/sathyam/media/media_files/2025/08/13/photos8-2025-08-13-23-41-36.jpg)
തിരുവനന്തപുരം : രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് വേണ്ടി അട്ടിമറിക്കാൻ വോട്ട് കൊള്ള നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ബി.ജെ.പി അടി പതറിയെന്ന് സൂചന.
രാഹുൽ വസ്തുതകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്കെതിരെ തിരിച്ച് ആരോപണമുന്നയിച്ച് ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പു കമ്മീഷൻ- ബി.ജെ.പി ബന്ധം എന്ന ആരോപണം കൂടുതൽ ശക്തമാകുകയാണ്.
മുൻ കോൺഗ്രസ് അദ്ധ്യക്ഷയും പാർട്ടി പ്രവർത്തകസമിതിയംഗവുമായ സോണിയ ഗാന്ധി പൗരത്വം കിട്ടുന്നതിന് മുമ്പ് വോട്ട് ചേർത്തുവെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്.
1968ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയയ്ക്ക് 1983ലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്.
അതിന് മുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നുവെന്നും 1982ൽ പ്രതിഷേധമുണ്ടായപ്പോൾ ഇത് നീക്കം ചെയ്തുവെന്നും തുടർന്ന് 1983ൽ പൗരത്വം ലഭിച്ച ശേഷം ഉൾപ്പെടുത്തിയെന്നുമാണ് ആരോപണം.
ഈ വിവരങ്ങൾ ശരിയാണെങ്കിൽ എന്ത് കൊണ്ട് ബി.ജെ.പി മുമ്പ് ഇത് ഉന്നയിച്ചില്ലെന്ന ചോദ്യമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയരുന്നത്.
വോട്ടർ പട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ച സമയത്ത് അതേ പറ്റി മറുപടി പറയാൻ പറ്റാത്ത സാഹചര്യം സംജാതമായപ്പോൾ മറ്റൊരു ആരോപണം കൊണ്ട് രാഹുലിനെ നേരിടുന്ന ബി.ജെ.പിയുടെ നീക്കത്തിൽ ദുരൂഹതയുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഇതിന് പുറമേ രാഹുലും നിലവിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ച് വിജയിച്ച വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാർ ഉണ്ടെന്ന ആരോപണവും ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ ഉന്നയിച്ചു കഴിഞ്ഞു.
രണ്ട് കാര്യങ്ങളും നേരത്തെ ഉന്നയിക്കാതിരുന്ന ഇവർ രാഹുൽ ഗാന്ധിയുടെ വസ്തുതാപരമായ ആരോപണത്തിന് പിന്നാലെ ഇക്കാര്യങ്ങൾ ഉന്നയിച്ചതാണ് ബി.ജെ.പി - തിരഞ്ഞെടുപ്പ് കമ്മീഷൻ അവിശുദ്ധ ബന്ധമെന്ന ആരോപണത്തിന് കൂടുതൽ ശക്തി പകരുന്നത്.
വയനാട്ടിൽ ഇത്തരം വോട്ടർമാർ ഉണ്ടോയെന്ന കാര്യമാണ് ആദ്യം വ്യക്തമാകേണ്ടത്. ഇനി ഉണ്ടെങ്കിൽ അതെങ്ങനെ ചേർക്കപ്പെട്ടുവെന്നും വോട്ട് കൊള്ള സംബന്ധിച്ച കാര്യങ്ങൾ പുറത്താവുമ്പോൾ, ആരോപണത്തിന്റെ വിശ്വാസ്യത തകർക്കാൻ ബി.ജെ.പി തന്നെ ഒരുക്കിയ കെണിയാണോ എന്ന സംശയവും വ്യാപകമായി ഉന്നയിക്കപ്പെടുന്നു.
രാഹുൽ ഗാന്ധി പവർ പോയിന്റ് പ്രസന്റേഷനിലൂടെ അക്കമിട്ട് വ്യക്തതയോടെ വസ്തുതാപരമായി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാത്ത ബി.ജെ.പി നേതൃതവമാണ് പുതിയ ചില ആരോപണങ്ങളിലൂടെ രാഹുലിന്റെയും കോൺരഗസിന്റെയും വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് കോൺരഗസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.