നിലവിൽ ഏപ്രിൽ, മെയ് മാസത്തിലെ അവധിക്കാലം ജൂൺ-ജൂലൈ മാസത്തിലേക്ക് മാറ്റാൻ സർക്കാർ. തീവ്രമായ മഴക്കാലത്ത് കുട്ടികൾ സ്കൂളുകളിൽ പോവാനിറങ്ങുന്നത് അപകടകരമെന്ന് വിലയിരുത്തൽ. മിന്നൽ മഴയും പ്രളയവും ആവർത്തിച്ച് വരുന്ന കേരളത്തിൽ ജീവിതശൈലിയും അതിനൊപ്പം മാറുന്നു. അവധിക്കാലം മാറിയാലും മാർച്ചിലെ പരീക്ഷ മാറ്റാനാവുമോയെന്നതിൽ ആശങ്ക

അവധിക്കാലം മെയ് - ജൂൺ മാസത്തിലാക്കാൻ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുകയാണ് സർക്കാർ

New Update
images(1191) ai rain school students

തിരുവനന്തപുരം: ഗൾഫ് നാടുകളിലെപ്പോലെ കേരളത്തിലും സ്കൂൾ അവധിക്കാലം മാറുകയാണ്.

Advertisment

നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലെ കേരളത്തിലെ സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റാനാണ് സർക്കാരിന്റെ ആലോചന. വിദ്യാഭ്യാസ മന്ത്രിയാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.

കാലാവസ്ഥാ വ്യതിയാനം കാരണമാണ് ഇങ്ങനെയൊരു മാറ്റത്തിന് കേരളം ആലോചിക്കുന്നത്.

എല്ലാതലത്തിലുമുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് ആലോചന.

മുൻകാലങ്ങളിൽ വേനൽ കടുത്തിരുന്നതിനാലാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ അവധിക്കാലം നിശ്ചയിച്ചിരുന്നത്.

 ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

എന്നാൽ മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് സർക്കാർ.

ഇപ്പോഴത്തെ മഴക്കാലം തീവ്രമായതിനാൽ കുട്ടികൾ സ്കൂളുകളിലേക്ക് പോവാൻ പുറത്തിറങ്ങുന്നതിലെ അപകടം കൂടി കണക്കിലെടുത്താണ് അവധിക്കാലം മാറ്റാനുള്ള നീക്കം.

അവധിക്കാലം മെയ് - ജൂൺ മാസത്തിലാക്കാൻ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുകയാണ് സർക്കാർ.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം?

കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും?

അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

 എന്നിവയിലാണ് ജനങ്ങളുടെ അഭിപ്രായം സർക്കാർ തേടുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ജൂൺ മുതലാണ് സ്കൂൾ അവധിക്കാലം. ഈ കാലത്ത് കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാനടിക്കറ്റ് വൻതോതിൽ കൂടുന്നത് പതിവാണ്.

മധ്യവേനൽ അവധി കഴിഞ്ഞ് ജിസിസി രാജ്യങ്ങളിൽ ആഗസ്റ്റ് അവസാനമാണ് സ്കൂൾ തുറക്കുന്നത്. സമാനമായ രീതിയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിലും അവധി ക്രമീകരിക്കുന്നത് പ്രവാസികൾക്കും ഏറെ പ്രയോജനകരമായിരിക്കും.

സ്കൂളുകൾക്ക് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ഇത്തരത്തിൽ ക്രമീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.

പക്ഷേ ഇതിന് മറ്റ് സംസ്ഥാനങ്ങളിലെ അവധി അടക്കം നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടി വരും.

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലും പരീക്ഷാ നടത്തിപ്പ് അടക്കം മാർച്ചിൽ നിന്ന് മാറ്റാനായേക്കില്ല. 

കാരണം പ്ലസ്ടു പരീക്ഷയും പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷകളും രാജ്യമാകമാനം നടത്തുന്നതാണ്.

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചേ ഇക്കാര്യത്തിലും സർക്കാരിന് തീരുമാനമെടുക്കാനാവൂ.

Advertisment