/sathyam/media/media_files/2025/08/15/1001173135-2025-08-15-14-06-58.webp)
മലപ്പുറം: അൻവറുമായി അനുനയ ചർച്ച നടത്തിയെന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി പി.വി അൻവർ.
അജിത് കുമാറുമായി ചർച്ച നടന്നിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് അജിത് കുമാറുമായിരുന്നു ചർച്ചയെന്നും അൻവർ പ്രതികരിച്ചു.
യൂട്യൂബർ വയർലെസ് ചോർത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നും അൻവർ വ്യക്തമാക്കി.
തന്നെ എം ആർ അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണം.
എം.ആർ അജികുമാർ നെട്ടോറിയൽസ് ക്രിമിനൽ എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും സർക്കാർ ഇപ്പോഴും എന്തിനാണ് താങ്ങി നിർത്തുന്നതെന്നും അൻവർ ചോദിച്ചു.
അജിത് കുമാറിനെതിരെ വിശദമായ പരാതി നൽകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നാണ് പി.വി അൻവറിന്റെ വിശദീകരണം.
ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ട്. അജിത് കുമാർ ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാളാണെന്നും പി.വി അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരം പി.വി അൻവറുമായി അനുനയ ചർച്ച നടത്തിയെന്ന് എഡിജിപി അജിത് കുമാറും മൊഴി നൽകിയിരുന്നു.
ക്രമസമാധാന ചുമതലയിൽ നിന്ന് തന്നെ മാറ്റാനുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ എന്നാണ് എം.ആർ അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നത്.
പി.വി അൻവറും പൊലീസിലെ ചിലരും സംഘടന നേതാക്കളുമാണ് ഇതിന് പിന്നിൽ. ആരോപണം ഉന്നയിച്ചവർക്ക് പൊലീസുകാർ തന്നെ വ്യാജ രേഖകൾ ഉണ്ടാക്കി കൈമാറിയതായും അജിത് കുമാർ ആരോപിക്കുന്നു.
വിദ്വേഷ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് പി.വി അൻവർ തന്നോട് ആവശ്യപ്പെട്ടു.
എന്നാൽ ഇപ്രകാരം കേസെടുക്കാൻ ആവില്ല എന്ന് നിയമം ലഭിച്ചതോടെ അതുണ്ടായില്ലെന്നും ഇതിലുള്ള വിരോധത്തിലാണ് അൻവർ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് അജിത് കുമാർ പറഞ്ഞത്.
അൻവർ നിരന്തരം പരാതികൾ ഉന്നയിച്ചതോടെ സംശയങ്ങൾ ദൂരീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് തിരുവനന്തപുരത്ത് വെച്ച് അൻവറിനെ കണ്ടതെന്ന് എഡിജിപിയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.