വീണയ്‌ക്കെതിരെ വമ്പൻമാർ. പത്തനംതിട്ടയിൽ മന്ത്രി വീണജോർജ്ജിനെതിരെ സി.പി.എമ്മിനുള്ളിൽ പോര്. ആറൻമുള സീറ്റ് ലക്ഷ്യമിട്ട് ആർ.സനൽകുമാറെന്ന് വിമർശനവുമായി ആറന്മുള ചെമ്പട പേജ്. അന്വേഷണവുമായി പാർട്ടി

ആറന്മുള സീറ്റ് പിടിക്കാൻ നടക്കുന്ന സായിപ്പ് ടോണിയാണ് സനൽകുമാറെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

New Update
images(1526)

തിരുവനന്തപുരം: മന്ത്രി വീണജോർജ്ജിനെതിരെ പത്തനംതിട്ട സി.പി.എമ്മിൽ നടക്കുന്ന പടയൊരുക്കങ്ങളുടെ സൂചന നൽകി ആറന്മുള ചെമ്പട എന്ന ഫേസ്ബുക്ക് പേജ്.

Advertisment

സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ആർ. സനൽകുമാറാണ് വീണയ്‌ക്കെതിരായ പടനീക്കം നടത്തുന്നതെന്നാണ് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നത്.

ആരാണ് ഈ പേജിന് പിന്നിലെന്ന് അന്വേഷണം നടത്താൻ പത്തനംതിട്ടയിലെ സി.പി.എം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ജില്ലയിൽ നിന്നു തന്നെയുള്ള മറ്റൊരു നേതാവായ പദ്മകുമാറിനെ അരിഞ്ഞ് വീഴ്ത്തിയതിന് പിന്നിൽ ആർ.സനൽകുമാറിന്റെ ബുദ്ധിപരമായ പ്രവർത്തനമാണെന്നും പേജിൽ വ്യക്തമാക്കപ്പെടുന്നു.


ആറന്മുള നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണ് സനൽകുമാറിന്റെ ്രപവർത്തനമെന്നും അത് ലഭിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് വീണയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നതെന്നുമാണ് പേജിലെ കുറിപ്പുകളിൽ നിന്നും വ്യക്തമാകുന്നത്. 


കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം തകർന്നു വീണപ്പോൾ സനൽകുമാർ ഇടപെട്ടാണ് സി.പി.എം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം രാജീവിനെ കൊണ്ടും, പത്തനംതിട്ട ലോക്കൽ കമ്മറ്റി അംഗം ജോൺസണെ കൊണ്ടും വീണ ജോർജിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടീപ്പിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ആരോഗ്യ മന്ത്രിയും, ജനപ്രിയ നേതാവുമായ വീണ ജോർജിനെ പാർട്ടിക്കുള്ളിൽ നിന്നു കൊണ്ട് വേട്ടയാടി, സഖാവ് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാരിനെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയെയും മോശമാണെന്നു വരുത്തി തീർത്തുകൊണ്ട് പ്രതികൂട്ടിലാക്കി നശിപ്പിക്കുന്നത് ഇദ്ദേഹമാണെന്നും പോസ്റ്റിൽ വിമർശിക്കുന്നു.


സംസ്ഥാന കമ്മിറ്റിയിൽ എത്തിപ്പെടാൻ സനൽകുമാറും മുൻ എം.എൽ.എയായ പദ്മകുമാറും തമ്മിൽ നടന്ന മത്സരത്തിന്റെ ബാക്കി പത്രമായി പദ്മകുമാറിനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കാൻ കാരണമായത് സനൽകുമാറാണെന്നും വിമർശനമുണ്ട്. 


പദ്മകുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി മന്ത്രി വീണയെ പ്രത്യേക ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് പദ്മകുമാർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് സനൽകുമാറിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമാണെന്നും പിന്നീട് പദ്മകുമാറിന്റെ വീട്ടിലേക്ക് ബി.ജെ.പി നേതാക്കളെ പറഞ്ഞയച്ചത് സനൽകുമാറാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ആറന്മുള സീറ്റ് പിടിക്കാൻ നടക്കുന്ന സായിപ്പ് ടോണിയാണ് സനൽകുമാറെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ജില്ലാ സെക്രട്ടറിയായ രാജു ഏബ്രഹാമിനെ മോശക്കാരനായി ചിത്രീകരിക്കാൻ സനൽകുമാർ ശ്രമിച്ചെന്നും മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ഉദയഭാനുവിനെതിരെയും ഇദ്ദേഹം പ്രവർത്തിച്ചുവെന്നുമാണ് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നത്.

നിരന്തരമായി ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതോടെ പേജ് സംബന്ധിച്ച് അന്വേഷണം നടത്താൻ പത്തനംതിട്ടയിലെ സി.പി.എം ഔദ്യോഗിക നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞതായാണ് വിവരങ്ങൾ ലഭിക്കുന്നത്.

Advertisment