/sathyam/media/media_files/2025/05/11/lPrASmvKGlpym01ZAzVl.jpg)
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടെന്ന കടുത്ത നിലപാടുമായി സർക്കാർ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, നിലവറ തുറക്കുന്നത് വിശ്വാസികളുടെ വികാരം എതിരാക്കുമെന്നും തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു.
നിലവറ തുറക്കൽ അനവസരത്തിലെ ചർച്ചയായിപ്പോയെന്ന നിഗമനത്തിൽ തുടർ ചർച്ചകളിൽ നിന്ന് സർക്കാർ പിന്മാറാനാണ് സാദ്ധ്യത. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്നും പെട്ടെന്ന് തുറക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ച് ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ രംഗത്തെത്തിയിട്ടുണ്ട്.
അത്തരമൊരു ആലോചനയും ഇപ്പോഴില്ല. ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ല.
നിലവറ തുറക്കൽ ആചാരപരമായ കാര്യമാണെന്ന് പറഞ്ഞ കരമന ജയൻ സംസ്ഥാന സർക്കാർ പ്രതിനിധി വിഷയം ഉന്നയിച്ചതിൽ പ്രതിഷേധമറിയിച്ചിട്ടുമുണ്ട്.
ഇപ്പോൾ നിലവറ തുറക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോയാൽ അത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും ഹിന്ദുക്കളുടെ വോട്ട് ഏകീകരണത്തിലേക്ക് വഴിതുറക്കുമെന്നും സർക്കാർ കരുതുന്നു.
ഇപ്പോഴത്തെ ചർച്ചകൾക്ക് പിന്നിൽ തത്പരകക്ഷികളുടെ ലക്ഷ്യമുണ്ടെന്നും നിഗമനമുണ്ട്. 2011ലാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകൾ തുറന്നത്.
എ തുറന്നപ്പോൾ വിദഗ്ധസമിതി കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. എ നിലവറയിൽ നിന്ന് കിട്ടിയതിന്‍റെ പതിന്മടങ്ങ് അപൂർവ്വ ശേഖരം ബി നിലവറയിൽ ഉണ്ടെന്നാണ് അന്നേ പറഞ്ഞു കേട്ടത്.
2011 ൽ തന്നെ ബി നിലവറ തുറക്കാൻ ശ്രമിച്ചപ്പോൾ വിദഗ്ധസമിതി അംഗം ജസ്റ്റിസ് സിഎസ് രാജന്റെ കാൽ മുറിഞ്ഞ് നിലവറയിൽ രക്തം പൊടിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, ക്ഷേത്ര ഉപദേശക സമിതിയുടെയും സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകൃതമായിട്ടുള്ള ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ബി നിലവറ വീണ്ടും ചർച്ചയ്ക്ക് വന്നത്.
ഭരണ സമിതിയിലെ സർക്കാർ പ്രതിനിധി അഡ്വ എ.വേലപ്പൻനായരാണ് നിലവറ തുറന്ന് പരിശോധിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. നിലവറ തുറക്കുന്നതിൽ ഭരണ സമിതിക്ക് തീരുമാനം കൈക്കൊള്ളാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ യോഗത്തിൽ ക്ഷേത്ര തന്ത്രി പങ്കെടുക്കാതിരുന്നതിനാലും കൊട്ടാരം പ്രതിനിധി ഈ നിർദ്ദേശത്തോട് യോജിക്കാതിരുന്നതിനാലും വിഷയം കൂടുതൽ ചർച്ചയായില്ല. മാത്രമല്ല, ഇക്കാര്യത്തിൽ ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം നിർണായകമാണ്.
നിലവറകൾ തുറക്കേണ്ടെന്നാണ് സർക്കാർ നിലപാടെങ്കിലും ആരെങ്കിലും ഇക്കാര്യമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ കാര്യങ്ങൾ കുഴയും. അവിടെ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടി വരും.
കോടതി ഉത്തരവ് നിലവറ തുറക്കാനായാലും സർക്കാർ കുഴയും. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2011 ലാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മറ്റു നിലവറകൾ തുറന്ന് ഇവിടെ സൂക്ഷിച്ചിട്ടുള്ള സ്വർണ, രത്ന ശേഖരങ്ങളുടെ മൂല്യ നിർണയം നടത്തിയത്.
എന്നാൽ വിലമതിക്കാനാവാത്ത അപൂർവ ശേഖരമുള്ള ബി നിവറ പലവിധ കാരണങ്ങളാൽ അന്ന് തുറന്ന് പരിശോധിച്ചിരുന്നില്ല. ബി നിലവറ തുറന്നാൽ അനിഷ്ടങ്ങൾ സംഭവിക്കുമെന്നും വിശ്വാസങ്ങളുടെ ലംഘനമാവുമെന്നും മറ്രുമുള്ള അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് അന്ന് ഈ ശ്രമത്തിൽ നിന്ന് ഭരണ സമിതി പിന്മാറിയത്. ബി നിലവറയെപ്പറ്റി നിരവധി ഐതിഹ്യങ്ങളും പ്രചരിച്ചിട്ടുണ്ട്.
ഇത് തുറന്നാൽ കടൽവെള്ളം ഇവിടേക്ക് കയറുമെന്നും ഈ അറയിൽ വലിയ തുരങ്കമുണ്ടെന്നും നിധി ശേഖരത്തിന് നാഗങ്ങളുടെ കാവലുണ്ടെന്നുമൊക്കെയാണ് കേൾക്കുന്ന ഐതിഹ്യങ്ങൾ.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന് ഏകദേശം ഒരു ലക്ഷം കോടി രൂപയോളം വിലമതിക്കുമെന്നാണ് കരുതുന്നത്.
ആറ് നിലവറകളിലായി സൂക്ഷിച്ചിരിക്കുന്ന ഈ നിധിയിൽ സ്വർണ്ണം, രത്നങ്ങൾ, സ്വർണ്ണ പ്രതിമകൾ, സ്വർണ്ണാഭരണങ്ങൾ തുടങ്ങിയ പലതരം വിലപിടിപ്പുള്ള വസ്തുക്കളുണ്ട്. ഇതിൽ ബി നിലവറയിലെ നിധിക്ക് ഏറ്റവും കൂടുതൽ മൂല്യമുണ്ടെന്നു കരുതുന്നു.
നാഗമാണിക്യം അടക്കം ഈ അറയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ബി നിലവറയുടെ താക്കോൽ നഷ്ടപ്പെട്ടതിനാലാണ് തുറക്കാതിരുന്നതെന്ന പക്ഷവുമുണ്ട്. അതല്ല, മന്ത്രാക്ഷരങ്ങൾ ഉപയോഗിച്ചുള്ള അക്ഷരപ്പൂട്ടിട്ടാണ് നിലവറ ഭദ്രമാക്കിയിട്ടുള്ളതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
16 അടി നീളത്തിലുള്ള ശ്രീപദ്മനാഭ വിഗ്രഹത്തിന്റെ അടിയിലായിട്ടാണ് ഈ നിലവറ സ്ഥിതി ചെയ്യുന്നത്. കടുശർക്കര യോഗക്കൂട്ടു കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്.
ഇലക്ട്രിക് കട്ടർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് തുറക്കാൻ ശ്രമിച്ചാൽ വിഗ്രഹത്തിന് കേടുപാട് സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.