/sathyam/media/media_files/2025/08/19/images-1280-x-960-px141-2025-08-19-12-43-11.jpg)
തിരുവനന്തപുരം: നേതാക്കളുടെ കടുംപിടുത്തത്തെ തുടർന്ന് കോൺഗ്രസ് പുനഃസംഘടന നടപടികൾ അനിശ്ചിതത്വത്തിലേക്ക്.
നിലവിൽ നേതാക്കൾ തമ്മിൽ നടക്കുന്ന ആശയവിനിമയം തുടരുമെങ്കിലും പുതിയ ഭാരവാഹികളുടെ നിയമനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടക്കൂ എന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനുള്ള ആശയക്കുഴപ്പമാണ് ചർച്ചകൾ വഴിമുട്ടാനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്.
വിവിധ നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിനിടെ ചില ജില്ലകളിലെ അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിലുള്ള കടുംപിടുത്തമാണ് അനിശ്ചിതത്തിലേക്ക് നയിച്ചത് എന്നും കരുതപ്പെടുന്നു.
നിലവിലെ വോട്ട് മോഷണ ആരോപണങ്ങൾ അടക്കം രാഹുൽഗാന്ധി ഉയർത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയടക്കമുള്ള കാര്യങ്ങളിൽ പാർട്ടി കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.
നിലവിൽ പുനഃസംഘടനക്കായി പാർട്ടി നീങ്ങുമ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല എന്ന വാദവും ഉയർന്ന കഴിഞ്ഞിട്ടുണ്ട്.
ഡിസിസികളുമായി ബന്ധപ്പെട്ട പുനസംഘടനയിൽ ചില ജില്ലകളിലെ അധ്യക്ഷന്മാരും ആശയക്കുഴപ്പത്തിലാണ്.
തങ്ങൾ പങ്കെടുക്കേണ്ട ഒട്ടേറെ പരിപാടികൾക്കായി ചിലർ സമയം നൽകിയിട്ടുണ്ട്. ഈ പരിപാടികൾ പുനർ നിശ്ചയിക്കണോ തങ്ങൾ തന്നെ പങ്കെടുക്കണമോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പൻ തുടരുന്നത്.
പുനസംഘടന നടത്താനുള്ള ചർച്ചകൾ വൈകിപ്പോയെന്നും ഇത് നീട്ടിക്കൊണ്ടുപോകുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കും എന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൽ ഉയരുന്ന പൊതുവായുള്ള അഭിപ്രായം.
പാർട്ടിയിൽ നിലവിലുള്ള ഐക്യത്തിന് പുനസംഘടന മൂലം പോറലേറ്റാൽ പ്രദേശത്തെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ അത് ബാധിക്കാൻ ഇടയുണ്ട് എന്നുള്ള വാദങ്ങളും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
പുനഃസംഘടന സംബന്ധിച്ച ആശയവിനിമയങ്ങൾ നിർത്തിവയ്ക്കേണ്ട എന്നാണ് നേതാക്കൾക്ക് ഇടയിൽ രൂപപ്പെട്ടിരിക്കുന്ന പൊതു ധാരണ.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും ആശയവിനിമയെ തുടരാമെന്നും ഡിസിസികളുടെ ഇക്കാലയളവിലെ പ്രവർത്തനം കൂടി വിലയിരുത്താമെന്ന ധാരണയെ രൂപപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ പുതിയ ഭാരവാഹികളുടെ നിയമനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടക്കാനുള്ള സാധ്യതയാണ് ഉരിത്തിരിയുന്നത്.