ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്

കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarayi vijayan 777

തിരുവനന്തപുരം: ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമവന്ത്രി പിണറായി വിജയന്‍. 

Advertisment

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ 31ാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്നതുള്‍പ്പടെയുള്ള മൂന്ന് ബില്ലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 


ഫെയ്‌സ് ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 


മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ  വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. 

അതിനായുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായി മാത്രമേ ലോകസഭയിൽ  അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. 


കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. 


കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. 

ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. 


എന്നാൽ അവർ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ്  തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. 


കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.

അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർടി മാറി ബിജെപിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാർമികതയുടെ പേരിലാണെന്നു കൂടി ബിജെപി  വിശദീകരിക്കേണ്ടതുണ്ട്. 


സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക്  കടക്കുന്നത്. 


രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ  ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണം. 

രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവെക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്.

Advertisment