/sathyam/media/media_files/2025/08/15/cocunut-tree-2025-08-15-22-24-44.jpg)
തിരുവനന്തപുരം: നാളികേര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും തൊഴിലാളികൾക്കുമായി നാളികേര വികസന ബോർഡിന്റെ പുതുക്കിയ ‘കേര സുരക്ഷ' ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഗുണഭോക്താവ് അടയ്ക്കേണ്ട വാർഷിക വിഹിതം 239 രൂപയിൽനിന്ന് 143 രൂപയായി കുറച്ചു. ബോർഡ് സബ്സിഡിയായി നൽകുന്ന 85 ശതമാനം കിഴിച്ച് ബാക്കി 15 ശതമാനം മാത്രമേ അപേക്ഷകൻ അടയ്ക്കേണ്ടതുള്ളൂ.
ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ അടയ്ക്കാം.
തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതിയാണ് നാളികേര തോട്ടങ്ങളിലും നാളികേര സംസ്കരണ ശാലകളിലും തേങ്ങ പൊതിക്കൽ, പൊട്ടിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെകൂടി ഉൾപ്പെടുത്തി വിപുലീകരിച്ചത്.
ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാൽ ഏഴു ലക്ഷം രൂപയും ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്ക് രണ്ടു ലക്ഷം രൂപ വരെയും നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഈ പദ്ധതി.
വിവരങ്ങൾക്ക് ബോർഡിന്റെ വെബ്സൈറ്റ് www.coconutboard.gov.in സന്ദർശിക്കുക. ഫോൺ: 0484-2377266