/sathyam/media/media_files/2025/08/01/images1566-2025-08-01-00-22-24.jpg)
തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ നേതാക്കളുമായുളള ചർച്ചകൾ പൂർത്തിയാകുന്നു. ഇന്നുച്ചക്ക് 12 മണി മുതൽ 2 മണിവരെ ഇന്ദിരാ ഭവനിൽ നടന്ന ചർച്ചയോടെയാണ് കേരളത്തിലെ കൂടിയാലോചനകൾ പൂർത്തിയായത്.
സംസ്ഥാനത്തെ നേതാക്കളുമായുളള കൂടിയാലോചനകളിലൂടെ തയാറാക്കിയ പട്ടിക ഹൈക്കമാൻഡിന് കൈമാറാൻ കെ.പി.സി.സി അധ്യക്ഷൻ ഓഗസ്റ്റ് 5ന് ഡൽഹിയിലെത്തും.
രണ്ട് ദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്ത് പട്ടിക പ്രഖ്യാപനത്തിനുളള നടപടികൾ പൂർത്തിയാക്കാനാണ് ധാരണ.
ചർച്ച പൂർത്തിയാകുമ്പോഴും ഡി.സി.സി അധ്യക്ഷ തലത്തിലെ അഴിച്ചുപണി തൃശൂർ ഒഴികെയുളള എല്ലാ ജില്ലകളിലും വേണോ അതോ 9 ജില്ലകളിൽ മതിയോ എന്നകാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം ഒഴിഞ്ഞിട്ടില്ല.
13 ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റുന്ന ഓപ്ഷനും 9 ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റുന്ന ഓപ്ഷനും വെവ്വേറെ തയാറാക്കി കൊണ്ട് ഹൈക്കമാൻഡിനെ കാണാനാണ് ആലോചന. മിക്കവാറും 9 ഡി.സി.സി അധ്യക്ഷന്മാരെ മാത്രമേ മാറ്റാൻ സാധ്യതയുളളു.
അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ കെ.പ്രവീൺകുമാറിന് ഉറപ്പ് ലഭിച്ചതായി അദ്ദേgഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കോഴിക്കോടിന് ഒപ്പം മലപ്പുറത്ത് വി.എസ്.ജോയിയും കണ്ണൂരിൽ മാർട്ടിൻ ജോസഫും എറണാകുളത്ത് മുഹമ്മദ് ഷിയാസും തുടരാനാണ് സാധ്യത.
ഡി.സി.സി അധ്യക്ഷന്മാരിൽ ഒരാൾ വനിതയും മറ്റോരാൾ പട്ടികജാതി/വർഗ വിഭാഗത്തിൽ നിന്നാകണമെന്ന് എ.ഐ.സി.സി നിർദ്ദേശിച്ചിട്ടുളളത് മാത്രമാണ് 13 ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റാൻ സാധ്യത ഉണ്ടാക്കുന്ന ഘടകം.
9 ഡി.സി.സി അധ്യക്ഷന്മാരെ മാത്രം മാറ്റുമ്പോൾ വനിത, പിന്നോക്ക സംവരണം പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്.
എറണാകുളത്ത് വി.പി.സജീന്ദ്രനെ ജില്ലാ അധ്യക്ഷനായി പരിഗണിച്ച് പിന്നോക്ക സംവരണം ഉറപ്പാക്കാനാവും. വടക്കൻ ജില്ലകളിൽ നിന്ന് വനിതാ നേതാവിനെ ഡി.സി.സി അധ്യക്ഷയാക്കാമെന്നാണ് ആലോചന. നേരത്തെ ബിന്ദുകൃഷ്ണ കൊല്ലം ഡി.സി.സി അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് എം.വിൻസന്റ് എം.എൽ.എ,കൊല്ലത്ത് സി.ആർ.മഹേഷ്, പാലക്കാട് വി.ടി.ബൽറാം എന്നിവരെ ഡി.സി.സി അധ്യക്ഷന്മാരാക്കുന്നതിനെ കുറിച്ച് ആലോചന നടന്നിരുന്നു.
എന്നാൽ ജനപ്രതിനിധികളെ എം.എൽ.എമാരാക്കുമ്പോൾ അവർക്ക് മണ്ഡലം ശ്രദ്ധിക്കാൻ കഴിയുമോയെന്ന് അവർ തന്നെ ആശങ്ക ഉന്നയിച്ചതോടെ നീക്കം ഭാഗികമായിട്ട് എങ്കിലും ഉപേക്ഷിച്ചതായാണ് സൂചന.
സി.പി.എം സ്വാധീന മേഖലയായ കോവളത്ത് നിന്ന് ജയിച്ചുവരുന്ന എം.വിൻസൻറിന് ഇത്തവണയും കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.സി.ആർ.മഹേഷ് പ്രതിനിധീകരിക്കുന്ന കരുനാഗപ്പളളിയും സി.പി.എം ശക്തിദുർഗമാണ്.
തൃത്താല പിടിച്ചെടുക്കാൻ കച്ചകെട്ടുന്ന വി.ടി.ബൽറാമിനും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായി കെ.എസ്.ശബരീനാഥനെ വീണ്ടും സജീവമായി പരിഗണിക്കുന്നുണ്ട്.
ചെമ്പഴന്തി അനിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ നോമിനി.ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായില്ലെങ്കിൽ കെ.എസ്.ശബരീനാഥന് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
5 വൈസ് പ്രസിഡൻറുമാരും 30 കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും 60 സെക്രട്ടറിമാരും ട്രഷററും അടങ്ങുന്ന ഭാരവാഹികളെയാകും പുന:സംഘടനയിൽ പ്രഖ്യാപിക്കാൻ പോകുന്നത്.ഇപ്പോൾ കെ.പി.സി.സി സെക്രട്ടറി പദവി നിലവിലില്ല.
അതുകൊണ്ടുതന്നെ കൂടുതൽ നേതാക്കളെ ഉൾക്കൊളളുന്നതിനായി കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം 60 ൽ നിന്ന് 70 വരെയാക്കാനാണ് ധാരണ.
ഒരു ജനറൽ സെക്രട്ടറിക്ക് 2 സെക്രട്ടറിമാർ എന്ന നിലയിലാണ് അനുപാതമെങ്കിലും തിരഞ്ഞെടുപ്പ് വർഷത്തിൽ അതിൽ ബലം പിടിക്കേണ്ടെന്നാണ് നേതൃതലത്തിലുളള ധാരണ.
എ.ഐ.സി.സി നേതൃത്വത്തിന് കൂടുതൽ വെട്ടിത്തിരുത്തലുകൾക്കും മാറ്റങ്ങൾക്കും ഇടം കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഓരോ തസ്തികളിലേക്കും കൃത്യം പേരുമായിട്ടായിരിക്കും കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിനെ കാണുകയെന്നും സൂചനയുണ്ട്.
കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് സീനിയർ നേതാക്കളെയും പരിഗണിക്കുമെന്നാണ് സൂചന. ഫോൺ സംഭാഷണം ചോർന്നതിനെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്ന പാലോട് രവി,മുൻ എം.എൽ.എ ടി.ശരത് ചന്ദ്രപ്രസാദ്, അജയ് തറയിൽ, ജോസഫ് വാഴക്കൻ തുടങ്ങിയവർ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായേക്കും.
ഭാരവാഹിത്വത്തിൽ പ്രകടനം മോശമാണെന്ന വിലയിരുത്തലുളള മരിയാപുരം ശ്രീകുമാർ, ജി.എസ്.ബാബു,എം.ജെ.ജോബ് ജോസി സെബാസ്റ്റ്യൻ,സോണി സെബാസ്റ്റ്യൻ,ജി.സുബോധനൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും.
ജ്യോതികുമാർ ചാമക്കാല കെ.പി.സി.സി ട്രഷററാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.രമേശ് ചെന്നിത്തല ഗ്രൂപ്പുകാരനായ ചാമക്കാലയോട് മറ്റ് നേതാക്കൾക്കും താൽപര്യമാണ്.