/sathyam/media/media_files/2025/03/13/PDpAJBfQghyT2kAeq8xO.jpg)
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു.
ആക്ഷൻ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനൻസ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി.
ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകൾ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം.
ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങൾ എത്രയും വേഗം നടത്തണം.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിൽ അധിക കിടക്കകൾ സജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.
കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം.
ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുൾപ്പെടെയുള്ള കനിവ് 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കണം.
സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനം ലഭ്യമാക്കും.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി.
പുതിയ നിലയ്ക്കൽ ആശുപത്രി മണ്ഡലകാലത്തിന് മുമ്പ് നിർമ്മാണം തുടങ്ങാൻ നിർദേശം നൽകി.
വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും സമയബന്ധിതമായി നിയോഗിക്കും.
മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും നിയോഗിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും.
നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും.
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും. മതിയായ ആംബുലൻസ് സൗകര്യങ്ങളും ക്രമീകരിക്കും.
കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കും.
അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും.
ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ വെക്ടർ കൺട്രോൾ ടീമിനെ ചുമതലപ്പെടുത്തി.
അടൂർ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി.
ആരോഗ്യകരമായ തീർത്ഥാടനത്തിന് തീർത്ഥാടകർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ, ബാനർ, പോസ്റ്റർ എന്നിവ തയ്യാറാക്കണം. സോഷ്യൽ മീഡിയയിലും അവബോധ പ്രചരണം നൽകണം.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ഡ്രഗ്സ് കൺട്രോളർ, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.