തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാചരക്ക് ആയി മാറും. വിവാദ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ വെട്ടിലായി പാലോട് രവി. കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടതിനു പിന്നാലെ ഡി.സി.സി അധ്യക്ഷ പദവി രാജി വച്ചൊഴിയേണ്ടിവന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ തുറന്നു പറച്ചിൽ. പാലോട് രവിയുടെ സംഭാഷണത്തിൽ ദുരുദ്ദേശം ഇല്ലെന്ന് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ

നേതൃത്വത്തിൻെറ താൽപര്യം വ്യക്തമായതോടെയാണ് പാലോട് രവി രാജിക്കത്ത് കൈമാറിയത്.പാലോട്  രാജി ആവശ്യപ്പെടാനുള്ള തീരുമാനം നേതാക്കൾ ഒരുമിച്ചെടുത്തതാണെന്നാണ് പുറത്തുവരുന്ന സൂചന.

New Update
images(1434)

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ പാലോട് രവി രാജിവെച്ചു. കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു രാജി. 

Advertisment

തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എടുക്കാചരക്ക് ആകുമെന്ന ഫോൺ സംഭാഷണം ചോർന്നതാണ് പുന:സംഘടനക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാലോട് രവിക്ക് രാജിവെച്ച് പുറത്ത് പോകേണ്ടി വന്നത്.

നിയമസഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഉച്ചികുത്തി വീഴുമെന്നും മൂന്നാം തവണയും സി.പി.എം ഭരണത്തിൽ വരുമെന്നുമായിരുന്നു പാലോട് രവി പ്രാദേശിക നേതാവിനോട് ഫോണിൽ പറഞ്ഞത്.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് വൻതോതിൽ നാണക്കേട് ഉണ്ടാക്കിയ പ്രതികരണത്തോട് സന്ധിയില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻെറ നിലപാട്. 


പാലോട് രവിക്ക് ശ്രദ്ധ കുറവ് ഉണ്ടായത് കൊണ്ടാണ് രാജിവെച്ചതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിൻെറ പ്രതികരണം. 


രാജി വെക്കുന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ച നടന്നുവെന്ന് സ്ഥിരീകരിച്ച സണ്ണിജോസഫ് രാജി ചോദിച്ച് വാങ്ങിയതാണോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

പാലോട് രവി രാജിസന്നദ്ധത അറിയിച്ചെന്നും രാജി തന്നപ്പോൾ അത് സ്വീകരിച്ചുവെന്നുമാണ് സണ്ണി ജോസഫിൻെറ പ്രതികരണം.


പാലോട് രവിയുടെ സംഭാഷണത്തിൽ ദുരുദ്ദേശം ഇല്ലായിരുന്നു. ‌ഭിന്നിച്ച് നിന്ന പ്രവർത്തകനെ ഉത്തേജിപ്പിക്കാനാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നുമാണ് സണ്ണി ജോസഫിൻെറ ന്യായീകരണം.


എന്നാൽ ഇതൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതാണെന്ന് ഏതാണ്ട് വ്യക്തമാണ്. ദീർഘകാലമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന, ഡെപ്യൂട്ടി സ്പീക്കറും എം.എൽ.എയും ഒക്കെയായിരുന്ന പാലോട് രവിയെ പോലൊരു നേതാവിൽ നിന്ന് ഇത്തരമൊരു പക്വതയില്ലാത്ത പ്രതികരണം ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു എന്നാണ് കെ.പി.സി.സി നേതൃത്വത്തിലെ പൊതുവികാരം.

അതുകൊണ്ടാണ് തെറ്റായ പരാമർശം നടത്തിയ പാലോട് രവിക്കെതിരെ നടപടി എടുക്കുന്നകാര്യം നേതൃത്വം ഗൗരവമായി ചർച്ച ചെയ്തത്. അധ്യക്ഷസ്ഥാനം രാജിവെക്കാത്ത പക്ഷം നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം പാലോട് രവിക്ക് മുന്നറിയിപ്പു നൽകിയിരുന്നു.


നേതൃത്വത്തിൻെറ താൽപര്യം വ്യക്തമായതോടെയാണ് പാലോട് രവി രാജിക്കത്ത് കൈമാറിയത്.പാലോട്  രാജി ആവശ്യപ്പെടാനുള്ള തീരുമാനം നേതാക്കൾ ഒരുമിച്ചെടുത്തതാണെന്നാണ് പുറത്തുവരുന്ന സൂചന.


രാജി തന്നെ വേണമെന്ന നിർദേശം കെ.പി.സി.സി അധ്യക്ഷനാണ് മുന്നോട്ട് വെച്ചത്.സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളുമായെല്ലാം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇക്കാര്യം ഫോണിൽ സംസാരിച്ചു.വിഷയത്തിൻെറ ഗൗരവവും നടപടി എടുക്കാതെപോയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും എ.ഐ.സി.സി നേതൃത്വത്തെയും ബോധ്യപ്പെടുത്തി.

ഇതേതുടർന്നാണ് പാലോട് രവിയോട് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന.പാലോട് രവിയുമായുളള ഫോൺ സംഭാഷണം ചോർത്തി പുറത്തെത്തിച്ച
വാമനപുരം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എ.ജലീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.


സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ  ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് ജലീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.


എന്നാൽ പാലോട് രവിയുടെ രാജിയെക്കുറിച്ച് കെ.പി.സി.സിയുടെ വാർ‍ത്താക്കുറിപ്പിൽ വിശദീകരണമൊന്നുമില്ല. ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 

വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാർട്ടിക്കുള്ളിൽ  വലിയ വിമർശനം ഉയർന്നിരുന്നു.


പ്രവർത്തകരുടെ ആത്മവീര്യം തകരാതിരിക്കുന്നതിന് വേണ്ടിയാണ്  തിടുക്കത്തിൽ തീരുമാനം എടുത്തതെന്നാണ്  നേതൃത്വത്തിന്റെ വിശദീകരണം.


കെ.പി.സി.സി ജനറൽ സെക്രട്ടറി തലത്തിലും ഡി.സി.സി അധ്യക്ഷ തലത്തിലും പുന:സംഘടന ഉടൻ നടക്കാനിരിക്കുന്നതിനാൽ പാലോട് രവിയുടെ രാജി ആവശ്യപ്പെട്ട് പുറത്താക്കിയത് കൊണ്ട് പ്രശ്നമൊന്നുമില്ലെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.

ഒരാഴ്ച്ചക്കകം പുന:സംഘടന നടക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.പുന:സംഘടനയിൽ സ്ഥാനം നഷ്ടപ്പെടുന്നതിൻെറ അമർഷമാണ് പാലോട് രവി പ്രാദേശിക നേതാവുമായി നടത്തിയ സംഭാഷണത്തിൽ പ്രകടിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.

പാലോട് രവിയുടെ പകരക്കാരനായി ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.എന്നാൽ സീനിയർ നേതാക്കളെന്ന നിലയിൽ വി.എസ്.ശിവകുമാറിൻെറ പേരും സജീവ പരിഗണനയിലുണ്ട്.

Advertisment