ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാണെന്ന് പറയുന്ന കാലം വിദൂരമല്ല : മന്ത്രി എം.ബി രാജേഷ്

2035 ആകുമ്പോഴേക്കും കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നഗരവാസികൾ ആയിരിക്കും. 85 മുതൽ 95 ശതമാനം ആളുകളും നഗരവാസികൾ ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

New Update
M B RAJESH1

തിരുവനന്തപുരം: കേരളം അതി വേഗത്തിൽ നഗരവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാണെന്ന് പറയുന്ന കാലം വിദൂരമല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

Advertisment

കേരള അർബൻ കോൺക്ലേവ് 2025-ൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


2035 ആകുമ്പോഴേക്കും കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നഗരവാസികൾ ആയിരിക്കും. 85 മുതൽ 95 ശതമാനം ആളുകളും നഗരവാസികൾ ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 


കേരളമാകെ നഗരമായി ക്കൊണ്ടിരിക്കുകയാണ് എന്നാണ് അതിൻ്റെ അർത്ഥം. എന്നാൽ ലോകത്ത് മറ്റിടങ്ങളിലുള്ളത് പോലെയുള്ള നഗരവൽക്കരണമല്ല കേരളത്തിലേത്. 

നഗര ഗ്രാമ വ്യത്യാസം ഇല്ലാതായി ക്കൊ ണ്ടിരിക്കുകയാണ്. എവിടെയാണ് ഗ്രാമം അവസാനിക്കുന്നത്, എവിടെ നഗരം ആരംഭിക്കുന്നു എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലേത്. 


വലിയ സാധ്യതകളാണ് ഇതുവഴി തുറന്നിടുന്നത്. അതുപോലെ തന്നെ വെല്ലുവിളികളും. അതിനാൽ നഗരവൽക്കരണത്തെ വളരെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. 


കൃത്രിമമായി അപഗ്രഥിച്ച് മികച്ച രീതിയിൽ നടപ്പാക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വ്യക്തവും വിശാലവുമായ നയവും അത്യാവശ്യമാണ്.

അതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട നഗരകാര്യ വിദഗ്ധരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ പോളിസി കമ്മീഷൻ രൂപീകരിച്ചിരുന്നു. 


ഈ കമ്മീഷൻ സംസ്ഥാനമുടനീളം സഞ്ചരിച്ച് വിവിധ തുറകളിൽ ഉള്ള ജനങ്ങളുടെ നേരിട്ട് കണ്ട് ആശയവിനിമയം നടത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 


ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗരവൽക്കരണത്തെ ശാസ്ത്രീയമായും സമഗ്രമായും സമീപിക്കുന്നത്. നഗര മന്ത്രിസഭ ഉൾപ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ്റെ റിപ്പോർട്ടിലുള്ളത്. 

ഇത്തരത്തിലുള്ള നൂതനമായ ശുപാർശകൾ ചർച്ച ചെയ്യുന്നതിനാണ് അർബൻ കോൺക്ലേവ് 2025 നടപ്പാക്കാൻ തീരുമാനിച്ചത്. 


സെപ്റ്റംബർ 12, 13 തീയതികളിലായി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ ഇന്ത്യക്ക് അകത്തും പുറത്തുള്ള നഗരകാര്യ വിദഗ്ധരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംപിമാരും മന്ത്രിമാരും മേയർമാരും ജനപ്രതിനിധികളും പങ്കെടുക്കും. 


അവരുടെ അനുഭവങ്ങളും മികച്ച മാതൃകകളും ചർച്ചചെയ്യും. കൊച്ചിയും കേരളവും ലോകവും തമ്മിലുള്ള മുഖാമുഖമായി കോൺക്ലേവ് മാറും എന്ന കാര്യത്തിൽ സംശയമില്ല.

തദ്ദേശ ഭരണത്തിൽ നിരവധി ചുവടുവെപ്പുകൾ നടത്തിയ കാലമാണിതെന്നും മന്ത്രി വ്യക്തമാക്കി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കെ സ്മാർട്ട്. 


ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശസ്ഥാപനത്തിൽ പോകേണ്ടതില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. ജനന മരണ സർട്ടിഫിക്കറ്റുകൾ മുതൽ കെട്ടിടാനുമതി വരെയുള്ളവ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.


വിപ്ലവകരമായ മാറ്റങ്ങൾ ഉൾപ്പെടുന്ന പുതിയ ലൈസൻസ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 148 കെട്ടിട നിർമ്മാണ ഭേദഗതികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. 

ഡിജിറ്റൽ സാക്ഷരതയിലും വലിയ മുന്നേറ്റമാണ് കേരളം കാഴ്ച്ചവെക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisment