/sathyam/media/media_files/YgdR2PKEmbsW1opIaY2Y.jpg)
തിരുവനന്തപുരം: പാലോട് രവിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണത്തിന് കെപിസിസി.
കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ശബ്ദരേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും.
ശബ്ദരേഖ വിവാദമാക്കിയതിന് പിന്നില്‍ ജില്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം.
പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന നിലയ്ക്കാണ് താന്‍ സംസാരിച്ചതെന്നും, ശബ്ദരേഖയുടെ മുഴുവന്‍ ഭാഗങ്ങളും പുറത്തു വിടണമെന്നും പാലോട് രവി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ വിശദീകരണത്തില്‍ സൂചിപ്പിച്ചിരുന്നു.
പാര്‍ട്ടിയിലെ വിഭാഗീയതയാണ് ശബ്ദരേഖ ഇപ്പോള്‍ വിവാദമാകാന്‍ കാരണമെന്നും, ഓഡിയോ പ്രചരിച്ചതിന് പിന്നില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്തണമെന്നും പാലോട് രവി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദമായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും.
തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും.
കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി അഭിപ്രായപ്പെട്ടിരുന്നു.