ഡോ. ഹാരിസിനൊപ്പം, അന്വേഷണത്തില്‍ വ്യക്തതയില്ല. ഡോ. ഹാരിസ് നേരിട്ട സമ്മര്‍ദ്ദം ഊഹിക്കാവുന്നതിനും അപ്പുറം. സ്വതന്ത്ര അന്വേഷണം വേണമെന്ന് കെജിഎംസിടിഎ

തന്റെ ഓഫീസ് മുറിയില്‍ കയറി പരിശോധന നടത്തിയ കാര്യം ഡോ. ഹാരിസ് തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഓഫീസ് മുറി വേറെ താഴിട്ട് പൂട്ടിയ കാര്യവും അറിയിച്ചു. 

New Update
images(1721)

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് പറഞ്ഞ  ഡോ. ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. ഇക്കാര്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസ് നേരിട്ട സമ്മര്‍ദ്ദം ഊഹിക്കാവുന്നതിനും അപ്പുറമാണ്. 

Advertisment

ഈ വിഷയത്തില്‍ സംഘടന ഡോ. ഹാരിസിനൊപ്പമായിരിക്കും. ഡോ. ഹാരിസുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ വ്യക്തതയില്ലെന്നും കെജിഎംസിടിഎ പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗം പറഞ്ഞു. 

തന്റെ ഓഫീസ് മുറിയില്‍ കയറി പരിശോധന നടത്തിയ കാര്യം ഡോ. ഹാരിസ് തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഓഫീസ് മുറി വേറെ താഴിട്ട് പൂട്ടിയ കാര്യവും അറിയിച്ചു. 

ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായി സംസാരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പ്രിന്‍സിപ്പല്‍ തന്നോടും ആവര്‍ത്തിച്ചത്.

ആദ്യം തിയേറ്റര്‍ റൂമിലും തുടര്‍ന്ന് ബുധനാഴ്ച പ്രിന്‍സിപ്പലും യൂറോളജി വിഭാഗത്തിലെ ഡോക്ടറും കൂടി ഡോ. ഹാരിസിന്റെ മുറിയിലും പരിശോധന നടത്തി. വ്യാഴാഴ്ച മറ്റെല്ലാവരും ചേര്‍ന്ന് വീണ്ടും മുറിയില്‍ പരിശോധന നടത്തിയത്. 

അന്വേഷണം നടത്താന്‍ തനിക്ക് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്‌പെക്ഷന്‍ നടത്തിയതെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും ഡോ. രോസ്‌നാര ബീഗം വ്യക്തമാക്കി. മുറിയില്‍ പുതിയ പെട്ടി കണ്ടുവെന്നും, സിസിടിവിയില്‍ ആരോ കയറുന്നത് കണ്ടുവെന്നും പറയുന്നുണ്ട്.

സത്യസന്ധമായി ജോലി ചെയ്യുന്ന വകുപ്പുമേധാവിയാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍. അദ്ദേഹത്തിനെതിരെ നടന്ന അന്വേഷണം പോസിറ്റീവാണോ?.

മറ്റെന്തെങ്കിലും ദുരുദ്ദേശങ്ങളുണ്ടോയെന്നെല്ലാം സംഘടനയ്ക്ക് വ്യക്തതയില്ല. ഇക്കാര്യത്തില്‍ തുടര്‍നടപടി വേണ്ടത് എന്താണെന്ന് സംഘടന യോഗം ചേര്‍ന്ന് ആലോചിക്കും. തുടര്‍ന്ന് വിവരം മാധ്യമങ്ങളെ അറിയിക്കുമെന്ന് റോസ്‌നാര ബീഗം പറഞ്ഞു.

നിലവില്‍ ഡോ. ഹാരിസ് ലീവിലാണ്. അദ്ദേഹം സ്ഥലത്തില്ല. ഡോക്ടറുടെ അസാന്നിധ്യത്തിലാണ് പരിശോധന നടന്നത്. അദ്ദേഹത്തിന്റെ ആളുകളോ, അദ്ദേഹം പറഞ്ഞിട്ടോ അതു ചെയ്‌തെന്നൊന്നും വിശ്വസിക്കാന്‍ കഴിയില്ല. 

കാരണം അത്തരത്തിലൊരാളല്ല ഡോ. ഹാരിസ്. എന്താണ് ഇതിന്റെ പിന്നില്‍ നടന്നതെന്ന് അന്വേഷിക്കണം. സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. ഡോ. ഹാരിസും പ്രിന്‍സിപ്പലും ബാക്കി അധികൃതരും പറയുന്നതില്‍ എവിടെയൊക്കെയോ ചേരായ്മകളുണ്ട്. 

കടകവിരുദ്ധമായിട്ടാണ് പലരും സംസാരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി നിഷ്പക്ഷ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും റോസ്‌നാര ബീഗം പറഞ്ഞു.

Advertisment