/sathyam/media/media_files/2025/08/08/images1733-2025-08-08-22-51-22.jpg)
തിരുവനന്തപുരം: അഴിമതിയോട് സന്ധിയില്ല എന്ന നയവുമായി സർക്കാർ മുന്നോട്ടുപോകവേ, അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ് രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള സബ് രജിസ്ട്രാർ ഓഫീസുകൾ.
ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന പേരിൽ വിജിലൻസ് സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിൽ വമ്പൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഏജന്റുമാരെയും ആധാരമെഴുത്തുകാരെയും ഉപയോഗിച്ചുള്ള വൻ കൈക്കൂലിയടപാടുകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മിന്നൽ റെയ്ഡുകളിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ, ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽ നിന്നായി 1,46,375 രൂപയും, 7 സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ച് വച്ച നിലയിൽ കാണപ്പെട്ട കൈക്കൂലി പണമായ 37,850 രൂപയും, നാല് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നായി കണക്കിൽപ്പെടാത്ത 15,190 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽ നിന്നായി 9,65,905 രൂപ യു.പി.ഐ മുഖാന്തിരം കൈക്കൂലി പണം കൈപ്പറ്റിയതായും വിജിലൻസ് കണ്ടെത്തി.
സബ് രജിസ്ട്രാർ ഓഫീസുകൾ മുഖേന നൽകി വരുന്ന ആധാരം രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക്, ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
വസ്തു രജിസ്‌ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്നവരിൽ നിന്നും എഴുത്തുകൂലിക്ക് പുറമേ കൂടുതൽ പണം ആധാരമെഴുത്തുകാർ വാങ്ങി സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീതം വച്ച് കൈക്കൂലിയായി നൽകുന്നതായും ഫെയർവാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്‌ട്രേഷൻ നടത്തുമ്പോൾ വിൽപ്പന വില കുറച്ച് കാണിച്ച് ആധാരം രജിസ്‌ട്രേഷൻ നടത്തുന്നതായും, കൈക്കൂലി കൈപ്പറ്റി ഉദ്യോഗസ്ഥർ ഈ ക്രമക്കേടിന് കൂട്ടു നിൽക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
റവന്യു ജില്ലയിലെ ഏതൊരു രജിസ്ട്രാർ ഓഫീസിലും രജിസ്‌ട്രേഷൻ ചെയ്യാമെന്നുള്ള പദ്ധതി മുതലെടുത്ത് അഴിമതിയും ക്റമക്കേടുകളും നടക്കുന്നതായും, ഈ പദ്ധതിയുടെ മറവിൽ ഫ്ളാറ്റുകളുടെയും മറ്റും വില കുറച്ച് കാണിച്ച് അഴിമതിക്കാരായ സബ് രജിസ്ട്രാർമാർ ചുമതല വഹിക്കുന്ന ഓഫീസുകൾ മുഖേന രജിസ്‌ട്രേഷൻ നടത്തി രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലും, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
സംസ്ഥാനതല മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 8,500 രൂപ വിജിലൻസ് പിടിച്ചെടുത്തു, പത്തനംതിട്ട ജില്ലയിലെ കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് പണം കൈമാറാൻ എത്തിയ ഏജന്റിൽ നിന്നും, 11,500 രൂപയും, ഓഫീസിലെ റെക്കോർഡ് റൂമിനുള്ളിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 24,300 രൂപയും പിടിച്ചെടുത്തു.
പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും റിക്കോർഡ് റൂമിനുള്ളിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 6,500 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 2000 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയത് വിജിലൻസ് കണ്ടെത്തി.
ഇടുക്കി ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 91,500 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതും, പീരുമേട് സബ് രജിസ്ട്റാർ ഓഫീസിലെ റിക്കോർഡ് റൂമിൽ നിന്നും കണക്കിൽപ്പെടാത്ത 700 രൂപയും, വിജിലൻസ് കണ്ടെത്തി.
ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ആധാരമെഴുത്തുകാരന്റെ പക്കൽ നിന്നും 15,000 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലി കൈപ്പറ്റിയതും കണ്ടെത്തി.
ആലുവ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി പണം കൈമാറാൻ എത്തിയ ഏജന്റിൽ നിന്നും, 9,500 രൂപയും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 600 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
കൊച്ചി സബ് രജിസ്ട്റാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ മുഖാന്തിരം ആധാരമെഴുത്തുകാർ 18,800 രൂപയും, തൃപ്പൂണിത്തുറ സബ് രജിസ്ട്റാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ മുഖാന്തിരം ആധാരമെഴുത്തുകാർ 30,610 രൂപയും കൈക്കൂലിയായി അയച്ച് നൽകിയിരിക്കുന്നതായി മിന്നൽ പരിശോധനയിൽ കണ്ടെത്തി.
ചാലക്കുടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് നൽകാൻ കൈക്കൂലി പണവുമായി എത്തിയ ഏജന്റിനെ 4,600 രൂപയുമായി വിജിലൻസ് പിടികൂടി.
കൊടുങ്ങല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലെ മിന്നൽ പരിശോധനയിൽ ഒരു ഏജന്റിനെ 6,400 രൂപയുമായും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 1590 രൂപയും, ഓഫീസിലെ റിക്കോർഡ് റൂമിനുള്ളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും വിജിലൻസ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൈക്കൂലി പണവുമായി എത്തിയ ഒരു ഏജന്റിനെ 21,600 രൂപയുമായി പിടികൂടുകയും, ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ രണ്ട് ആധാരമെഴുത്തുകാർ 1,06,000 രൂപ കൈക്കൂലിയായി അയച്ച് നൽകിയതായും കണ്ടെത്തി.
മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 1,100 രൂപയുമായി വിജിലൻസ് പിടികൂടി. നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലെ റിക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കിടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ കണക്കിൽപ്പെടാത്ത 4,700 രൂപയും, മൂന്ന് ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാർ 1,03,030 രൂപ ഗൂഗിൾപേ മുഖേന കൈക്കൂലിയായി പണം അയച്ച് നൽകിയിരുന്നതും കണ്ടെത്തി.
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി 26,000 രൂപയുമായി എത്തിയ ഏജന്റിനെ വിജിലൻസ് പിടികൂടി.
പൊന്നാന്നി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കൈക്കൂലി നൽകാനായി 7,860 രൂപയുമായി എത്തിയ 3 ഏജന്റുമാരെ പിടികൂടുകയും, റിക്കോർഡ് റൂമിൽ ഒളിപ്പിച്ച് വച്ച നിലയിൽ 1260 രൂപ വിജിലൻസ് കണ്ടെത്തുകയും ചെയ്തു.
കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി 5,950 രൂപയുമായി എത്തിയ ഏജന്റിനെ പിടികൂടുകയും, ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും, കണക്കിൽപ്പെടാത്ത 4,500 രൂപയും, മറ്റൊരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 1000 രൂപ ആധാരമെഴുത്തുകാരനിൽ നിന്നു കൈക്കൂലി കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.
കോഴിക്കോട് ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കൈക്കൂലി പണവുമായി എത്തിയ ഏജന്റിനെ 20,000 രൂപയുമായി പിടി.
ഒരു ഉദ്യോഗസ്ഥൻ 59,225 രൂപ ആധാരമെഴുത്തുകാരനിൽ നിന്നും കൈക്കൂലിയായി ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി. കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നും 4,750 രൂപ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലിയായി കൈപ്പറ്റിയതു കണ്ടെത്തി.
കോഴിക്കോട് സബ് രജിസ്ട്റാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി 15,130 രൂപയുമായി എത്തിയ ഏജന്റിനെ വിജിലൻസ് പിടികൂടി. കുറ്റിയാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്ന 5,600 രൂപയുമായി വിജിലൻസ് പിടികൂടി. മറ്റൊരു ഉദ്യോസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നു 5,600 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി കൈപ്പറ്റിയത് കണ്ടെത്തി.
വയനാട് കല്പറ്റ സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരനിൽ നിന്നും, 1250 രൂപ ഗൂഗിൾപേ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി.
മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ഏജന്റിനെ 11,135 രൂപയുമായി പിടികൂടുകയും, ഒരു ഉദ്യോഗസ്ഥൻ 1410 രുപ ഒരു ഏജന്റിന്റെ പക്കൽ നിന്നു ഗൂഗിൾപേ മുഖാന്തിരം കൈപ്പറ്റിയതായും കണ്ടെത്തി.
സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്റാവശ്യമായി ആധാരമെഴുത്തുകാരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലിയായി 3,37,300 രൂപ വാങ്ങിയതും വിജിലൻസ് കണ്ടെത്തി.
കാസർകോട് ബദിയടുക്ക സബ് രജിസ്ട്റാർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ആധാരമെഴുത്തുകാരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലിയായി 1,89,680 രൂപ വാങ്ങിയതും വിജിലൻസ് കണ്ടെത്തി.