തിരുവനന്തപുരം: ഇക്കഴിഞ്ഞ കാലയളവിൽ സിപിഎമ്മിനും സർക്കാരിനും പല വിവാദങ്ങൾ പോറൽ ഏൽപ്പിച്ച എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ സിപിഎം ഇടപെടുന്നു.
എസ്എഫ്ഐയിലെ ഒരു വിഭാഗം വിദ്യാർത്ഥികളും നേതാക്കളും ഉണ്ടാക്കുന്ന പേരുദോഷം മാറ്റാനാണ് സിപിഎമ്മിന്റെ പരിശ്രമം.
ഇതിനായി ഓരോ കോളേജിന്റെയും ചുമതല ഓരോ ജില്ലാ കമ്മിറ്റി അംഗത്തിന് നൽകാനാണ് സിപിഎം തീരുമാനം.
ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ സിപിഎമ്മിന് ഉള്ളിൽ തന്നെ ആശയക്കുഴപ്പമുണ്ട്.
ഇക്കഴിഞ്ഞയിടെ കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരെ അതിരൂഢമായ വിമർശനങ്ങളാണ് പ്രതിനിധികൾ ഉയർത്തിയത്.
പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കുന്ന എസ്എഫ്ഐയെ നിയന്ത്രിക്കണമെന്നും നേതാക്കൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിൻറെ കുറവുണ്ടെന്ന് ആയിരുന്നു വിമർശനങ്ങൾ.
എസ്എഫ്ഐയെ നിലയ്ക്ക് നടത്താൻ പാർട്ടി തയ്യാറാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം കൂടി കണക്കിലെടുത്ത് എസ്എഫ്ഐയുടെ ഭാഗമാകുന്നവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാനും സിപിഎം തീരുമാനിച്ചു കഴിഞ്ഞു.
എസ്എഫ്ഐയുടെ ലോക്കൽ കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിച്ചാവും നേതാക്കളെ ഉൾപ്പെടുത്തുക.
എസ്എഫ്ഐ സംസ്ഥാന സെൻ്ററിൽ പ്രവർത്തിക്കാൻ കൂടുതൽ പേരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സി എൻ മോഹനനാണ് പാർട്ടിയിൽ നിന്നും എസ്എഫ്ഐയുടെ സംഘടന ചുമതല നൽകിയിട്ടുള്ളത്.
എല്ലാ കോളേജുകളിലും സർവകലാശാല ക്യാമ്പസുകളിലും പാർട്ടിയുടെ അനുഭാവി ഗ്രൂപ്പുകൾ രൂപീകരിക്കാനുള്ള നടപടികളും സ്വീകരിക്കും.
യുവജന വിദ്യാർത്ഥി മേഖലകളിലെ പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധനാ വിധേയമാക്കും.
നിലവിൽ സിപിഎം അംഗസംഖ്യയിൽ വർദ്ധന ഉണ്ടാകുന്നുണ്ടെങ്കിലും അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു എന്നാണ് സിപിഎം കണ്ടെത്തൽ.
പട്ടികജാതി അംഗത്വം കുറയുന്നുവെന്നും ന്യൂനപക്ഷങ്ങളിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളിൽ കുറവുണ്ടാകുന്നുണ്ടെന്നും പാർട്ടി നിരീക്ഷിക്കുന്നു.
എന്നാൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നും പാർട്ടി അംഗത്വം എടുക്കുന്നവരിൽ വർദ്ധനയുണ്ടായിരുന്ന കണ്ടെത്തലും സിപിഎം നടത്തിയിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിന്റെ കടന്നുവരവും ക്രൈസ്തവസഭകൾക്ക് മുമ്പുണ്ടായിരുന്ന എതിർപ്പ് പാർട്ടിയോട് ഇല്ലാതായതും ഇതിൻറെ കാരണമായി പറയപ്പെടുന്നുണ്ട്.
ദരിദ്ര ഇടത്തരം കൃഷിക്കാരിൽ പെട്ടവർ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇടത്തരം വിഭാഗക്കാരിൽ മുതലാളിമാരും ഭൂപ്രഭുക്കളും ധനിക കർഷകരും കൂടുതലായി പാർട്ടി അംഗത്വത്തിലേക്ക് കടന്നു വരുന്നു എന്നാണ് വിലയിരുത്തൽ.
തൊഴിലാളി വർഗ്ഗത്തിലും കർഷക തൊഴിലാളി വിഭാഗത്തിലും അംഗങ്ങളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും നിലവിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ പഠിച്ച് അനിയോജ്യമായ നയ സമീപനങ്ങൾ സ്വീകരിച്ചു പിഴവുകൾ പരിഹരിക്കാനാണ് സിപിഎം തീരുമാനം.