/sathyam/media/media_files/2025/02/11/TN2osAN9HqNDsGsiUXqD.jpg)
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റി അധ്യക്ഷനായി റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയെ നിയമിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി ആർ ബിന്ദു.
പാർശ്വവർത്തികളെ നിയമിച്ച് വൈസ് ചാൻസലർ നിയമനം അട്ടിമറിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് തൽക്കാലത്തേക്ക് തടയിട്ടിരിക്കുകയാണ് ഈ വിധി. ആ നിലക്കത് ആശ്വാസകരമാണ്.
ഉയർന്ന അക്കാദമിക യോഗ്യതകളും അനുഭവസമ്പത്തുമുള്ളവരെ വൈസ് ചാൻസലർ സ്ഥാനങ്ങളിൽ ഇരുത്തുകയെന്ന കീഴ്വഴക്കമാണ് ഇടതുപക്ഷ സർക്കാരുകൾ ഇത് വരെ സ്വീകരിച്ചിട്ടുള്ളത്.
ഈ കീഴ് വഴക്കം മുന്നോട്ടു കൊണ്ടുപോകാനുള്ള അംഗീകാരമായാണ് ഇന്നത്തെ സുപ്രീം കോടതി നിലപാടിനെ സർക്കാർ കാണുന്നത്.
സ്വേച്ഛാനുവർത്തികളെ കസേരകളിലിരുത്തി കലാലയാന്തരീക്ഷം മലീമസമാക്കിയവർക്കുള്ള തിരിച്ചടിയുമാണ് ഇത്. അവരത് ആ നിലയിൽ ഉൾക്കൊള്ളുമോ എന്നത് കാത്തിരുന്നു കാണാനേ നിർവ്വാഹമുള്ളൂ.
കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയും മികവും ആഗ്രഹിക്കുന്ന അക്കാദമിക് - വിദ്യാർത്ഥി സമൂഹത്തിനൊപ്പമാണ് സംസ്ഥാന സർക്കാർ എന്നും നിലകൊണ്ടിട്ടുള്ളത്.
കക്ഷിരാഷ്ട്രീയ പരിഗണനകളിൽ വിശാലമായ അക്കാദമിക താല്പര്യം അട്ടിമറിക്കപ്പെടാതിരിക്കാൻ സുപ്രീംകോടതി വിധി പ്രേരണയാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ സർവ്വകലാശാലകളെ നയിക്കാൻ അക്കാദമിക മികവോ അഡ്മിനിസ്ട്രേറ്റീവ് കഴിവോ ഇല്ലാത്തവരെ നിയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല.
സംസ്ഥാന സർക്കാരിന് വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു അവകാശങ്ങളുമില്ല എന്ന ചാൻസലറുടെ നിലപാട് തിരുത്തിയിരിക്കയാണ് സുപ്രീംകോടതി.
പുതിയ പാനൽ തികച്ചും അർഹത ഉള്ള അക്കാദമിക് വിദഗ്ദരും, ഭരണമികവ് ഉള്ളവരും ആയ വൈസ്ചാൻസലർമാരെ തെരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.