തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഏതുമാകട്ടെ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ചിഹ്നം പ്രധാനമാണ്.
അതുകൊണ്ട് തന്നെ തദ്ദേശ ത്തിരഞ്ഞെടുപ്പിൽ ചില പാർട്ടികൾ ചിഹ്നമില്ലാതെ തലകുത്തി വീണേക്കും.
തദ്ദേശത്തിരഞ്ഞെടുപ്പിന് മുന്നോടിലയായി ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങിയെങ്കിലും ചില കക്ഷികൾ ആശങ്കയിലാണ്.
പ്രധാനമായും ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിക്കുകയും പിളർന്ന് മാറുകയും ചെയ്ത ജെ.ഡി.യു, എൻ.സി.പി എന്നീ കക്ഷികൾക്കാണ് ആശയക്കുഴപ്പമുള്ളത്.
സ്വന്തം ചിഹ്നം കിട്ടുകയില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന ചിഹ്നം കൊണ്ട് തൃപ്തിപ്പെടുകയും വേണം.
ജെ.ഡി.യുവിന്റെ ചിഹ്നമായ അമ്പ്, എൻ.സി.പി.യുടെ ചിഹ്നമായ ക്ലോക്ക് എന്നിവ ഔദ്യോഗിക പക്ഷങ്ങൾക്കാവും അനുവദിക്കുക.
സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളുള്ള രണ്ട് പാർട്ടികൾക്കാണ് ഈ അധോഗതിയുള്ളത്.
ജെ.ഡി.യുവിന്റെ മന്ത്രിയായി കെ.കൃഷ്ണൻകുട്ടിയും, എൻ.സി.പി മ്രന്തിയായി ശശീന്ദ്രനും നിലവിലുണ്ടെങ്കിലും ഫലമൊന്നുമില്ല.
അതുകൊണ്ട് തന്നെ അവർക്ക് പുതിയ ചിഹ്നമാവും ഇക്കുറി അനുവദിക്കുക. ദേശീയ പാർട്ടികളായ കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, ആം ആദ്മി, നാഷനൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി) എന്നിവർക്കും സംസ്ഥാന പാർട്ടികളായ സി.പി.ഐ, മുസ്ലീം ലീഗ്, ആർ.എസ്.പി, ജെ.ഡി.എസ്, കേരളകോൺഗ്രസ് എം എന്നിവർക്ക് അതത് ചിഹ്നം തന്നെ ലഭിക്കും.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച കേരളകോൺഗ്രസ് ജോസഫിന്റെ ചിഹ്നമായ ഓട്ടോറിക്ഷയ്ക്ക് പകരം ഇക്കുറി കമ്മീഷൻ അനുവദിച്ചിരിക്കുന്നത് കസേരയാണ്.
എന്നാൽ തങ്ങൾ മുമ്പ് മത്സരിച്ച ചിഹ്നമായ ഓട്ടോറിക്ഷ ആർക്കും അനുവദിച്ചിട്ടില്ലാത്തതിനാൽ തന്നെ ചിഹ്നം അനുവദിക്കാമെന്ന കമ്മീഷൻ ഉറപ്പ് നൽകിയതായാണ് പാർട്ടി എം.എൽ.എയായ മോൻസിന്റെ വാദം.
കേരളകോൺഗ്രസ് എം അവരുടെ ചിഹ്നമായ രണ്ടിലയിൽ തന്നെ മത്സരിക്കും. ഉദയസൂര്യനാണ് കേരളകോൺഗ്രസ് (ബി)യുടെ ചിഹ്നമെങ്കിൽ നക്ഷത്രം സി.എം.പി സ്വന്തമാക്കി.
കേരള കോൺഗ്രസ് ജേക്കബ്ബിന് അനുവദിച്ചിരിക്കുന്നത് ബാറ്ററി ടോർച്ചാണ്. കടന്നപ്പള്ളിയുടെ കോൺഗ്രസ് സെക്കുലറിന് കയ്ഫലമുള്ള തെങ്ങ് ചിഹ്നമായി നൽകിയെങ്കിൽ കേരള കോൺഗ്രസ് സെക്യുലറിന്റെ ചിഹ്നം ഇലക്ട്രിക്ക് ബൾബാണ്.
ജനാധിപത്യ കേരള കോൺരഗസിന്റെ ചിഹ്നം സ്‌കൂട്ടറാണ്. ഐ.എൻ.എല്ലിന് ത്രാസും 20-20ക്ക് മാങ്ങയും അനുവദിച്ചപ്പോൾ എൽ.ജെ.പിയുടെ ചിഹ്നം ബംഗ്ലാവാണെന്ന കൗതുകവും നിലനിൽക്കുന്നു.