അടൂരിന്റെ വാക്കുകൾ ഫ്യൂഡൽ അവശിഷ്ടങ്ങൾ തേച്ചുമിനുക്കുന്ന പ്രവർത്തനത്തിന് ആക്കം കൂട്ടുന്നത്: കെ. രാധാകൃഷ്ണൻ എം.പി

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് അടൂർ ചെയ്തത്

New Update
k radhakrishnan rlv.jpg

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ധനസഹായം നൽകുന്ന സർക്കാർ നടപടിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി.

Advertisment

അടൂരിന്റെ വാക്കുകൾ പ്രയാസമുണ്ടാക്കുന്നു. ഫ്യൂഡൽ അവശിഷ്ടങ്ങൾ തേച്ച്മിനുക്കുന്ന പ്രവർത്തനത്തിന് ആക്കം കൂട്ടുന്നുവെന്നാണ് രാധാകൃഷ്ണൻ പ്രതികരിച്ചത്.

മുഖ്യ ധാരയിലേക്ക് ഉയർന്നുവരാൻ പട്ടികജാതി പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും അവസരമില്ലാ യിരുന്നുവെന്നും അടൂർ ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.

തൊഴിലാളികളെ കൂടി അപമാനിക്കുന്ന പ്രസംഗമാണ് അടൂർ നടത്തിയത്. സ്ത്രീകളും തൊഴിലാളികളും പട്ടികജാതി പട്ടികവർഗ വിഭാഗക്കാരും ഇല്ലെങ്കിൽ സിനിമയുണ്ടോ?

സ്ത്രീകളും താഴെക്കിടയിലുള്ളവരുടെയും കഥയല്ലേ ഇവരെല്ലാം സിനിമയാക്കിയതെന്നും എംപി പറഞ്ഞു.

ആദ്യമായി സിനിമയിൽ അഭിനയിച്ച ദലിതയായ പി.കെ റോസിക്ക് ഓടിപ്പോകേണ്ടി വന്നു.

റോസി നേരിട്ട അവസ്ഥ ഇന്നും നിലനിൽക്കുന്നു. ആട്ടിയോടിക്കപ്പെട്ടവർക്ക് സിനിമയിലേക്ക് കടന്ന് വരാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയതെന്നും അതിനെ അവഹേളിക്കരുതെന്നും കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവരുടെ ദുരിതം സിനിമയിൽ പറഞ്ഞാണ് ഇവർ പേരെടുത്തത്. ഇവരെ പുച്ഛിക്കരുതെന്നും രാധാകൃഷ്ണൻ എംപി പറഞ്ഞു.

സിനിമയിലേക്ക് ദലിതുകൾ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം നിരുത്സാഹപ്പെടുത്തുന്നു.

ഇനി സംവരണം കൂടി വേണ്ടെന്ന് പറയുമോ. കഴിവില്ലെന്ന് മുദ്രകുത്തി ദലിതരേയും സ്ത്രീകളെയും മാറ്റി നിർത്തുന്നു. അടൂരിന്റെ വാക്കും പ്രവർത്തിയും രണ്ടാണെന്നും പ്രസ്താവന അപലപനീയമാണെന്നും എംപി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് അടൂർ ചെയ്തത്. അടൂരിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നില്ല.

അടൂരിന്റെ വാക്കുകൾക്കല്ല പുഷ്പവതിയുടെ വിമർശനത്തിനാണ് കൈയടി കൂടേണ്ടതെന്നും രാധാകൃഷ്ണൻ എംപി അഭിപ്രായപ്പെട്ടു.

Advertisment