/sathyam/media/media_files/2025/08/18/1001180840-2025-08-18-14-16-27.jpg)
തിരുവനന്തപുരം: കെ.പി.സി.സിയിൽ നേതൃമാറ്റം സംഭവിച്ചതോടെ സംസ്ഥാന കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉദയം ചെയ്യുന്നു.
കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പുകളായ എ, ഐ ഗ്രൂപ്പുകളെ പൊളിച്ചെഴുതി കൊണ്ടാണ് പുതിയ നേതാക്കളുടെ കീഴിൽ ചേരികൾ രൂപപ്പെടുന്നത്.
ഗ്രൂപ്പുകൾ പാർട്ടിയെ നശിപ്പിച്ചെന്ന വിലയിരുത്തലിൽ ഒരുകാലത്ത്ഗ്രൂ പ്പുകൾക്ക് എതിരെ സംസാരിച്ചവരാണ് ഇപ്പോൾ കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾക്ക് രൂപം നൽകുന്നത്.
പരമ്പരാഗത ഗ്രൂപ്പുകൾ പല നേതാക്കൾക്ക് കീഴിൽ ചിതറി പോയതാണ് പുതിയ ചിരിതിരിവുകൾ രൂപപ്പെടുന്നതിന് വഴി ഒരുക്കുന്നത്.
കെ.പി.സി.സിയുടെ പുതിയ വർക്കിംഗ് പ്രസിഡണ്ടുമാരായി നിയമിതരായ പി.സി.വിഷ്ണുനാഥിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പുകളിൽ ഒന്ന് രൂപം കൊള്ളുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലും വിഷ്ണു -ഷാഫി ഗ്രൂപ്പിൻറെ പിന്നണിയിൽ ഉണ്ട്.
വർക്കിംഗ് പ്രസിഡണ്ടുമാരായതോടെ ഇരുവർക്കും പാർട്ടിക്ക് അകത്ത് സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് പുതിയ സമവാക്യങ്ങൾ ചമയ്ക്കുന്നത്.
എ ഗ്രൂപ്പിൽ ഒരുമിച്ച് ഉണ്ടായിരുന്നനേ താക്കളാണ് വിഷ്ണുനാഥും ഷാഫി പറമ്പിലും. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മോശമായത് മുതൽ പല നേതാക്കൾക്ക് കീഴിലായി ചിതറിപ്പോയ പഴയ എ ഗ്രൂപ്പിനെ, അതേപടി അല്ലെങ്കിലും പുനരു ജീവിപ്പിക്കുകയാണ് വിഷ്ണുനാഥും ഷാഫി പറമ്പിലും ചെയ്യുന്നത്.
എ ഗ്രൂപ്പിന് പുറത്തുള്ളവരെയും കൂടെ കൂട്ടാൻ ഇരുവരും ശ്രമിക്കുന്നുണ്ട്. കെ.പി.സി.സി പുന: സംഘടനാ ചർച്ചകളിൽ ഏതെങ്കിലും ഒരു പ്രധാന നേതാവ് ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ പേര് നിർദ്ദേശിച്ചാൽ അവരെ വിളിച്ച് ഒപ്പം നിർത്തുക എന്നതാണ് വിഷ്ണുനാഥിന്റെയും ഷാഫി പറമ്പിലിന്റെയും ഇപ്പോഴത്തെ ഗ്രൂപ്പ് രൂപീകരണ തന്ത്രം.
തങ്ങളാണ് പേര് നിർദ്ദേശിച്ചതെന്നും ഭാരവാഹി ആക്കാൻ പരമാവധി ശ്രമിക്കുമെന്നും ഒപ്പം നിൽക്കണമെന്നുമാണ് വിഷ്ണുനാഥും ഷാഫി പറമ്പിലും പറയുന്നതെന്നാണ് ആരോപണം.
വർക്കിംഗ് പ്രസിഡണ്ടുമാരായതുകൊണ്ട് പുനഃസംഘടന ചർച്ചകളിൽ രണ്ടു നേതാക്കളും സജീവമായി പങ്കെടുക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ഏതു പേരുകൾ നിർദ്ദേശിക്കപെട്ടാലും ഉടൻതന്നെ ഇവർക്ക് അറിയാൻ കഴിയുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരം ഉപയോഗപ്പെടുത്തിയാണ് പുതിയ ഗ്രൂപ്പ് രൂപപ്പെടുത്താൻ ശ്രമിക്കുന്നത്.
ഭാരവാഹി ആകാൻ സാധ്യതയുള്ളവർക്ക് എല്ലാം ഫോൺ കോൾ എത്തിയതോടെഷാ ഫിയുടെയും വിഷ്ണുനാഥിന്റെയും നീക്കം പരസ്യമായി കഴിഞ്ഞു.
ഇതോടെ പഴയ ഗ്രൂപ്പ് നേതാക്കൾ പുതിയ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ്. ഈ ഗ്രൂപ്പിൻറെ ഭാഗമായി നിന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന നേതൃത്വത്തിലെത്തിയ വിഷ്ണുനാഥും ഷാഫി പറമ്പിലും വന്ന വഴി മറക്കുകയാണെന്നാണ്പഴയ ഈ ഗ്രൂപ്പ് നേതാക്കളുടെ വിമർശനം. ഈ ഗ്രൂപ്പിലെ സീനിയോറിറ്റി മറികടന്ന് ഗ്രൂപ്പ് സ്വന്തം നിലയിൽ പുനസംഘടിപ്പിക്കാനുള്ള നീക്കം അത്യാർത്തി കൊണ്ടാണെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്.
വിമർശനം തുടരുമ്പോഴും ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കവുമായി ഷാഫി പറമ്പിലും വിഷ്ണുനാഥും സജീവമായി മുന്നോട്ട് പോകുകയാണ്. എ ഗ്രൂപ്പുകാരനായി നിൽക്കുമ്പോഴും 2011 ലെ മന്ത്രിസഭ രൂപീകരണത്തിന് ശേഷം ഗ്രൂപ്പുകൾക്ക് അതീതനായി നിലകൊണ്ട വി.ഡി സതീശനുമായി നല്ല ബന്ധം പുലർത്തിപ്പോന്നയാളാണ് ഷാഫി പറമ്പിൽ.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായതോടെ ഷാഫി പറമ്പിൽ ഏതാണ്ട് പൂർണമായും സതീശന് ഒപ്പമായിരുന്നു. സതീശനുമായുള്ള അടുപ്പം മുതലെടുത്താണ് യൂത്ത് കോൺഗ്രസിൽ തൻറെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിന്, പാലക്കാട് നിയമസഭാ സീറ്റ് ഷാഫി പറമ്പിൽ നേടിക്കൊടുത്തത്.
എന്നാൽ വടകരയിലെ മിന്നുന്ന ജയത്തോടെ പുതിയ തലത്തിലേക്ക് ഉയർന്ന ഷാഫി പറമ്പിൽ, വർക്കിംഗ് പ്രസിഡണ്ട് ആയതോടെ സ്വന്തം നിലയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം തുടങ്ങുകയാണ് ചെയ്തിരിക്കുന്നത്.
പുതുതായി ഭാരവാഹിത്വത്തിലേക്ക് വരുന്ന നേതാക്കളെ ഒപ്പം നിർത്തി യൂത്ത് ബ്രിഗേഡ് എന്ന നിലയിലുള്ള ഗ്രൂപ്പാണ് വിഷ്ണുനാഥിന്റെയും ഷാഫി പറമ്പിലിന്റെയും സങ്കൽപ്പത്തിൽ ഉള്ളത്.
വിഷ്ണു -ഷാഫി ഗ്രൂപ്പിന് പുറമേ വേറെ പുതിയ സമവാക്യങ്ങളും സംസ്ഥാന കോൺഗ്രസിനുള്ളിൽ ഉദയം ചെയ്തിട്ടുണ്ട്. ഗ്രൂപ്പിനതീതമായി പാർട്ടിയുടെ വിജയം മാത്രം കാംക്ഷിക്കുന്നവരെ കൂടെ കൂട്ടി വീ ഗ്രൂപ്പ് ഉണ്ടാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കീഴിൽ പുതിയ ഗ്രൂപ്പ് രൂപം കൊണ്ടു തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ആകുകയും ഉപതിരഞ്ഞെടുപ്പുകളിൽ വിജയ സൂത്രവാക്യം രൂപപ്പെടുത്തുകയും ചെയ്തതോടെ കോൺഗ്രസിൽ സതീശന്റെ സ്വീകാര്യത വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.
ഇത് മനസ്സിലാക്കി നിരവധി നേതാക്കളാണ് ഇപ്പോൾ സതീശൻ ഒപ്പം നിൽക്കാൻ മുന്നോട്ടു വരുന്നത്. കെ.പി.സി.സി മുൻ പ്രസിഡൻറ് കെ മുരളീധരൻ അടക്കമുള്ള നേതാക്കൾക്ക് ഇപ്പോൾ സതീശനോടാണ് ആഭിമുഖ്യം.
ഒപ്പം നിൽക്കുന്നവർക്ക് പുനഃസംഘടനയിൽ ഭാരവാഹിത്വം നേടിക്കൊടുക്കാൻ സതീശൻ ശക്തമായി ഇടപെടുകയും ചെയ്യുന്നുണ്ട്.
പഴയ ഗ്രൂപ്പ് നേതാക്കളെ പോലെ പാഴ് വാഗ്ദാനങ്ങൾ നൽകുകയോ പറഞ്ഞ് പറ്റിക്കുകയോ ചെയ്യുന്ന ശീലം സതീശനില്ല.
അതുകൊണ്ടുതന്നെ ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി ചെയ്തു കൊടുക്കാമെന്ന് ഉറപ്പുനൽകുന്ന കാര്യത്തിൽ അങ്ങേയറ്റം വരെ ഇടപെടാൻ സതീശൻ ശ്രമിക്കുന്നുമുണ്ട്.
പുനസംഘടന ചർച്ചയോടെ നേരത്തെ ചേർച്ച ഇല്ലാതെ നിന്നിരുന്ന കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും യോജിപ്പിൽ എത്തിയതും കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടാൻവ ഴിവെച്ചിട്ടുണ്ട്.
പുനഃസംഘടന ചർച്ചകളിൽ കെ സി വേണുഗോപാലിന് താല്പര്യമുള്ളവരെ പിന്തുണച്ചു കൊണ്ടാണ് രമേശ് ചെന്നിത്തല യോജിപ്പിന്റെ പുതിയ തലം കണ്ടെത്തിയത്. ആലപ്പുഴയിൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പിന്തുണയ്ക്കുന്ന കെ ആർ രാജേന്ദ്രപ്രസാദ് , വേണുഗോപാലിന് കൂടി താല്പര്യമുള്ള നേതാവാണ്.
കെ.പി.സി.സി ജനറൽ സെക്രട്ടറി പദവികളിലും ഇരുവരും യോജിച്ച് ചില നേതാക്കളുടെ പേര് മുന്നോട്ടു വച്ചിട്ടുണ്ട്. ഗ്രൂപ്പില്ലാ കാലത്തുനിന്ന്
പുതിയ ഗ്രൂപ്പുകൾ ഉദയം ചെയ്യുന്ന കാലമായി കെ.പി.സി.സി പുനസംഘടന മാറുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.