/sathyam/media/media_files/2025/08/20/images-1280-x-960-px187-2025-08-20-23-30-20.jpg)
തിരുവനന്തപുരം: സീനിയർ ജേർണലിസ്റ്റ് ഫോറത്തിൻെറ സമ്മേളനത്തിൽ കേരളത്തിലെ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേര പദ്ധതിക്ക് ലോകബാങ്ക് നൽകിയ വായ്പ വകമാറ്റി ചെലവഴിച്ചെന്ന വാർത്തയിൽ മാധ്യമങ്ങൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച വിഷയത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്.
സർക്കാരിൻെറ കൈയ്യിൽ രഹസ്യമായിരിക്കേണ്ട ഒരു രേഖ ചോർന്നിട്ടും അത് എങ്ങനെ ചോർന്നുവെന്ന് ഏതെങ്കിലും മാധ്യമപ്രവർത്തകനെയോ സ്ഥാപനത്തെയോ വിളിച്ച് ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
എന്നിട്ടും മാധ്യമസ്ഥാപനങ്ങൾക്ക് നേരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചുവെന്ന തരത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിൽ രഹസ്യമായി സൂക്ഷിക്കേണ്ട രേഖ പുറത്തുവന്നു.അതെങ്ങനെ ചോർന്നു എന്ന് അന്വേഷിക്കേണ്ടേ.
അത് അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയില്ലേയെന്നും മുതിർന്ന മാധ്യമ പ്രവർത്തകരെ സാക്ഷിയാക്കി മുഖ്യമന്ത്രി ചോദിച്ചു.
രേഖ പുറത്തായപ്പോൾ സ്വാഭാവികമായി പ്രഖ്യാപിച്ച അന്വേഷണത്തെയാണ് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരായ അന്വേഷണമായി വാർത്ത വന്നത്.
എന്നാൽ ഇതുവരെ ഏതെങ്കിലും മാധ്യമ പ്രവർത്തകനെ വിളിച്ചോ അല്ലാതെയോ സർക്കാർ അന്വേഷിച്ചിട്ടുണ്ടോ.ഏതെങ്കിലും മാധ്യമ സ്ഥാപനത്തോട് അന്വേഷിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
രേഖ എങ്ങനെ ചോർന്നുവെന്ന് അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതാണ് സർക്കാർ നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ നടത്തിയ ചില പരാമർശങ്ങളാണ് രൂക്ഷമായ പ്രതികരണങ്ങൾക്ക് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിനിടെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം തുറന്നു പറയുകയായിരുന്നു.
''ഇതൊന്നും പറയാൻ ഉദ്ദേശിച്ചല്ല ഇവിടെ വന്നത്.എന്നാൽ സ്വാഗത പ്രസംഗം നടത്തിയ ആൾ ഇവിടെ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില പരാമർശങ്ങൾ നടത്തി. അതുകേട്ടപ്പോൾ മറുപടി പറയാതെ പോകാനാകില്ലല്ലോ.
കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കാര്യങ്ങളൊന്നും ഇല്ലെന്ന് അറിയാത്ത ആളല്ല സ്വാഗതം.എന്നാൽ കേട്ടിരിക്കുന്നവരിൽ ചിലർക്ക് സംശയം തോന്നാം അതുകൊണ്ടാണ് ഇത് ഇവിടെ പറയുന്നത്'' ഇംഗ്ലീഷിൽ എഴുതി തയാറാക്കി കൊണ്ടുവന്ന പ്രസംഗം മാറ്റിവെച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേര പദ്ധതിക്കായി ലോകബാങ്ക് അനുവദിച്ച വായ്പ വകമാറ്റിയെന്ന വാർത്തയെ കുറിച്ച് സർക്കാർ മാധ്യമ പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ആരായുന്നുവെന്നു വാർത്ത സർക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു.
ഇതേപ്പറ്റി വന്ന പരാമർശമാണ് മുഖ്യമന്ത്രിയെ മറുപടി പറയാൻ പ്രേരിപ്പിച്ചത്.സ്വാഗത പ്രാസംഗികൻ ഈ വാർത്ത എക്സ്ക്ളൂസിവായി റിപോർട്ട് ചെയ്ത മാധ്യമ സ്ഥാപനത്തിലെ മുൻ ബ്യൂറോ ചീഫാണ്.ഇതും മുഖ്യമന്ത്രിയെ രൂക്ഷമായ പ്രതികരണങ്ങൾക്ക് പ്രേരിപ്പിച്ചു.
സംസ്ഥാനത്തെ ഒരുവിഭാഗം മാധ്യമങ്ങൾ സർക്കാരിനെ കരിവാരിത്തേക്കാൻ ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സീനിയർ ജേർണലിസ്റ്റ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഇടതുപക്ഷത്തിനും സർക്കാരിനുമെതിരെ എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് കഴിഞ്ഞ കാലത്ത് ഇവിടെ നടന്നിട്ടുളളത്. അതൊന്നും അറിയാത്ത ആളല്ലല്ലോ. നിരന്തരം ഇടതുപക്ഷത്തിനും അതിൻെറ സർക്കാരുകൾക്കും എതിരെ വാർത്തകൾ വന്നിട്ടുണ്ട്.
എന്നിട്ടും ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ?ദുരുപദിഷ്ടമായ വാർത്തകൾ ചമച്ചപ്പോഴും മാധ്യമസ്വാതന്ത്ര്യത്തിന് ഭാവിയിലും ദോഷം സംഭവിക്കരുത് എന്നാണ് ഇടതുപക്ഷം കരുതിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യമാകെ മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്ന ഘട്ടത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർ കാവലാളുകളായി നിലകൊളളണമെന്നും മുഖ്യമന്ത്രി എഴുതി വായിച്ച പ്രസംഗത്തിൽ ആവശ്യപ്പെട്ടു.