/sathyam/media/media_files/2025/08/21/m-v-govindan-2025-08-21-23-19-07.jpg)
തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തെ അസംബന്ധമെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന നേതൃത്വം തളളിക്കളയാൻ ശ്രമിക്കുമ്പോഴും പരാതിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാനാണ് സി.പി.എം ദേശിയ നേതൃത്വത്തിൻെറ തീരുമാനം.
സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.വി.ഗോവിന്ദനെയും മകനെയും സംശയ നിഴലിലാക്കിയ വിവാദത്തിൻെറ കാരണഭൂതൻ രാജേഷ് കൃഷ്ണക്കെതിരായ പരാതികളിൽ അന്വേഷണം നടത്താനാണ് പൊളിറ്റ് ബ്യൂറോയുടെ തീരുമാനം.
കഴിഞ്ഞ ദിവസം സമാപിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് രാജേഷ് കൃഷ്ണക്കെതിരായ പരാതികളിൽ അന്വേഷണം നടത്താൻ ധാരണയായത്. ഈ വിവരം മറച്ചുവെച്ചുകൊണ്ടാണ് വിവാദം അസംബന്ധമെന്ന് സംസ്ഥാന നേതാക്കൾ ഉറഞ്ഞുതുളളിയത്.
പൊളിറ്റ് ബ്യൂറോയുടെ കീഴിലുളള ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ദേശിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമാണ് രാജേഷ് കൃഷ്ണ.
അതുകൊണ്ടാണ് സാമ്പത്തിക തട്ടിപ്പ് അടക്കമുളള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താൻ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്. പരാതികളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാനാണ് പിബി യോഗത്തിലെ ധാരണ.
പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെയാണ് രാജേഷ് കൃഷ്ണക്കെതിരായ പരാതികൾ പൊളിറ്റ് ബ്യൂറോ പരിശോധിക്കുമെന്ന് വെളിപ്പെടുത്തിയത്.
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമുളള വാർത്താ സമ്മേളനത്തിൽ രാജേഷ് കൃഷ്ണക്കെതിരായ പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്നത് എന്തു കൊണ്ടാണെന്ന മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുളള ചോദ്യങ്ങളാണ് എം.വി.ഗോവിന്ദനെ അന്വേഷണ വിവരം വെളിപ്പെടുത്താൻ നിർബന്ധിതനാക്കിയത്.
രാജേഷ് കൃഷ്ണക്കെതിരെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നത് അദ്ദേഹം കേരള ഘടകത്തിൻെറ കീഴിലുളള ആളല്ലാത്തത് കൊണ്ടാണെന്നായിരുന്നു നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുളള എം.വി.ഗോവിന്ദൻെറ ആദ്യ മറുപടി.
ബ്രിട്ടനിലെ പാർട്ടി ഘടകം പൊളിറ്റ് ബ്യൂറോയുടെ കീഴിലുളളതാണെന്നായി ഗോവിന്ദൻെറ അടുത്ത മറുപടി.
സംസ്ഥാന സെക്രട്ടറി മാത്രമല്ലോ സി.പി.എമ്മിൻെറ പൊളിറ്റ് ബ്യൂറോ അംഗം കൂടിയല്ലേ താങ്കളെന്ന് ചോദ്യം വന്നതോടെ എം.വി.ഗോവിന്ദൻ പരുങ്ങലിൽ ആയി.
ഇതോടെയാണ് രാജേഷ് കൃഷ്ണക്കെതിരായ പരാതികൾ സംബന്ധിച്ച് പാർട്ടി ആവശ്യമായ സമീപനം എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാൻ നിർബന്ധിതനായത്. ബ്രിട്ടൻ ഘടകത്തിലെ അംഗത്തിനെതിരായ പരാതി സെൻട്രൽ കമ്മിറ്റിയാണ് പരിഗണിക്കേണ്ടതെന്നും എം.വി.ഗോവിന്ദൻ അറിയിച്ചു.
രാജേഷ് കൃഷ്ണയുമായി തനിക്കോ മകനോ ഒരു ബന്ധവുമില്ലെന്നും എം.വി.ഗോവിന്ദൻ ആവർത്തിച്ചു.അസംബന്ധം നിറഞ്ഞ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതെന്നാണ് തീരുമാനം.
സർക്കാരിനും പാർട്ടിക്കും എതിരെ എന്ത് അസഭ്യവും പ്രചരിപ്പിക്കാനുളള നീക്കത്തിൻെറ പ്രകടമായ ഉദാഹരണമായാണ് മുഹമ്മദ് ഷെർഷാദിൻെറ പരാതി സംബന്ധിച്ച് ഉണ്ടായ വിവാദത്തെ കാണുന്നതെന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചു.
സംസ്ഥാന സെക്രട്ടേറിയേറ്റിലും എം.വി.ഗോവിന്ദൻ ഇതേ നിലപാട് ആവർത്തിച്ചതായാണ് പുറത്തുവരുന്ന വിവരം. സർക്കാരിൻെറ അവസാന വർഷത്തിൽ പാർട്ടിയേയും ഭരണത്തെയും അപകീർത്തിപ്പെടുത്താനുളള പല നീക്കങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഓടിക്കാവുന്ന വിഷയമായാണ് വിവാദം അസൂത്രണം ചെയ്തതെന്നും എന്നാൽ പാർട്ടി വിരുദ്ധ മാധ്യമങ്ങൾക്ക് 24 മണിക്കൂർ കൊണ്ട് വിവാദം അവസാനിപ്പിക്കേണ്ടി വന്നെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.
പാർട്ടി സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും കുറിച്ചുളള ആരോപണം രൂപപ്പെടുത്താൻ ചില മാധ്യമങ്ങൾ പഴയ മാധ്യമ സിൻഡിക്കേറ്റ് പോലെ പ്രവർത്തിച്ചെന്നും സി.പി.എം സംസ്ഥാന നേതൃത്വം ആരോപിക്കുന്നുണ്ട്.