/sathyam/media/media_files/2025/08/14/untitled-design17-2025-08-14-12-23-42.jpg)
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐക്കാരുടെ റാഗിംഗിനിടെ സിദ്ധർത്ഥനെന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പാപക്കറ കഴുകിക്കളയാൻ ഇടതു സർക്കാർ ആന്റി റാഗിംഗ് നിയമം പൊളിച്ചെഴുതുന്നു.
നിലവിലുള്ള 1998-ലെ കേരള റാഗിംഗ് നിരോധനനിയമം ഭേദഗതികളിലൂടെ കൂടുതൽ ശക്തവും കാര്യക്ഷമവുമായി മാറ്റാനാണ് ഒരുക്കങ്ങൾ നടക്കുന്നത്.
നിലവിൽ രണ്ടുവർഷം വരെ തടവും 10,000 രൂപ പിഴയും ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ ഭേദഗതി ബിൽ പ്രകാരം മൂന്നുവർഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്റർനെറ്റ് വഴിയുള്ള ഡിജിറ്റൽ റാഗിംഗ് ഉൾപ്പെടെ എല്ലാത്തരം റാഗിംഗുകളും ഇനി കോഗ്‌നിസബിൾ കുറ്റകൃത്യങ്ങളായി കണക്കാക്കും.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഭേദഗതി നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
പുതിയ ബില്ലിൽ റാഗിംഗിന്റെ നിർവചനം വിപുലീകരിക്കുകയും സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വിപുലീകരിച്ച നിർവചനം അനുസരിച്ച് ശാരീരികവും വാക്കാലുള്ളതുമായ അതിക്രമങ്ങൾക്കപ്പുറം, റാഗിംഗ് ആയി കണക്കാക്കുന്ന പ്രവർത്തനങ്ങളുടെ വിപുലമായ ഒരു പട്ടികയാണ് ബില്ലിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിൽ 19 വിഭാഗം കുറ്റകൃത്യങ്ങളാണ് ഉൾപ്പെടുന്നത്. റാഗിംഗിനായുള്ള പ്രേരണ, ഗൂഢാലോചന, നിയമവിരുദ്ധമായ ഒത്തുചേരൽ.
ലൈംഗിക കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഭീഷണി, പുതിയ വിദ്യാർത്ഥികളെ മദ്യം അല്ലെങ്കിൽ എൻ.ഡി.പി.എസ് നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കൾ നിർബന്ധിച്ച് കഴിപ്പിക്കുക, ഇന്റർനെറ്റ്, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള ഉപദ്രവം എന്നിവയടക്കം കുറ്റകൃത്യങ്ങളെ കൃത്യമായി നിർവചിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജില്ലാ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല ആന്റി റാഗിംഗ് കമ്മിറ്റികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
ഓരോ സ്ഥാപനത്തിലും ആന്റി റാഗിംഗ് കമ്മിറ്റികൾ, സ്‌ക്വാഡുകൾ, മെന്ററിംഗ് സെല്ലുകൾ എന്നിവയും രൂപീകരിച്ച് നടപ്പിലാക്കും. ഇതിന് പുറമേ സംസ്ഥാനതല മോണിറ്ററിംഗ് സെല്ലും സംസ്ഥാന നോഡൽ ഓഫീസറും പുതിയ ബിൽ ്രപകാരം നിലവിൽ വരും.
സ്ഥാപന മേധാവികൾക്ക് റാഗിംഗ് പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും ഭേദഗതി ബില്ലിൽ നിർദ്ദേശമുണ്ട്.
പ്രാഥമിക തെളിവുകൾ ഉണ്ടെങ്കിൽ പ്രതിയായ വിദ്യാർത്ഥിയെ ഉടൻ സസ്‌പെൻഡ് ചെയ്യണം. കൂടുതൽ നടപടികൾക്കായി പൊലീസിനെ അറിയിക്കണമെന്നത് നിർബന്ധമാണെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
യു.ജി.സി ചട്ടങ്ങളും സംസ്ഥാന നിയമങ്ങളും തമ്മിലുള്ള നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുന്നതിനാൽ ഭേദഗതി ബില്ലിൽ നിയമ വകുപ്പിന്റെ അഭിപ്രായവും തേടിയിട്ടുണ്ട്.