/sathyam/media/media_files/2025/07/29/images1489-2025-07-29-13-10-06.jpg)
തിരുവനന്തപുരം: പതിനൊന്ന് വർഷത്തിനിടെ കാൽക്കോടിയോളം പേരെ തെരുവുനായ കടിച്ചുകുടഞ്ഞിട്ടും കേരളത്തിൽ തെരുവുനായ ശല്യം നേരിടാൻ നടപടികൾ ഫലപ്രദമല്ല.
വന്ധ്യംകരണം, വാക്സിനേഷൻ എന്നീ പദ്ധതികൾ ഗുണംകണ്ടിട്ടില്ല. മൃഗ സ്നേഹികളുമായടക്കം ചർച്ച ചെയ്ത് തെരുവുനായ ശല്യവും എണ്ണവും കുറയ്ക്കാനുള്ള നടപടികളുണ്ടാവണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
2014 മുതൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ കാരണം മരിച്ചത് 160പേരാണെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ നാലു വർഷം മാത്രം 105 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഇതിൽ 23പേർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നവരാണ്.
തെരുവുനായ പ്രശ്നം അതീവ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള ശക്തമായ നടപടികളാണ് ഇനി വേണ്ടത്.
2020നു ശേഷം നായ്ക്കളുടെ കടിയേൽക്കുന്നവരുടെയും പേവിഷ ബാധയേറ്റു മരിക്കുന്നവരുടെയും എണ്ണത്തിൽ വൻ വർധനയുണ്ട്.
2014 മുതൽ 2020 വരെയുള്ള 7 വർഷം പേവിഷബാധയേറ്റു മരിച്ചത് 55 പേർ; കടിയേറ്റത് 9.83 ലക്ഷം പേർക്ക്. 2021 മുതൽ 2025 ഏപ്രിൽ വരെയുള്ള നാലര വർഷത്തിൽ മരിച്ചത് ഇതിന്റെ ഇരട്ടിയോളം പേരാണ് – 105 പേർ;കടിയേറ്റത് 12.69 ലക്ഷം പേർക്ക്.
കോവിഡ് കാലത്തിനു ശേഷം സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണ പരിപാടികൾ അവതാളത്തിലായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പേവിഷബാധയോ ഗുരുതര രോഗങ്ങളോ ഉള്ള തെരുവുനായ്ക്കളുടെ ദയാവധത്തിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല.
കേന്ദ്ര സർക്കാർ 2023ൽ പുറപ്പെടുവിച്ച ചട്ടത്തിൽ ദയാവധത്തിനുള്ള വ്യവസ്ഥയുണ്ട്. തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണെന്നു പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലുമുണ്ട്.
അതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ദയാവധത്തിന് നടപടികൾ തുടങ്ങാവുന്നതേയുള്ളൂ. പക്ഷേ, ദയാവധത്തിനുള്ള ചെലവ് തനതു ഫണ്ടിൽനിന്ന് ഉപയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടില്ല.
ലൈസൻസ്, വാക്സിനേഷൻ, ഉടമസ്ഥത എന്നിവ ഉറപ്പാക്കാൻ വളർത്തുനായ്ക്കൾക്കു ചിപ്പ് ഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന് സമയമേറെയെടുക്കും.
നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ ദയാവധവും വന്ധ്യംകരണവും ഒരുമിച്ചു കൊണ്ടുപോകാനാണ് സർക്കാരിന്റെ പദ്ധതി.
പേവിഷബാധയോ ഗുരുതരരോഗങ്ങളോ ഉള്ള തെരുവ്‌നായ്ക്കളെ ദയാവധം നടത്താൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതിയാവും. നഗരങ്ങളിൽ മൊബൈൽ പോർട്ടബിൾ യൂണിറ്റുകളൊരുക്കി വന്ധ്യംകരണം ശക്തമാക്കാനാണ് നീക്കം.
ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2,100 രൂപ വീതമാണ് തദ്ദേശസ്ഥാപനം നൽകേണ്ടത്. നായ്ക്കളെ പിടികൂടുന്നതിന് 300 രൂപയും നല്‍കണം. എന്നാൽ സർക്കാരിന്റെ ഈ നടപടികൾക്കൊന്നും വേഗം പോരാത്തതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.
മൃഗങ്ങളുടെ അവകാശത്തേക്കാൾ മുന്നിട്ടുനിൽക്കുന്നതാണ് മനുഷ്യാവകാശമെന്നും പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും നിർദ്ദേശങ്ങൾ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രഭാതനടത്തത്തിന് പോയാൽ പട്ടി കടിക്കാതെ തിരിച്ചെത്തുമെന്നുറപ്പില്ല.
നായ്ക്കൾ ആശങ്കാജനകമായി പെരുകുകയാണ്. സർക്കാർ നിർദ്ദേശിച്ച ദയാവധം പരിഹാരമല്ല. മാറാരോഗവും ഗുരുതര പരിക്കുമുള്ള നായ്ക്കളെ കൊല്ലാനാണ് ഇതിൽ അനുവാദമുള്ളത്.
എ.ബി.സി നിയമപ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതിയും ഹൈക്കോടതിയും നൽകിയിട്ടുണ്ട്.
അത് ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. മനുഷ്യർ മൃഗങ്ങളെ ദ്രോഹിച്ചാൽ കേസെടുക്കും. മനുഷ്യരെ വളർത്തുമൃഗങ്ങൾ ഉപദ്രവിച്ചാൽ ഉടമയ്ക്കെതിരേ കേസെടുക്കും.
തെരുവുനായ്ക്കളുടെ കസ്റ്റോഡിയനായ തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരേ പൊലീസ് കേസെടുത്താലേ നിയന്ത്രണം കർശനമാകൂ. ഇതുൾപ്പെടെ പരിശോധിച്ച് ഇടക്കാല ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.
തെരുവു നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷം വരുമെന്നാണ് സർക്കാർ അറിയിച്ചത്. ഇത് വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. 50 ലക്ഷം നായ്ക്കളുണ്ടെന്നും ആറുമാസത്തിനിടെ ഒരു ലക്ഷം പേർക്ക് കടിയേറ്റെന്നും 16 പേർ മരിച്ചെന്നും റിപ്പോർട്ടുണ്ടല്ലോ എന്നും ചോദിച്ചു.
ചില്ലുമേടയിലിരുന്ന് പലതും പറയാം. നായ് കടിയേറ്റവർക്കും ഉറ്റവരെ നഷ്ടമായവർക്കുമാണ് അതിന്റെ വേദന അറിയാനാകൂ.
കണ്ണൂരിൽ ഒരു കുട്ടി കുത്തിവയ്പ്പെടുത്തിട്ടും മരിച്ചു. സർക്കാർ കാര്യക്ഷമമായി ഇടപെടണം. പ്രശ്നം ദുരന്ത നിവാരണ നിയമ പരിധിയിൽ ഉൾപ്പെടുത്താനാകുമോയെന്ന് പരിശോധിക്കണം.
ഡൽഹിയിൽ ഒരു കുട്ടിയെ പട്ടികടിച്ചതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തതും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
നായകളുടെ കടിയേറ്റ് 16 പേരാണ് ഒരു വർഷത്തിനുള്ളിൽ മരിച്ചതെന്നും ഒരു ലക്ഷത്തിലധികം പേർക്ക് കടിയേറ്റെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായ്ക്കള്‍ക്കായി വാദിക്കുന്ന മൃഗസ്നേഹികൾ അവയെ ഏറ്റെടുക്കാൻ തയാറാണോ എന്നും ചോദിച്ചു.
തെരുവു നായയുടെ കടിയേറ്റാൽ നായകളുടെ പരിപാലകർക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.