/sathyam/media/media_files/2025/05/06/8mOd0YZpFSX8Tk0jK5pb.jpg)
തിരുവനന്തപുരം: ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
നിയമ നടപടികളിൽ സർക്കാരിന് പൂർണ പിന്തുണ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ, ജൂലൈ മാസങ്ങളിലായി 8 പ്രത്യേക ഡ്രൈവുകളാണ് നടത്തിയത്.
നിയമം ലംഘിച്ചവർക്കെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും നടപടികൾ സ്വീകരിച്ചു വരുന്നു. മാത്രമല്ല ഈ കേസുകൾ കോടതി മുമ്പാകെ എത്തിച്ച് ശിക്ഷാനടപടികളും സ്വീകരിക്കാനായി.
ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വിൽപ്പന നടത്തിയതിന് തലശ്ശേരി എമിരേറ്റ്സ് ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് ഷോപ്പിനെതിരെ 2024-ൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തലശ്ശേരി, പ്രതികൾക്ക് ഓരോരുത്തർക്കും 15,000 രൂപ വീതം ആകെ 75,000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചു.
ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വിൽപ്പന നടത്തിയതിന് കൊടുങ്ങല്ലൂർ ന്യൂ ലൗലി സെന്റർ ഷോപ്പിനെതിരെ 2024-ൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊടുങ്ങല്ലൂർ പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു.
എറണാകുളം എഡിസി ഓഫീസിൽ ലഭിച്ച 'മരുന്നു മാറി നൽകി' എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസിൽ മറിയാ മെഡിക്കൽസ്, സ്റ്റാച്യു ജംഗ്ഷൻ, തൃപ്പൂണിത്തുറ എന്ന സ്ഥാപനത്തിനും അതിന്റെ പാർട്ണേഴ്സിനും ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.