/sathyam/media/media_files/2025/08/14/photos12-2025-08-14-01-07-26.jpg)
തിരുവനന്തപുരം: മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ‘സ്മൃതി വന്ദനം 2025’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
122 കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.
കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
അവയവദാന രംഗത്ത് കേരളം നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഇൻഷുറൻസ് പരിരക്ഷയോടെ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഉത്തരവ് ഉടൻതന്നെ പുറപ്പെടുവിക്കും.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ എടുക്കുന്ന അവയവദാനത്തിനായുള്ള തീരുമാനം ലോകത്തിലെ ഏറ്റവും മഹത്തായ തീരുമാനമാണെന്ന് മന്ത്രി പറഞ്ഞു.
അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുതാര്യമാക്കുന്നതിനായാണ് ഈ സർക്കാരിന്റെ കാലത്ത് കെ സോട്ടോ രൂപീകരിച്ചത്. ഇതുവരെ 389 മരണാനന്തര അവയവദാനങ്ങൾ കേരളത്തിൽ നടന്നു.
അതിന്റെ ഗുണഭോക്താക്കളായി 1,120 പേർക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവെച്ചാൽ മാത്രം ജീവൻ നിലനിർത്താൻ കഴിയുന്ന 2,801 രോഗികൾ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അവയവദാനത്തിൽ പലവിധ പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. കോടതി വ്യവഹാരങ്ങൾ കാരണം അവയവദാനം സർട്ടിഫൈ ചെയ്യുന്നതിന് പല ഡോക്ടർമാരും മടിക്കുന്നു. അതേസമയം കോടതികൾ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പിന്തുണ നൽകി.
ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തേക്കാൾ കൂടുതൽ മരണാനന്തര അവയവദാനം സമൂഹത്തിൽ വർധിക്കേണ്ടതുണ്ട്. മസ്തിഷ്‌ക മരണാനന്തരം ഒരാൾക്ക് എട്ടിലധികം പേർക്ക് ജീവൻ നൽകാൻ കഴിയുമെങ്കിൽ അതിൽപ്പരം മറ്റൊരു പുണ്യമില്ല.
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്നിൽ കണ്ടാണ് അവയവദാന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ‘ജീവനേകാം ജീവനാകാം’ എന്ന പേരിൽ കെ-സോട്ടോ ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്.
അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ ജീവൻ ദാനം എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ ഇപ്പോൾ കുടുംബശ്രീയുമായി സഹകരിച്ച് വിപുലമായിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം സെന്റ് തെരേസസ് കോളേജിലെ 1000 ത്തോളം വിദ്യാർത്ഥിനികൾ ഒരുമിച്ച് അവയവദാന രജിസ്ട്രേഷൻ ചെയ്തതുമെല്ലാം മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകകളാണ്. പല സംഘടനകളും ഇതേറ്റെടുത്തത് സന്തോഷമുള്ള കാര്യമാണ്.
കേരളത്തിൽ, ഈ സർക്കാർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. 10 കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി.
ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയക്ക് മാത്രമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റ് എന്ന സ്ഥാപനം കോഴിക്കോട് ആരംഭിക്കുന്നതിന് വേണ്ടി 643.88 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
ജർമനിയിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ കേരളത്തിൽനിന്ന് മിഥുൻ അശോക്, എസ്. സുജിത്ത് എന്നിവർ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഇവർക്ക് മന്ത്രി വിജയാശംസകൾ നേർന്നു.
ആന്റണി രാജു എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി. വിശ്വനാഥൻ സ്വാഗതവും കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് കൃതജ്ഞതയും പറഞ്ഞു.
അവയവദാന രംഗത്തെ മികച്ച സംഭാവനകൾക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ വിതരണം ചെയ്തു. ബോധവത്കരണ വീഡിയോ ജില്ലാ കളക്ടർ അനുകുമാരി പ്രകാശനം ചെയ്തു.