തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകി.
പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ.ശക്തന് ചുമതല നൽകിയത്. ചുമതല ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
വിവാദ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് പാലോട് രവി രാജിവെക്കുന്നത്. രവി രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ് ആലോചനകൾ തുടങ്ങി.
പുനഃസംഘടനക്കൊപ്പം ആയിരിക്കും തിരുവനന്തപുരത്തും പുതിയ ഡിസിസി അധ്യക്ഷൻ വരിക. അതുവരെയാണ് ശക്തന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എം. വിൻസെന്റ് എം.എൽ.എയുടെ പേരാണ് പ്രധാനമായും കേൾക്കുന്നത്.
ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. പാലോട് രവിയോട് കെപിസിസി നേതൃത്വം രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി.
ഇതിനെ ജില്ലയിലെ ഭൂരിഭാഗം നേതാക്കളും സ്വാഗതം ചെയ്യുന്നുണ്ട്.. എന്നാൽ സദുദ്ദേശത്തോടെ പറഞ്ഞതാണെന്നും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്നുമാണ് പാലോട് രവിയെ അനുകൂലിക്കുന്ന ചെറിയ ഒരു വിഭാഗത്തിന്റെ നിലപാട്.
ഒരു മാസത്തിനുള്ളിൽ പുനഃസംഘടന നടക്കാനിരിക്കെ അതിനൊപ്പം പാലോട് രവിയേയും മാറ്റുകയായിരുന്നു നല്ലതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.