സമവായത്തിനെത്തിയ മന്ത്രിമാരെ നിർത്തിപ്പൊരിച്ച് ഗവർണർ. സുപ്രീംകോടതി ഉത്തരവ് തനിക്ക് എതിരാണെന്ന് സർക്കാർ പ്രചരിപ്പിച്ചു. നിയമോപദേശം വാങ്ങിയ ശേഷമാണ് താൻ വി.സിമാരെ നിയമിച്ചത്. ഇക്കാര്യത്തിൽ ഒരു പുനപരിശോധനയുമില്ല. സ്ഥിരം വി.സിമാരെ നിയമിക്കാൻ തടസം സർക്കാർ. എട്ട് വി.സി നിയമനത്തിന് സ്റ്റേ വാങ്ങിയത് സർക്കാർ. അനുനയത്തിന്റെ ഭാഷ വെടിഞ്ഞ് മന്ത്രിമാരോട് കടുപ്പിച്ച് ഗവർണർ. സ‌ർക്കാർ- ഗവർണർ പോര് ഇനിയും കടുക്കും

നിലവിലെ വി.സിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുമുണ്ട്- ഗവർണർ വ്യക്തമാക്കി.

New Update
1001146474

തിരുവനന്തപുരം: രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി.

Advertisment

യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തിൽ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും സമവായത്തിന്റെ ഭാഷ വെടിഞ്ഞ് നിർത്തിപ്പൊരിച്ച് ഗവർണർ.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സി നിയമനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സർക്കാരിന് അനുകൂലമാണെന്നും ഗവർണർക്ക് വൻ തിരിച്ചടിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കുകയും മന്ത്രിമാർ ഇത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.

എന്നാൽ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചുള്ള വി.സി നിയമനങ്ങളാണ് താൻ നടത്തിയതെന്നും സർക്കാരിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയിൽ പോയി പറയാനും ഗവർണർ തുറന്നടിച്ചു.

ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറി ഷർമ്മിള മേരി ജോസഫിനെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചിട്ടും പോവാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. മന്ത്രിമാരെ ഒഴിവാക്കി സെക്രട്ടറിയെ വിളിപ്പിച്ചതായിരുന്നു പ്രകോപനം.

എന്നാൽ മന്ത്രിമാർ കാണാനെത്തിയപ്പോൾ തന്റെ നിലപാടിൽ ഉറച്ചുനിന്ന ഗവർണർ ഇനി സുപ്രീംകോടതിയിൽ കാണാമെന്നും അറിയിച്ചു. ഇതോടെ വി.സി നിയമനത്തിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.

2 വി.സിമാരെ നിയമിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി എത്തിയ മന്ത്രിമാരോട് നിലപാട് കടുപ്പിക്കുകയായിരുന്നു ഗവർണർ.

സുപ്രീംകോടതി വിധി അനുസരിച്ചാണ് തന്റെ നടപടിയെന്നും അതിൽ മാറ്റമില്ലെന്നും ഗവർണർ ആർ.വി.ആർലേക്കർ മന്ത്രിമായ പി.രാജീവിനോടും ആർ.ബിന്ദുവിനോടും വ്യക്തമാക്കി.

ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള സമവായം അകലെയായി. സുപ്രീംകോടതി വിധി സർക്കാരിന് അനുകൂലമാണെന്ന് വ്യാഖ്യാനിച്ച മന്ത്രി പി.രാജീവിനെ ഗവർണർ തിരുത്തി.

 സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ താൻ നിയമോപദേശം തേടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വി.സിമാരെ നിയമിച്ചതെന്നും ഗവർണർ വിശദീകരിച്ചു.

തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തിനെ കുറിച്ച് മന്ത്രിമാർ പരാമർശിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നും ഈ മാസം 13ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കുമെന്നും ഗവർണർ കടുപ്പിച്ചു.

ഇതോടെ താത്കാലിക വി.സി വിഷയത്തെ കുറിച്ചുള്ള സംസാരം മന്ത്രിമാർ അവസാനിപ്പിച്ചു.

രണ്ട് യൂണിവേഴ്സിറ്റികളിലും ഇതോടെ സ്ഥിരം വി.സിമാരെ നിയമിക്കണമെന്ന ആവശ്യം ഇരുമന്ത്രിമാരും ഗവർണറോട് പറഞ്ഞു. അത് പിന്നീട് ചട്ടപ്രകാരം ചെയ്യാമെന്ന് ഗവർണർ വ്യക്തമാക്കി.

സ്ഥിരം വി.സിമാരെ നിയമിക്കാൻ തടസം സർക്കാരാണെന്ന് ഗവർണർ മന്ത്രിമാരുടെ മുഖത്തു നോക്കി തുറന്നടിച്ചു.

എട്ട് യൂണിവേഴ്സിറ്റികളിൽ വി.സി നിയമനത്തിന് താൻ നിയോഗിച്ച സെർച്ച് കമ്മിറ്റിയ്ക്ക് സർക്കാർ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ സ്റ്റേ നിലനിൽക്കുകയാണെന്നും അത് നീക്കിയാൽ നിയമനവുമായി മുന്നോട്ടുപോകാമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

വി.സി നിയമനങ്ങൾ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല, അന്ത:സത്തയ്ക്ക് വിരുദ്ധവുമല്ല. അതിനാൽ വി.സി നിയമനങ്ങൾ റദ്ദാക്കേണ്ട കാര്യമില്ല.

സുപ്രീംകോടതി ഉത്തരവിൽ സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് പറഞ്ഞിട്ടില്ല.

നിലവിലെ വി.സിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുമുണ്ട്- ഗവർണർ വ്യക്തമാക്കി.

മന്ത്രിമാരായ ആർ.ബിന്ദുവും പി രാജീവും ഗവർണറെ അനുനയിപ്പിക്കാൻ രാജ്ഭവനിൽ എത്തിയപ്പോൾ, യൂണിവേഴ്സിറ്റിയിലെ തർക്കങ്ങൾക്ക് വഴിമരുന്നിട്ട മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനിൽ ഉണ്ടായിരുന്നു.

കേരള ഗവർണറായിരിക്കെ സെക്യൂരിറ്റി ഇൻസ്പെക്ടറായിരുന്ന ഉദ്യോഗസ്ഥന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഖാൻ എത്തിയത്.

എന്നാൽ ആരിഫ് ഖാനുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയില്ല.

നേരത്തേ കേരള ഗവർണറായിരിക്കെ ആരിഫ് ഖാൻ സർവകലാശാലാ വിഷയങ്ങളിൽ നിരന്തരം സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

പിന്നാലെ ഗവർണർ ആയ ആർലേക്കറും ആരിഫ് ഖാന്റെ നയങ്ങൾ പിന്തുടരുകയാണ്.

Advertisment