വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ കോൺ​ഗ്രസ് ഉച്ചികുത്തി വീഴും. വിവാദ ഫോൺ സംഭാഷണത്തിൽ അന്വേഷണം വരുന്നു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ചോർത്തിയതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി കെ.പി.സി.സി. അന്വേഷണ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന്. പ്രാദേശിക തലത്തിലുളള പടലപ്പിണക്കമാണ് ഫോൺ സംഭാഷണം ചോർത്താൻ കാരണമെന്നാണ് കോൺ​ഗ്രസിന്റെ വിശ്വാസം

പുതിയ കാലത്ത് വ്യക്തികളുമായി സംസാരിക്കുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതയും ജാഗ്രതയും പാലിച്ചില്ലെന്നതാണ് പാലോട് രവിക്ക് പിണഞ്ഞ അബദ്ധം. 

New Update
images(1475)

തിരുവനന്തപുരം: മുൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ചോർത്തിയതിനെക്കുറിച്ച് കെ.പി.സി.സി അന്വേഷിക്കും. ഫോൺ സംഭാഷണം റെക്കോ‍ഡ് ചെയ്ത് ചോർത്തിയതിനെ കുറിച്ച്  അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. 

Advertisment

കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കാണ് പാ‍ർട്ടിക്ക് നാണക്കേടുണ്ടാക്കിയ ഫോൺസംഭാഷണ ചോർച്ചയുടെ അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം നടത്തി റിപോർട്ട് നൽകാനാണ് നിർ‍ദ്ദേശം.


പ്രാദേശിക തലത്തിലുളള പടലപ്പിണക്കമാണ് ഫോൺ സംഭാഷണം രേഖപ്പെടുത്തി ചോർത്താൻ ഇടയാക്കിയതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ പ്രാഥമിക നിഗമനം. 


വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി എ.ജലീലുമായുളള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് ചോർന്നത്. ബ്ളേക്ക് പ്രസിഡന്റും ജലീലും തമ്മിലുളള തർ‍ക്കം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി ആയിരുന്നു സംഭാഷണം.

ജലീലിനെ അനുനയിപ്പിക്കാൻ നടത്തിയ സംസാരത്തിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പോടെ പാർട്ടി ഉച്ചികുത്തി വീഴുമെന്നും പാർട്ടിയെ കാത്തിരിക്കുന്നത് അധോഗതിയാണെന്നും പാലോട് രവി പറഞ്ഞത്.


പുതിയ കാലത്ത് വ്യക്തികളുമായി സംസാരിക്കുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതയും ജാഗ്രതയും പാലിച്ചില്ലെന്നതാണ് പാലോട് രവിക്ക് പിണഞ്ഞ അബദ്ധം. 


ഈ ജാഗ്രത കുറവിൻെറ പേരിലാണ് കെ.പി.സി.സി നേതൃത്വം അദ്ദേഹത്തിൻെറ രാജി ചോദിച്ച് വാങ്ങിയത്. 

പാലോട് രവി നടത്തിയ സംഭാഷണത്തിൽ തെറ്റായ പരാമർശങ്ങൾ ഉണ്ടെങ്കിലും സംഭാഷണത്തിലെ ഉദ്ദേശശുദ്ധിയിൽ നേതൃത്വത്തിന് സംശയമില്ല.


എന്നാൽ സംഭാഷണം ചോർന്ന് പൊതുമധ്യത്തിലെത്തിയതോടെ നടപടിയെടുക്കുകയല്ലാതെ പാർട്ടി നേതൃത്വത്തിന് മുന്നിൽ മറ്റുമാർഗങ്ങൾ ഉണ്ടായിരുന്നില്ല.


അതാണ് പുന:സംഘടന വരെ കാത്തിരിക്കാൻ കൂട്ടാക്കാതെ പാലോട് രവിയോട് രാജി ആവശ്യപ്പെട്ടത്.

ജില്ലാ അധ്യക്ഷ പദവിയിൽ നിന്ന് അർഹിച്ച രീതിയിലല്ല പുറത്തായതെങ്കിലും ഡി.സി.സിയെ നയിക്കുന്നയാൾ എന്ന നിലയിലുളള  പാലോട് രവിയുടെ പ്രവർത്തനത്തിൽ നേതൃത്വത്തിന് തീരെ മതിപ്പില്ല.


തദ്ദേശഭരണ തിരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടത്താൻ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നഗരസഭ കേന്ദ്രീകരിച്ച് ബി.ജെ.പി വലിയ പ്രവർത്തനമാണ് നടത്തുന്നത്. 


സംഘടാന-രാഷ്ട്രീയ ഒരുക്കങ്ങൾ ബി.ജെ.പി പലവട്ടം പൂർത്തിയാക്കിയെങ്കിലും ഒരു റൗണ്ട് പ്രവർത്തനം പോലും നടത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നാണ് പാർട്ടിക്കുളളിലെ ആക്ഷേപം. സി.പി.എം നഗരസഭാ മേഖലയിൽ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. 

40 സീറ്റുകളിൽ ജയം ഉറപ്പാക്കാനുളള പ്രവർത്തനം പൂർത്തിയാക്കിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.എന്നാൽ പത്ത് സീറ്റ് പോലും കിട്ടുന്ന പ്രവർത്തനം നടത്താൻ പാലോട് രവി നയിച്ച തിരുവനന്തപുരം ഡി.സി.സിക്ക് കഴിഞ്ഞിട്ടില്ല. 


തദ്ദേശ തിരഞ്ഞെടുപ്പിനെ പ്രവർ‍ത്തകരുടെ തിരഞ്ഞെടുപ്പായി കണക്കാക്കി മുന്നൊരുക്കം നടത്തണമെന്ന് എ.ഐ.സി.സി നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ ദിശയിൽ ഏറെയൊന്നും മുന്നോട്ട് പോകാൻ തിരുവനന്തപുരം ഡി.സി.സിക്ക് കഴിഞ്ഞിട്ടില്ല.


തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.സി.സി ഓഫീസിൽ വാർ റൂം സജ്ജികരിച്ച് ഉൽഘാടനം നടത്തിയ പാലോട് രവി തികഞ്ഞ പ്രഹസനമാണ് കാഴ്ചവെച്ചതെന്നും ആക്ഷേപമുണ്ട്.

കൊട്ടിഘോഷിച്ച് തയാറാക്കിയ വാർ റൂമിൽ ഒരു എക്സ്റ്റൻഷൻ ഫോൺ പോലും ഉണ്ടായിരുന്നില്ല. വാർ റൂം കാട്ടിക്കൊടുക്കാൻ കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ വരെ കൊണ്ടുവന്നിടത്താണ് ഒരു ഫോൺ പോലും ഉണ്ടാകാതിരുന്നത്.‌‌


ജില്ലയിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരരംഗത്തേക്ക് വരുന്നതിലും പാലോട് രവിയുടെ നേതൃത്വത്തിന് കഴിഞ്ഞില്ല. 


മുതലപ്പൊഴി അഴിമുഖത്ത് അപകടങ്ങൾ പതിവായിട്ടും അവസാനഘട്ടത്തിൽ മാത്രമാണ് കോൺഗ്രസ് സമരരംഗത്തേക്ക് വന്നത്.

മുതലപ്പൊഴി അടങ്ങുന്ന പെരുമാതുറ മേഖലയിൽ ഏറെ സ്വാധീനമുളള നേതാവ് മാസങ്ങളായി നടപടി നേരിട്ട് പുറത്ത് നിൽക്കുകയാണ്.


ജനസ്വാധീനമുളളയാളും സമരമുഖങ്ങളിലെ തീപ്പൊരിയുമായ ആ നേതാവിനെ തിരികെ കൊണ്ടുവരുന്നതിന് ഒരു ഇടപെടലും ഡി.സി.സി നേതൃത്വത്തിൽ നിന്നുണ്ടായില്ല.


ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടപടി പിൻവലിച്ചെങ്കിലും കെ.സുധാകരൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ അത് മരവിപ്പിച്ചു.ഇങ്ങനെ പാലോട് രവിയുടെ നേതൃത്വത്തിൽ നിന്നുണ്ടായത് നിരവധി വീഴ്ചകളാണ്. 

ഇതിൻെറ പേരിൽ പാലോട് രവിയെ ജില്ലാ നേതൃത്വത്തിൽ നിന്ന് മാറ്റേണ്ടതായിരുന്നെങ്കിലും അത് ഉണ്ടായില്ല.

ഇതിനൊക്കെയുളള ശിക്ഷയാണ് ഫോൺസംഭാഷണം ചോർന്നതിലൂടെ ഒരുമിച്ച് അനുഭവിക്കേണ്ടി വന്നതാണ് തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അടക്കംപറച്ചിൽ.

Advertisment