ്ട്.
ടി.പി കേസിലെ പ്രതികളായ കൊടിസുനിക്കും കിർമാണി മനോജിനും അണ്ണൻ സിജിത്തിനും ടി.കെ.രജീഷിനുമെല്ലാം ജയിലിൽ വിഐപി പരിഗണനയാണ് ലഭിക്കുന്നത്. ആവശ്യം ഉന്നയിച്ചാൽ ഉടൻ ഇവരെ ജയിൽ മാറ്റുകയും ചെയ്യുന്നുണ്ട്.
ഈ അവസ്ഥക്ക് മാറ്റംവരാതെ സെൻട്രൽ ജയിലിലെ സുരക്ഷ കുറ്റമറ്റതാക്കാൻ കഴിയില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.ഇതെല്ലാം മുഖ്യമന്ത്രി വിളിക്കുന്ന ഉന്നതതല യോഗത്തിൻെറ പരിഗണനക്ക് വരുമോയെന്നാണ് അറിയാൻ ഉളളത്.
സുരക്ഷാ വീഴ്ചക്കും രാഷ്ട്രീയ ഇടപെടലിനുമൊപ്പം ആവശ്യമായ ജീവനക്കാരില്ലാത്തതും ജയിലുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ്.
സുരക്ഷയൊരുക്കാൻ തക്കവണ്ണമുളള ഉദ്യോഗസ്ഥർ സംസ്ഥാനത്തെ ഒരു ജയിലിലുമില്ല.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമായി 10500 ഓളം പുരുഷ തടവുകാരുണ്ട്. വനിതാ ജയിലുകളിൽ ആയിരത്തിലേറെ തടവുകാരുമുണ്ട്. ജയിലുകൾക്ക് ഉൾക്കൊളളാവുന്നതിൻെറ ഇരട്ടിയിലധികം തടവുകാരാണ് മിക്ക ജയിലുകളിലുമുളളത്.
6 തടവുകാർക്ക്, ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് ജീവനക്കാർ വേണമെന്നാണ് ജയിൽ ചട്ടം അനുശാസിക്കുന്നത്.എന്നാൽ ചട്ടങ്ങളൊക്കെ കാറ്റിൽപ്പറത്തിയാണ് ഓരോ ജയിലും പ്രവർത്തിക്കുന്നത്.
ജയിലുകളിലെ ഇപ്പോഴത്തെ തടവുകാരുടെ എണ്ണം കണക്കാക്കുമ്പോൾ ജയിൽ ചട്ടം അനുസരിച്ച് സുരക്ഷ ചുമതലയ്ക്ക് 5187 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണ്ടതുണ്ട്.
എന്നാൽ ഈ തസ്തികയിലുളളത് 1284 ജീവനക്കാർ മാത്രം.3 അസിസ്റ്റൻെറ് പ്രിസൺ ഓഫീസർമാർക്ക് 1 എന്ന തോതിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും വേണം. അതനുസരിച്ച് 1729 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ വേണമെന്നാണ് കണക്ക്.
എന്നാൽ എല്ലാ ജയിലുകളിലുമായി ആകെ 447 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയുളളു.തടവുകാരെ നിരീക്ഷിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കുകയും ചെയ്യേണ്ട ജയിൽ ഉദ്യോഗസ്ഥരെ മറ്റ് ജോലികൾക്കായി നിയോഗിക്കുന്നതും പതിവാണ്.
ജയിലുകളെ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങളായി മാറ്റുന്നതിൻെറ ഭാഗമായി ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന വ്യവസായ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
ഇതുകൂടാതെ പെട്രോൾ പമ്പ്, കഫറ്റേരിയ, ബ്യൂട്ടി സലൂൺ, കൃഷി തുടങ്ങിയവയുടെ മേൽനോട്ടവും ജയിൽ ജീവനക്കാർക്കുണ്ട്.ഇതെല്ലാം ചെയ്ത് തീർക്കണമെങ്കിൽ 24 മണിക്കൂറും ജോലി ചെയ്യേണ്ടതായുണ്ട്.
സുരക്ഷ ഒരുക്കേണ്ട ജീവനക്കാർ വ്യവസായ സംരംഭങ്ങൾക്ക് പോകുമ്പോഴാണ് ജയിൽചാട്ടം പോലുളള പാളിച്ചകൾ ഉണ്ടാകുന്നതെന്നാണ് ജീവനക്കാരുടെ പരാതി