/sathyam/media/media_files/2025/08/08/sabari-2025-08-08-22-22-55.jpg)
തിരുവനന്തപുരം: ഇടുക്കിയിലേക്ക് ട്രെയിനെത്താനും മദ്ധ്യകേരളത്തിൽ വികസന കുതിപ്പുണ്ടാക്കാനും വഴിവയ്ക്കുന്ന ശബരി റെയിൽ നടപ്പാക്കാനാവാത്തതിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര റെയിൽവേമന്ത്രി.
ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധിയാണ് ശബരി റെയിൽ പദ്ധതിക്ക് തടസമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ ഇന്ന് വ്യക്തമാക്കി.
പദ്ധതിക്ക് തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കലിലും പാത അലൈൻമെന്റിലും നേരിടുന്ന പ്രതിസന്ധിയും പദ്ധതിക്കെതിരെ ഫയൽ ചെയ്ത കോടതി കേസുകളുമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലായ്മയും പദ്ധതിക്ക് തടസമാണ്. നേരത്തേ പലവട്ടം കേന്ദ്രം പദ്ധതി നടപ്പാക്കാൻ താത്പര്യമറിയിച്ചിട്ടും പകുതി ചെലവ് വഹിക്കുന്നതിൽ സംസ്ഥാനം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പകുതി ചെലവിന് നൽകുന്ന 1900 കോടി കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന നിബന്ധനയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്. ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറല്ല.
ശബരി റെയിൽ പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എം. പി. സമർപ്പിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് രാജ്യസഭയിൽ മറുപടിയായാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
1997-98 ൽ അങ്കമാലി - ശബരിമല വഴി എരുമേലി പുതിയ ലൈൻ പദ്ധതിക്ക് അനുമതി ലഭിച്ചു. അങ്കമാലി - കാലടി (7 കി.മീ) ദൈർഘ്യമുള്ള ജോലികളും കാലടി - പെരുമ്പാവൂർ (10 കി.മീ) നീളമുള്ള ലീഡ് ജോലികളും ഏറ്റെടുത്തു.
പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് 3801 കോടി രൂപയായി ഉയർത്തി 2023 ഡിസംബറിൽ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും പദ്ധതി ചെലവ് പങ്കിടാനുള്ള സന്നദ്ധതയ്ക്കുമായി സംസ്ഥാന ഗവൺമെന്റിന് സമർപ്പിച്ചു.
2024 ഓഗസ്റ്റിൽ, സംസ്ഥാന ഗവൺമെന്റ് അവരുടെ സോപാധിക സമ്മതം അറിയിച്ചു. പദ്ധതിക്കായി സംസ്ഥാന ഗവൺമെന്റ്, റെയിൽവേ മന്ത്രാലയം, ആർബിഐ എന്നിവ തമ്മിൽ ത്രികക്ഷി ധാരണാപത്രം ഒപ്പിടാൻ കേരളത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്നാൽ 2025 ജൂൺ 3 ന് റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ, ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന ഗവൺമെന്റ് വിസമ്മതിച്ചു.
കേരള മുഖ്യമന്ത്രിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ, പദ്ധതിയുടെ ചെലവിന്റെ 50% വിഹിതം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ റെയിൽവേ മന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും സുരക്ഷാ പ്രവർത്തനങ്ങൾക്കുമുള്ള ബജറ്റ് വിഹിതം, 2009-14 കാലയളവിൽ പ്രതിവർഷം 372 കോടി രൂപയായിരുന്നത് 2025-26 ബജറ്റിൽ 3,042 കോടി രൂപയായി എട്ട് മടങ്ങാണ് വർധിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർവ്വഹണം ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം തടസ്സപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ ആകെ ഭൂമി 476 ഹെക്ടറാണ്.
ഇതിൽ ഏറ്റെടുത്തത് 73 ഹെക്ടർ (15%) ഭൂമി മാത്രമാണ്. 403 ഹെക്ടർ ഭൂമി (85%) ഏറ്റെടുത്ത് നൽകേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനായി റെയിൽവേ സംസ്ഥാന ഗവൺമെന്റിന് ₹2112 കോടി രൂപ അനുവദിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനാൽ തടസപ്പെട്ട കേരളത്തിലെ അഞ്ച് റെയിൽവേ പദ്ധതികളുടെ വിവരങ്ങളും മന്ത്രി പുറത്തുവിട്ടു.
അങ്കമാലി - ശബരിമല പുതിയ പാത (111 കി.മീ), - 416 ഹെക്ടർ ഭൂമി, 24 ഹെക്ടർ (ഏറ്റെടുത്തത്) എറണാകുളം - കുമ്പളം പാച്ച് ഇരട്ടിപ്പിക്കൽ (8 കി.മീ) 4 ഹെക്ടർ, 3 ഹെക്ടർ (ഏറ്റെടുത്തത്) കുമ്പളം - തുറവൂർ പാച്ച് ഇരട്ടിപ്പിക്കൽ (16 കി.മീ) 10 ഹെക്ടർ, 9 ഹെക്ടർ (ഏറ്റെടുത്തത്) തിരുവനന്തപുരം - കന്യാകുമാരി ഇരട്ടിപ്പിക്കൽ (87 കി.മീ) 41 ഹെക്ടർ, 36 ഹെക്ടർ (ഏറ്റെടുത്തത്) ഷൊർണൂർ - വള്ളത്തോൾ ഇരട്ടിപ്പിക്കൽ (10 കി.മീ) 5 ഹെക്ടർ, (ഒരു ഭൂമിയും ഏറ്റെടുത്തിട്ടില്ല) കേരളത്തിലെ റെയിൽവേ ശൃംഖല ശക്തിപ്പെടുത്താൻ ആറ് പുതിയ പാതകൾക്കുള്ള സർവേ അനുവദിച്ചതായും മന്ത്രി വെളിപ്പെടുത്തി.
മംഗളൂരു - ഷൊർണൂർ 3 & 4 പാത, 308 കി.മീ, ഷൊർണൂർ - കോയമ്പത്തൂർ 3 & 4 പാത, 99 കി.മീ, ഷൊർണൂർ - എറണാകുളം 3-ാമത്തെ പാത, 107 കി.മീ, എറണാകുളം - കായംകുളം 3 -ാമത്തെ പാത,115 കി.മീ, കായംകുളം - തിരുവനന്തപുരം 3 -ാമത്തെ പാത, 105 കി.മീ, തിരുവനന്തപുരം - നാഗർകോവിൽ 3 -ാമത്തെ പാത, 71 കി.മീ എന്നിവയ്ക്കാണ് സർവേ നടക്കുന്നത്.
കേരളത്തിന് റെയിൽവേ പദ്ധതികൾ അനുവദിക്കുന്നില്ലെന്നത് സർക്കാരിന്റെ സ്ഥിരം പരാതിയാണ്.
എന്നാൽ ഭൂമയേറ്റെടുക്കാത്തതിനാലാണ് പദ്ധതികൾ മുടങ്ങുന്നതെന്നാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണത്തിലുള്ളത്. ഇത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്.
അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രവും കേരളവും തമ്മിൽ ധാരണയായെങ്കിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിൽ അവ്യക്തത ബാക്കിയാണ്.
പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്ന കാര്യത്തിലായിരുന്നു കേരളവും കേന്ദ്രവും തമ്മിൽ പ്രധാന തർക്കം.
ഇതിനായി കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ വായ്പപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അനുകൂലിച്ചില്ല.
പകരം ത്രികക്ഷി കരാറിൽ ഒപ്പിടാൻ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കേരളവും വഴങ്ങിയില്ല. ഭൂമിയേറ്റെടുത്തു തുടങ്ങണമെങ്കിൽ അടച്ചുപൂട്ടിയ ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ പുനരാരംഭിക്കണം. ഇതിനായി പുതിയ വിജ്ഞാപനം ഇറക്കണം.
ഇതിനൊന്നും സംസ്ഥാനം തയ്യാറല്ല. 111 കിലോമീറ്റർ ദൂരമുള്ള ശബരിപാത 1997-98ലെ റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. കാലടി വരെ 8 കിലോമീറ്റർ റെയിൽവേ ലൈൻ നിർമിച്ചെങ്കിലും പിന്നീടു മുന്നോട്ടുപോയില്ല.
സംസ്ഥാന സർക്കാർ ഇനി പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 416 ഹെക്ടർ ഭൂമിയാണ്. പാതയ്ക്കായി ഭൂമി വിട്ടുകൊടുത്ത 2,862 കുടുംബങ്ങൾ നഷ്ടപരിഹാരം ലഭിക്കാതെ കാൽനൂറ്റാണ്ടിലേറെയായി പ്രതിസന്ധിയിലാണ്.
എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്റർ നീളത്തിലാണ് സർവേക്കല്ലുകളുള്ളത്. സർവേക്കല്ല് സ്ഥാപിച്ച ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതിയാണ്.