കിലോയ്ക്ക് 700രൂപയെത്തിയതോടെ വെളിച്ചെണ്ണ വിപണിയിൽ അടിമുടി മായം. വെളിച്ചെണ്ണയിൽ കലർത്തുന്നത് പെട്രോളിയം ഉൽപന്നമായ പാരഫിൻ ഓയിലും എണ്ണപ്പനയുടെ കുരുവിൽ നിന്നെടുക്കുന്ന കെ‍ർനൽ ഓയിലും. വൻവില കൊടുത്ത് നമ്മൾ വാങ്ങുന്നത് മായം കലർന്ന വെളിച്ചെണ്ണ. വിപണിയിലുള്ളത് കേരയോട് സാമ്യമുള്ള 62 ബ്രാൻഡുകൾ. ഓണക്കാലത്ത് വില ഇനിയും കുതിക്കുമെന്ന് മുന്നറിയിപ്പ്. ആഫ്രിക്കയിൽ നിന്ന് കൊപ്ര എത്തിക്കാനടക്കം ഒരു നടപടിയുമെടുക്കാതെ കൈയുംകെട്ടി സർക്കാർ

ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ, ലിറ്ററിന് 157 രൂപ മുതൽ 185 രൂപ വരെ വില ഉയർന്നു. ബ്രാൻഡഡ് സൺഫ്ലവർ ഓയിലിന് ലിറ്ററിന് 165 രൂപ മുതൽ 195 രൂപ വരെയാണ് വില.

New Update
coconut oil

തിരുവനന്തപുരം : വെളിച്ചെണ്ണ വില 700ന് അടുത്തായിട്ടും വിലക്കയറ്റം തടയാനും കരിഞ്ചന്ത അവസാനിപ്പിക്കാനും യാതൊരു നടപടിയുമെടുക്കാതെ അലംഭാവം കാട്ടുകയാണ് സർക്കാർ.

Advertisment

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നടക്കം കൊപ്ര ഇറക്കുമതി ചെയ്യാൻ കേന്ദ്രാനുമതി തേടാനടക്കം സർക്കാരിന് മുന്നിൽ നിരവധി വഴികളുണ്ടെങ്കിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒരു ഇടപെടലും സർക്കാർ നടത്തുന്നില്ല.


കേരളത്തിൽ മാത്രമല്ല, ലോകമാകെ ഭക്ഷ്യ എണ്ണകൾക്ക് വില കൂടുകയാണെന്ന ന്യായം പറഞ്ഞ് നടപടികളെടുക്കാതെ കൈ കഴുകുകയാണ് സർക്കാരും ഭക്ഷ്യ വകുപ്പും. 


മുൻപ് ഇങ്ങനെയൊരു വിലക്കയറ്റം തടയാൻ പാമോയിൽ ഇറക്കുമതി ചെയ്തതിലെ അഴിമതികളും അതേത്തുടർന്നുണ്ടായ കേസുകളും രാഷ്ട്രീയ കോളിളക്കങ്ങളും കണക്കിലെടുത്താണ് സർക്കാരിന്റെ ഈ അലംഭാവമെന്നും സൂചനയുണ്ട്.

എന്നാൽ വിദേശത്ത് നിന്ന് കൊപ്രയെത്തിച്ച് സർക്കാരിന്റെ കേര പോലുള്ള പ്ലാന്റുകളിൽ വെളിച്ചെണ്ണയുണ്ടാക്കി ന്യായവിലയ്ക്ക് ജനങ്ങൾക്ക് എത്തിച്ചു നൽകുകയാണ് വേണ്ടതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

വെളി‌ച്ചെണ്ണയ്ക്ക് മാത്രമല്ല, മറ്റെല്ലാ ഭക്ഷ്യ എണ്ണകൾക്കും വില കുതിച്ചുയരുകയാണ്. ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വില 700നടുത്താണ്.


പരമാവധി വിൽപ്പന വില ആയി 695 രൂപയാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപവരെ ആണ്. 


വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റ് പാചക എണ്ണകളുടെ വിലയും ഉയർന്നിട്ടുണ്ട്. ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ, ലിറ്ററിന് 157 രൂപ മുതൽ 185 രൂപ വരെ വില ഉയർന്നു. ബ്രാൻഡഡ് സൺഫ്ലവർ ഓയിലിന് ലിറ്ററിന് 165 രൂപ മുതൽ 195 രൂപ വരെയാണ് വില.

നല്ലെണ്ണയ്ക്ക് ലിറ്ററിന് 390 രൂപ മുതൽ 450 രൂപ വരെയും വിലയായി. കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുമെന്ന പ്രതീക്ഷയിൽ സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം. സപ്ലൈകോയിൽ വെളിച്ചെണ്ണ വന്നിട്ട് മാസങ്ങളായി.

ഓണക്കാലമാകുമ്പോഴെങ്കിലും സർക്കാർ ഇടപെട്ട് വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരളീയർ.


വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകളടക്കം മായം കലർത്തുന്നത് വർദ്ധിച്ചിട്ടുണ്ട്.  


അമിതലാഭത്തിനുവേണ്ടി കെർനൽ ഓയിൽ ചേർക്കുന്നതാണ് ഏറ്റവും ഗുരുതരം. എണ്ണപ്പനയുടെ കുരുവിൽ നിന്ന് എടുക്കുന്നതാണു കെ‍ർനൽ ഓയിൽ.

ശരാശരി 150 രൂപയാണു വില. വെളിച്ചെണ്ണ വില ഉയർന്നതോടെ കെർനൽ ഓയിലിന്റെ വിൽപന വർധിച്ചെന്ന വിവരമാണു സംശയത്തിനു കാരണം. വെളിച്ചെണ്ണയിൽ കെർനൽ ഓയിൽ ചേർത്താൽ തിരിച്ചറിയാൻ പ്രയാസമായിരിക്കും.


150രൂപ വിലയുള്ള കെർനൽ ഓയിലിനൊപ്പം വെളിച്ചെണ്ണയുടെ മണവും നിറവും ലഭിക്കാനുള്ള എസൻസുകളും ചേർത്താണ് ലിറ്ററിന് 700രൂപ വരെ ഈടാക്കിയുള്ള വിൽപ്പന. 


പെട്രോളിയം ഉൽപന്നമായ പാരഫിൻ ഓയിൽ വെളിച്ചെണ്ണയിൽ ചേർക്കുന്നതായി സംശയമുണ്ട്. ഇത് ഗുരുതര രോഗങ്ങൾക്ക് കാരണമാവുന്നതാണ്. 

കേരളത്തിൽ നിന്നു തേങ്ങ സംഭരിച്ചു തമിഴ്നാട്ടിലും കർണാടകയിലും എത്തിച്ച് ഉണക്കി സംസ്കരിക്കുന്നുണ്ട്. ആ സംസ്ഥാനങ്ങളിൽ വച്ചു വെളിച്ചെണ്ണയിൽ മായം കലർത്തുന്നതായാണ് സംശയം.

ഓണക്കാലമെത്തിയതോടെ വില ഇനിയും കൂടാനാണ് സാദ്ധ്യത. ഇത് മുന്നിൽക്കണ്ട് വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സർക്കാരിനും കഴിയുന്നില്ല.


കൊപ്ര സംഭരണത്തിലടക്കം കാര്യമായി ഇടപെടാൻ സർക്കാരിനാവുന്നില്ല. 2000 മെട്രിക് ടൺ കൊപ്ര ഓർഡർ നൽകിയതിൽ, 200 മെട്രിക് ടൺ (10%) മാത്രമേ കരാറുകാർ വിതരണം ചെയ്തുള്ളൂ. 


കരാറുകാരുടെ വീഴ്ചയാണ് കൊപ്ര സംഭരണത്തിൽ കുറവ് ഉണ്ടാക്കിയത് എന്നാണ് സർക്കാരിന്റെ വിശദീകരണം.

കർഷക കേന്ദ്രീകൃതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ മിൽമ മാതൃകയിലാണ് കേരാഫെഡ് ആദ്യം രൂപകൽപന ചെയ്യപ്പെട്ടത്.

അഫിലിയേറ്റഡ് പിഎസിഎസുകളും മാർക്കറ്റിംഗ് ഫെഡറേഷനുകളും കർഷകരിൽ നിന്ന് നേരിട്ട് കൊപ്രയും തേങ്ങയും സംഭരിക്കുക എന്നതായിരുന്നു ലക്ഷ്യം.

 15 വർഷമായി, ഈ സഹകരണ സ്ഥാപനങ്ങൾ ഒരു കിലോഗ്രാം കൊപ്ര പോലും കേരാഫെഡിലേക്ക് വിതരണം ചെയ്തിട്ടില്ല.


ഇവയുടെ തുടർച്ചയായ പരാജയം കാരണമാണ് കേരാഫെഡ് ഓപ്പൺ ടെൻഡറുകളിലേക്കും സ്വകാര്യ വ്യാപാരികളിലേക്കും തിരിയാൻ നിർബന്ധിതമായത്. 


ഉയർന്ന കൃഷിച്ചെലവും സംസ്കരണ സൗകര്യങ്ങളുടെ അഭാവവും കാരണം മിക്ക കർഷകരും കൊപ്ര ഉൽപാദനം നിർത്തിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് സർക്കാർ വിശദീകരിക്കുന്നു.

വെളിച്ചെണ്ണ വിലയിലെ വർധനവ് കൊപ്ര വിലയിലെ വർധനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 2024ൽ, കൊപ്രയുടെ വില കിലോഗ്രാമിന് 90–100 രൂപ മാത്രമായിരുന്നു.

2025-ൽ വില കിലോഗ്രാമിന് 280–300 രൂപ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് 2024-25 കാലയളവിൽ വെളിച്ചെണ്ണ വില ലീറ്ററിന് 210 ൽ നിന്ന് 529 രൂപ ആയി വർധിച്ചത്.


വിലക്കുറവ് വാഗ്ദാനം ചെയ്ത് ചില കമ്പനികൾ വെളിച്ചെണ്ണ വിപണിയിലിറക്കുന്നെങ്കിലും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 


പല കമ്പനികളും 1 ലിറ്ററിന് പകരം 900 എംഎൽ മാത്രമാണ് നൽകുന്നത്. വിലക്കുറവുള്ള എണ്ണയിൽ മായം ചേർത്തതായിരിക്കും.

ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവയിൽ ആശങ്കയുമുണ്ട്. കേരയോട് സാമ്യമുള്ള 62  ബ്രാൻഡുകളാണ് കേരളത്തിലെ വിപണിയിലുള്ളത്.


കേരയുടെ പേര് ദുരുപയോഗിച്ച്  ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാർഥങ്ങളും കലർത്തി വിൽക്കുകയാണ്. 


വ്യാജ വെളിച്ചെണ്ണയ്ക്ക് മണം കിട്ടുന്നതിനായി നല്ല വെളിച്ചെണ്ണ കലർത്തുന്ന പതിവുമുണ്ട്‌. 

വിപണിയിൽ ആകെ വെളിച്ചെണ്ണ വിൽപനയിൽ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയ്ക്ക്‌ സാദൃശ്യമുള്ള പേരുകളിലെ ബ്രാൻഡുകൾ 20 ശതമാനത്തോളം വിപണി കയ്യടക്കിയിട്ടുണ്ട്.

കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കൾ സാദൃശ്യമുള്ള ബ്രാൻഡുകൾ വാങ്ങി കബളിപ്പിക്കപ്പെടുന്നുണ്ട്‌.

Advertisment