രാഷ്ട്രീയക്കളി തുടർന്നാൽ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിനെ ഗവർണർ പിരിച്ചുവിടും. ഗുരുതര ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പിരിച്ചുവിടാനുള്ള പരാതി ഗവർണർക്ക് മുന്നിൽ. വി.സിയുടെ റിപ്പോർട്ട് നിർണായകം. സിൻഡിക്കേറ്റിന്റെ രാഷ്ട്രീയക്കളിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ രാജൻ ഗുരുക്കൾ. ഗുരുക്കളുടെ ലേഖനം മുഖ്യമന്ത്രിയുടെ അറിവോടെ. ലക്ഷ്യം ഗവർണറെ അനുനയിപ്പിക്കൽ. നീറിപ്പുകഞ്ഞ് കേരള യൂണിവേഴ്സിറ്റിയിലെ ഭാരതാംബ വിവാദം

വി.സിയെ ന്യായീകരിച്ചും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളെ കുറ്റപ്പെടുത്തിയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ രാജൻ ഗുരുക്കൾ രംഗത്തെത്തിയത് സർക്കാരിനും സി.പി.എമ്മിനും ക്ഷീണമായിരുന്നു.

New Update
kerala university

തിരുവനന്തപുരം: രാഷ്ട്രീയക്കളി തുടർന്നാൽ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിനെ പിരിച്ചുവിടാൻ ചാൻസലറായ ഗവ‌ർണർക്ക് അധികാരമുണ്ട്.

Advertisment

ഭരണപരമായ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരള സർവകലാശാലാ സിൻഡിക്കേറ്റിനെ പിരിച്ചുവിടണമെന്ന് ഗവർണർ ആർ.വി ആർലേക്കർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ പരാതി നൽകിക്കഴിഞ്ഞു.


പരാതിയിന്മേൽ വൈസ്ചാൻസലറുടെ അഭിപ്രായം ഗവർണർ തേടും. വി.സിയുടെ റിപ്പോർട്ട് എതിരായാൽ സിൻഡിക്കേറ്റിനെ സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനുമൊക്കെ കേരള സർവ്വകലാശാലാ നിയമത്തിലെ സെക്ഷൻ 7(4) പ്രകാരം ഗവർണർക്ക് അധികാരമുണ്ട്.


ഗവർണർ പങ്കെടുത്ത സെനറ്റ് ഹാളിലെ സ്വകാര്യ ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചെന്ന കാരണത്താൽ പരിപാടിക്ക് നൽകിയിരുന്ന അനുമതി രജിസ്ട്രാർ റദ്ദാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ഗവർണർ വേദിയിൽ ഇരിക്കവേയാണ് ചടങ്ങിനുള്ള അനുമതി റദ്ദാക്കിയെന്ന് രജിസ്ട്രാർ രാജ്ഭവനിലേക്ക് ഇ-മെയിൽ അയച്ചത്. ഗവർണറോട് അനാദരവ് കാട്ടിയതിന് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി.സി സസ്പെൻഡ് ചെയ്തു.

എന്നാൽ സസ്പെൻഷൻ അംഗീകരിക്കാൻ രജിസ്ട്രാർ കൂട്ടാക്കിയിട്ടില്ല. സിൻഡിക്കേറ്റ് പ്രത്യേക യോഗം ചേർന്ന് രജിസ്ട്രാറെ തിരിച്ചെടുത്തു. എന്നാൽ ഇതിന് നിയമസാധുതയില്ലെന്ന് വി.സി വ്യക്തമാക്കി.


രജിസ്ട്രാർ ഓഫീസിൽ കടക്കുന്നത് വി.സി വിലക്കിയെങ്കിലും അത് കൂട്ടാക്കാതെ എല്ലാ ദിവസവും രജിസ്ട്രാർ ഓഫീസിൽ വരുന്നുണ്ട്. ഇതിനിടെ, മന്ത്രി ആർ.ബിന്ദു വി.സിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 


വി.സിയെ ന്യായീകരിച്ചും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളെ കുറ്റപ്പെടുത്തിയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ രാജൻ ഗുരുക്കൾ രംഗത്തെത്തിയത് സർക്കാരിനും സി.പി.എമ്മിനും ക്ഷീണമായിരുന്നു.

എന്നാൽ ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇംഗ്ലീഷ് പത്രത്തിൽ ഗുരുക്കളുടെ ലേഖനം വന്നതെന്നാണ് അറിയുന്നത്. ഇതിനിടെയാണ് സിൻഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള പരാതി ഗവർണർക്ക് മുന്നിലെത്തിയത്.

സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ നിയമപരമായ നടപടിക്രമങ്ങൾ മറികടക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഗവർണർക്ക് ലഭിച്ച പരാതിയിലുണ്ട്.


വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ നിയമവിരുദ്ധമായി തിരിച്ചെടുത്തു. 


ഡോ. അനിൽകുമാർ രജിസ്ട്രാറുടെ ഓഫീസ് കൈയടക്കുകയും സർവ്വകലാശാലയുടെ ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റത്തിലേക്ക് പ്രവേശനം നേടുകയും ചെയ്തു.

വി.സി രജിസ്ട്രാറുടെ ചുമതല നൽകിയ ഡോ. മിനി കാപ്പന് ചുമതല കൈമാറിയില്ല. ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണവും അഡ്മിൻ അവകാശങ്ങളും രാഷ്ട്രീയ പിന്തുണയുള്ള നോഡൽ ഓഫീസർമാരുടെ പക്കലാണ്.

ഇത് വൈസ് ചാൻസലർക്ക് പ്രധാന ഭരണപരമായ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്.


സർവകലാശാലയിലെ സെക്ഷനുകൾ കൈയടക്കിയ എസ്.എഫ്.ഐ സമരത്തിന് സിൻഡിക്കേറ്റ് അംഗങ്ങളുടെയും സസ്പെൻഡ് ചെയ്ത രജിസ്ട്രാറുടെയും പിന്തുണയുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ പ്രവേശനവും ഫയൽനീക്കവും സ്തംഭിച്ചു. 


അക്കാഡമിക് ജോയിന്റ് രജിസ്ട്രാർ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഹരികുമാർ, വൈസ് ചാൻസലറുടെ ഉത്തരവുകൾ ലംഘിച്ച് ഇപ്പോഴും ഓഫീസിൽ തുടരുകയാണ്.

 നിലവിലെ സിൻഡിക്കേറ്റ് പിരിച്ചുവിട്ട്, നിയമവാഴ്ചയും സുതാര്യതയും പുനഃസ്ഥാപിച്ച്, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭാവിയും സർവ്വകലാശാലയുടെ സത്യസന്ധതയും സംരക്ഷിക്കാൻ ചാൻസലർ ഇടപെടണമെന്നാണ് ആവശ്യം.

ബിരുദ സർട്ടിഫിക്കറ്റുകൾക്കുള്ള ആയിരത്തിലേറെ അപേക്ഷകൾ യൂണിവേഴ്സിറ്റിയിൽ കെട്ടിക്കിടന്നത് വി.സി തീർപ്പാക്കിയിരുന്നു.

എന്നാൽ രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് കൈമാറാത്തതിനാൽ രജിസ്ട്രാർ വഴി ഫയലുകൾ വി.സിക്ക് ലഭിക്കുന്നില്ല.


സസ്പെൻഷനിലുള്ള ഡോ.അനിൽകുമാർ അയയ്ക്കുന്ന ഫയലുകളൊന്നും വി.സി പരിഗണിക്കില്ല. പകരം ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നേരിട്ട് ഫയൽ അയയ്ക്കാനുള്ള അനുമതി വി.സി നൽകിയിട്ടുണ്ട്. അത്യാവശ്യ ഫയലുകളെല്ലാം ഇത്തരത്തിൽ നേരിട്ട് അയയ്ക്കുന്നുണ്ട്. 


ഗുരുതര ഭരണ പ്രതിസന്ധിയാണ് യൂണിവേഴ്സിറ്റിയിൽ നിലവിലുള്ളത്. വിദ്യാർത്ഥികളുടെ അപേക്ഷകളെല്ലാം തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നു. മിക്ക സെക്ഷനുകളും കാര്യമായി പ്രവർത്തിക്കുന്നില്ല.

മാസങ്ങളായി തുടരുന്ന ഭരണപ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ കേരളത്തിന്റെ മാതൃസർവകലാശാലയായ കേരള യൂണിവേഴ്സിറ്റിയുടെ സൽപ്പേരിനെ ബാധിക്കും.

ഗവർണറും സർക്കാരും ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ നടത്താത്തതാണ് പ്രശ്നമാവുന്നത്. 

Advertisment