വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ്

സംരംഭങ്ങളുടെ അംഗീകാരങ്ങൾക്കായി അപേക്ഷിക്കുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക, പേയ്മെൻറുകൾ നടത്തുക, ലൈസൻസുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയെല്ലാം കെ-സ്വിഫ്റ്റ് പോർട്ടലിൽ നിന്ന് സാധ്യമാകും. 

New Update
images (1280 x 960 px)(102)

തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വർധിപ്പിക്കുന്നതിൻറെ ഭാഗമായി വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇൻറർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരൻറ് ക്ലിയറൻസ്). 

Advertisment

സംരംഭങ്ങളുടെ അംഗീകാരങ്ങൾക്കായി അപേക്ഷിക്കുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക, പേയ്മെൻറുകൾ നടത്തുക, ലൈസൻസുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയെല്ലാം കെ-സ്വിഫ്റ്റ് പോർട്ടലിൽ നിന്ന് സാധ്യമാകും. 


22 വകുപ്പുകളിലായി 120 സേവനങ്ങളാണ് ഇതിൽ സംയോജിപ്പിച്ചിരിക്കുന്നത്. കെ-സ്വിഫ്റ്റ് പ്ലാറ്റ് ഫോം വഴി നിക്ഷേപ നിർദ്ദേശങ്ങൾക്ക് ഉടനടി അനുമതി നൽകും.


വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേഗത്തിലും സുതാര്യവുമാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് കെ സ്വിഫ്റ്റ് (https://kswift.kerala.gov.in/index/). 

ഉദ്യോഗസ്ഥ തടസ്സങ്ങൾ കുറച്ചുകൊണ്ട് സംരംഭകത്വം വളർത്തിയെടുക്കാനും അതുവഴി സംസ്ഥാനത്ത് കൂടുതൽ വ്യവസായസൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനുമാണ് കെ-സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്.


എംഎസ്എംഇകൾക്ക് മൂന്നര വർഷത്തെ ഇൻ-പ്രിൻസിപ്പൽ അപ്രൂവൽ ഉപയോഗിച്ച് വ്യവസായ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. മുൻകൂർ അംഗീകാരങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല. 


തത്സമയ ആപ്ലിക്കേഷൻ ട്രാക്കിംഗ്, സ്റ്റാൻഡേർഡ് ടൈംലൈനുകൾ എന്നിവയുണ്ടാകും. നവീകരിച്ച കെ-സ്വിഫ്റ്റ് പോർട്ടൽ നടപ്പിലാക്കിയതിനുശേഷം ഏകദേശം 75,000-ത്തിലധികം എംഎസ്എംഇകളാണ്‌ ആരംഭിച്ചത്‌. 

എംഎസ്എംഇകൾക്കുള്ള ഇൻ-പ്രിൻസിപ്പൽ അപ്രൂവൽ കാലയളവ് സർട്ടിഫിക്കറ്റ് അനുവദിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്ക് സാധുതയുള്ളതാണ്. 


എന്നാൽ ഇപ്പോൾ സാധുത മൂന്നര വർഷമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ പ്രത്യേക അനുമതികൾ നേടുന്നതിൽ നിന്നും പരിശോധനകൾക്ക് വിധേയമാകുന്നതിൽ നിന്നും സംരംഭങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 


സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 'റെഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത വ്യവസായ സംരംഭങ്ങൾക്ക് ഓട്ടോമാറ്റിക് അംഗീകാരത്തിന് അർഹതയുണ്ട്. 

ഈ പ്രക്രിയയ്ക്ക് സെൽഫ് സർട്ടിഫിക്കേഷൻ മതി. അപേക്ഷയും ഫീസും സമർപ്പിച്ചാൽ യോഗ്യതയുള്ള സംരംഭങ്ങൾക്ക് കെ-സ്വിഫ്റ്റിലൂടെ ഉടനടി അംഗീകാര സർട്ടിഫിക്കറ്റ് നൽകും. 

കെ-സ്വിഫ്റ്റിലെ പൊതു അപേക്ഷാ ഫോം (സിഎഎഫ്) ഉപയോഗിച്ച് സംരംഭകർക്ക് ഒറ്റ അപേക്ഷയിലൂടെ വിവിധ വകുപ്പുകളിലെ ഒന്നിലധികം ലൈസൻസുകളും അംഗീകാരങ്ങളും ലഭിക്കും.

Advertisment