തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണീഷ്‌മെന്റ് നൽകണമെന്ന വിമർശന വിവാദത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി മുൻ എം.പിയും എം.എൽ.എയുമായ കെ.സുരേഷ് കുറുപ്പ് രംഗത്ത്.
ഒരു പ്രമുഖ ദിനപത്രത്തിൽ വി.എസിനെ കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പിലാണ് വിഷയം അദ്ദേഹം അവതരിപ്പിക്കുന്നത്.
വി.എസ് ഇറങ്ങിപ്പോയ ആലപ്പുഴ സമ്മേളനത്തിലും സമാന രീതിയിൽ അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിക്കപ്പെട്ടുവെന്നാണ് സുരേഷ്‌ക്കുറുപ്പ് വ്യക്തമാക്കുന്നത്.
വി.എസിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി.എസിന് കാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞുവെന്നും ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെയാണ് വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങിയതെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നത്.
ഏകനായി, ദുഃഖിതനായി, പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയെന്നും ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ലെന്നുമാണ് കുറുപ്പ് എഴുതിയിട്ടുള്ളത്.
മലപ്പുറം സമ്മേളനത്തിന് പിന്നാലെ വി.എസ് പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും വി.എസിനെ ഉപേക്ഷിച്ചുവെന്നും സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നുണ്ട്.
മലപ്പുറം സമ്മേളനത്തിൽ സുർജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വി.എസിന്റെ പിന്തുണയുള്ള പാനൽ മത്സരിച്ചു. പരാജയം ഏറ്റുവാങ്ങി. പിന്നീടുള്ള വി.എസിന്റെ ഒറ്റപ്പെടൽ ദുസഹമായിരുന്നു.
പക്ഷേ അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വി.എസിന് പ്രശ്‌നമല്ല.
തന്റെ നിലപാടുകളിൽ നിന്നും അണുവിട പിന്നോട്ടില്ല. തലയുയർത്തി, മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ച് പുന്നപ്ര-വയലാർ സമരകാലത്ത് എന്നപോലെ, അദ്ദേഹം മുന്നോട്ടു പോയി' എന്നാണ് ഓർമ്മക്കുറിപ്പിലുള്ളത്.
വി.എസിന്റെ നിര്യാണത്തെ തുടർന്ന് പിരപ്പൻകോട് മുരളി ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിൽ 2012ലെ തിരുവനന്തപുരം സമ്മേളനത്തിൽ എം.സ്വരാജ് വി.എസിന് ക്യാപിറ്റൽ പണീഷ്‌മെന്റ് നൽകണമെന്ന വാദമുയർത്തിയ കാര്യം പരാമർശിച്ചിരുന്നു.
തുടർന്ന് ഇത് വിവാദമായതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത് ശുദ്ധ അസംബന്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിൽ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ കൂടി പുറത്ത് വന്നതോടെ സി.പി.എം സംസ്ഥാന നേതൃത്വം കൂടുതൽ ്രപതിരോധത്തിലായി.
ഇതിനിടെ വി.എസ് അങ്ങനെ വിമർശനം ഏറ്റുവാങ്ങിയില്ലെങ്കിൽ പൊതുസമ്മേളനത്തിൽ അദ്ദേഹം അതിന് എന്തുകൊണ്ട് മറുപടി നൽകിയെന്ന ചോദ്യവും പിരപ്പൻകോട് മുരളി ഉയർത്തിയിരുന്നു. ഇതിന് സി.പി.എം സംസ്ഥാന നേതൃതവം ഉത്തരം നൽകിയിട്ടില്ല.
ഇതിന് പുറമേ 1996-ൽ മാരാരിക്കുളത്ത് പാർട്ടിയിലെ ഒരു വിഭാഗം വി.എസ്. അച്യുതാനന്ദനെ മനപ്പൂർവം തോൽപിച്ചതാണെന്നും അന്ന് മാരാരിക്കുളത്ത് വിജയിച്ച കോൺഗ്രസ് എം.എൽ.എ പി.ജെ. ഫ്രാൻസിസ് ആണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പിരപ്പൻകോട് മുരളി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങൾ കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും താൻ പ്രതീക്ഷിക്കാത്ത പല ആളുകളും അതിലുണ്ടായിരുന്നെന്നും പിരപ്പൻകോട് മുരളി പറഞ്ഞു.
സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആ ശ്രമമൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ എൽ.ഡി.എഫ് വിജയിച്ചതിന് പിന്നാലെ വി.എസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം താൻ മുന്നോട്ടുവെച്ചിരുന്നെന്നും അതിന് പിന്നാലെയാണ് തന്നെ സി.പി.എം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയതെന്നും മുരളി തുറന്നടിച്ചിരുന്നു. ഇതിനൊന്നും നേതൃത്വം മറുപടി നൽകിയിട്ടില്ല.