/sathyam/media/media_files/2025/04/29/fzdMTUA6WEuQuPW4Fdjb.jpg)
തിരുവനന്തപുരം:റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാൻ കേരള സർവകലാശാലയും. നാല് വർഷ ഡിഗ്രി കോഴ്സിൽ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗമുള്ളത്.
വേടൻ്റെ സംഗീതം സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠഭാഗം പറയുന്നു.
മൾട്ടി ഡിസിപ്ലിനറി കോഴ്സായ 'കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾചർ' എന്ന സിലബസിലാണ് വേടനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
'ഡികോഡിങ് ദി റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ്' എന്ന ലേഖനമാണ് പഠിക്കാനുള്ളത്. ഇതിൽ രണ്ടാമത്തെ മോഡ്യൂളിൽ 'ദി കീ ആർട്ടിസ്റ്റ് ഇൻ മലയാളം റാപ്പ്' എന്ന ഉപതലക്കെട്ടിൽ ഒരു പാരഗ്രാഫ് വേടനെക്കുറിച്ചാണ്.
സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വേടൻ്റെ വരികൾ.
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങളും, ശബ്ദവുമാണ് അവ. തന്റെ സംഗീതത്തിലൂടെ മലയാള റാപ്പ് രംഗത്ത് ചെറുത്തുനിൽപ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടൻ മാറിക്കഴിഞ്ഞെന്നും ലേഖനത്തിൽ പറയുന്നു.
നാല് വർഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവർക്ക് മൂന്നാം സെമസ്റ്ററിൽ തെരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾചർ. കാലിക്കറ്റ് സർവകലാശാല വേടൻ്റെ വരികൾ സിലബസിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.