തദ്ദേശ തെരഞ്ഞെടുപ്പിന് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത മുന്നൊരുക്കങ്ങളുമായി കെപിസിസി. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ മുതൽ ​ഗൃഹസന്ദർശനം വരെ. എണ്ണയിട്ട യന്ത്രം പോലെ പാർട്ടിയെ ഒരു കുടക്കീഴിൽ അണിനിരത്തി നേതൃത്വം. ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധം പുനസംഘടന ഉടനടി വേണ്ടെന്ന നിലപാടിൽ നേതൃത്വം. പുനസംഘടന ഘട്ടം ഘട്ടമായി ഓണത്തിന് ശേഷം മാത്രമെന്ന് ധാരണ. കെപിസിസി ഭാരവാഹി പ്രഖ്യാപനം വീണ്ടും നീണ്ടേക്കും

ഇപ്പോഴത്തെ ധാരണ അനുസരിച്ച് സെപ്റ്റംബർ ആദ്യവാരം കഴിഞ്ഞുമാത്രമേ പുന:സംഘടന സംബന്ധിച്ച പ്രഖ്യാപനത്തിനുളള സാധ്യത ഉളളു

New Update
images (1280 x 960 px)(127)

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന വീണ്ടും വൈകും.നേതാക്കളും സംഘടനയാകെയും തദ്ദേശ തിരഞ്ഞെടുപ്പിൻെറ ഒരുക്കങ്ങളിൽ മുഴുകിയ സാഹചര്യത്തിൽ പുന:സംഘടന ഓണം കഴിഞ്ഞ് മതിയെന്നാണ് നേതൃതലത്തിലെ ധാരണ.

Advertisment

തദ്ദേശ തിരഞ്ഞെടുപ്പിൻെറ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാ കൺവൻഷനുകളും ഗൃഹ സന്ദർശന പരിപാടിയും കഴിഞ്ഞുമാത്രമേ പുന:സംഘടനാ ചർച്ചകളിലേക്ക് കടക്കുവെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.


കേരളത്തിലെ കോൺഗ്രസിൽ സമീപ കാലത്ത് ഒന്നും ഉണ്ടായിട്ടില്ലാത്ത തയാറെടുപ്പുകളാണ് പുതിയ കെ.പി.സി.സി നേതൃത്വത്തിന് കീഴിൽ ഇപ്പോൾ നടക്കുന്നത്. 


ഇതിൻെറ ഒഴുക്ക് മുറിച്ച് പുന:സംഘടനയിലേക്ക് കടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം നീട്ടിയത്.

ഇതിനിടെ നേതാക്കളുമായുളള ആശയവിനിമയത്തിലൂടെ സമവായം ഉണ്ടാക്കാനുളള ശ്രമങ്ങളും സമാന്തരമായി നടക്കും.


ഇപ്പോഴത്തെ ധാരണ അനുസരിച്ച് സെപ്റ്റംബർ ആദ്യവാരം കഴിഞ്ഞുമാത്രമേ പുന:സംഘടന സംബന്ധിച്ച പ്രഖ്യാപനത്തിനുളള സാധ്യത ഉളളു.തദ്ദേശ തിരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ കൺവൻഷനുകൾ നടക്കുകയാണ്.


കെ.പി.സി.സി പ്രസിഡന്റും വർക്കിങ്ങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ജില്ലാ കൺവൻഷനുകളിൽ പങ്കെടുക്കുന്നതിനായി വിവിധ ജില്ലകളിൽ എത്തും.തൃശൂർ, പാലക്കാട് ജില്ലാ കൺവൻഷൻ തിങ്കളാഴ്ച നടന്നു.


ഇവിടെ രണ്ടിടത്തും വർക്കിങ്ങ് പ്രസിഡന്റ് എ.പി.അനിൽകുമാറാണ് പങ്കെടുത്തത്. ജില്ലാ കൺവൻഷനുകൾക്കൊപ്പം വാ‍ർഡ്, മണ്ഡലം കമ്മിറ്റികൾക്ക് പ്രവർത്തന ഫണ്ട് സമാഹരിക്കാനുളള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.


വാ‍ർഡ്, മണ്ഡലം കമ്മിറ്റികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിനുളള പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് വേണ്ടിയാണിത്.കെ.പി.സി.സി നേരിട്ടാണ് ഇതിനുളള സഹായങ്ങൾ ചെയ്യുന്നത്.

പണപ്പിരവിനുളള കൂപ്പണുകളും നോട്ടീസുകളും ലഘുലേഖകളും പ്രദേശ് കോൺഗ്രസ് കമ്മിറ്റി തന്നെ വിതരണം ചെയ്യുകയാണ്.

കോൺഗ്രസിൻെറ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഇടപെടലാണിത്.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുളള ഊർജിതമായ പ്രവർത്തനങ്ങളും താഴെത്തട്ടിൽ നടക്കുന്നുണ്ട്. വോട്ട‍ർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനത്തിനും കെ.പി.സി.സിയിൽ നിന്ന് കീഴ് ഘടകങ്ങൾക്ക് ധന സഹായമുണ്ട്.


ഇതും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഇടപെടലാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനം ഡി.സി.സിയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും നേരിട്ട് നിരീക്ഷിക്കുന്നതിനാൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. 


ഇത് തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് കണക്ക് കൂട്ടൽ.ഓഗസ്റ്റിലെ അവസാന ദിനങ്ങളിലാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൻെറ തയാറെടുപ്പുകളുടെ ഭാഗമായുളള ഏറ്റവും വലിയ പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. 


പാ‍ർട്ടി നേതാക്കളും പ്രവർത്തകരും അവരവരുടെ ബൂത്ത് പരിധിയിലെ വീടുകളിൽ എത്തി വോട്ടർമാരെ കാണുന്ന ഗൃഹസന്ദർശന പരിപാടിയാണത്.ഓഗസ്റ്റ് 29,30,31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും കോൺഗ്രസ് പ്രവർത്തകർ എത്തുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.


ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നതിനെയും നിലനിർത്തുന്നതിനെയും ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നത തുടരുന്ന സാഹചര്യത്തിൽ  സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന വിവിധ ഘട്ടങ്ങളായി നടത്താനായിരുന്ന നേതൃതലത്തിലെ ധാരണ.


ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിനെ ചൊല്ലിയുളള തർക്കം ഉടനെ എങ്ങും സമവായത്തിലെത്താൻ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് പുന:സംഘടന പട്ടിക ഘട്ടം ഘട്ടമായി പ്രഖ്യാപിക്കാൻ ധാരണയിലെത്തിയത്.


തർക്കത്തെ തുടർന്ന് പുന:സംഘടന നീണ്ടു പോകുന്നതിൽ കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തിനും ഹൈക്കമാൻഡിനും ഒരുപോലെ അതൃപ്തിയുണ്ടായിരുന്നു.

പുന:സംഘടന ഒരുപാട് വൈകിയാൽ  തദ്ദേശ തിരഞ്ഞെടുപ്പിൻെറ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ആദ്യം കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.


ഓണം കഴിഞ്ഞ് പ്രഖ്യാപനം നടന്നാലും ഘട്ടം ഘട്ടമായേ പ്രഖ്യാപനം നടക്കാനേ സാധ്യതയുളളു ജനറൽ സെക്രട്ടറിമാരുടെ പ്രഖ്യാപനത്തിന് ശേഷം ധാരണയാകുന്ന മുറയ്ക്ക് ഡി.സി.സി പ്രസിഡന്റുമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും ട്രഷററെയും പ്രഖ്യാപിക്കും.


എ.ഐ.സി.സി മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കികൊണ്ടായിരിക്കും കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുക. ഇതോടെ ജംബോ പട്ടിക ചുരുക്കാനാകും എന്നാണ് ധാരണ.

Advertisment