രാഹുൽ പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്ത്. നയം വ്യക്തമാക്കി കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. തീരുമാനം മുതിർന്ന നേതാക്കളുമായുള്ള ആശയവിനിമയത്തിന് ശേഷം. വിഷയത്തിൽ രാഷ്ട്രീയ അവധാനത പുലർത്താൻ കോൺഗ്രസ് നേതൃത്വം. ഉപതിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എമ്മും ബി.ജെ.പിയും

നടക്കാനിരിക്കുന്ന തദ്ദേശത്തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒഴിവാക്കാൻ സി.പി.എം - ബി.ജെ.പി അന്തർധാര സജീവമാണെന്നും രാഹുലിനെ ചുറ്റിപ്പറ്റി ഉയർന്ന വിഷയങ്ങളിൽ ഇരുപാർട്ടികളും ഒരുമിച്ച് നിങ്ങാനാണ് തീരുമാനമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു

New Update
4646

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്ത് കോൺഗ്രസ് നേതൃത്വം.

Advertisment

ഇതോടെ എം.എൽ.എ കൂടിയായ രാഹുലിന് ഇനി പാർലമെന്ററി പാർട്ടി യോഗത്തിലും പങ്കെടുക്കാനാവില്ല. അദ്ദേഹത്തിന്റെ നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന ആവശ്യം സി.പി.എമ്മും ബി.ജെ.പിയും ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടി.

രാഹുലിന്റെ വിഷയമുയർത്തി രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എമ്മും ബി.ജെ.പിയും ശ്രമം നടത്തുന്നുവെന്നും പാർട്ടി അവധാനതയോടെ വിഷയത്തെ സമീപിക്കണമെന്നുമായിരുന്നു പാർട്ടിയിൽ ഉയർന്ന അഭിപ്രായം.

പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിലൂടെ പാർട്ടിക്ക് ലഭിച്ച മേൽക്കൈ രാഹുൽ വിഷയത്തിലൂടെ മറികടക്കാൻ നടത്തുന്ന സി.പി.എം - ബി.ജെ.പി ശ്രമം അനുവദിക്കാനാവില്ലെന്നതാണ് പാർട്ടിയിലെ ഏകകണ്ഠമായ തീരുമാനം.

രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന നിർദ്ദേശം ചർച്ചകളിൽ ആദ്യമുയർത്തിയത് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ്. മാധ്യമങ്ങൾക്ക് അദ്ദേഹം അതിന്റെ സൂചനയും നൽകിയിരുന്നു.

പരാതികളൊന്നുമില്ലെങ്കിലും പുറത്ത് വന്ന ഓഡിയോ ക്ലിപ്പിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കൂടുതൽ നടപടികൾ വേണമെന്ന ആവശ്യം കെ.പി.സി.സി, എ.ഐ. സി.സി നേതൃത്വങ്ങൾക്ക് മുന്നിൽ അദ്ദേഹം വെച്ചിരുന്നു.

ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടെങ്കിലും തുടർന്ന് നടന്ന ആശയവിനിമയത്തിൽ സതീശന്റെ നിലപാടിനോട് എല്ലാവരും യോജിക്കുകയായിരുന്നു. 

നടക്കാനിരിക്കുന്ന തദ്ദേശ ത്തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒഴിവാക്കാൻ സി.പി.എം - ബി.ജെ.പി അന്തർധാര സജീവമാണെന്നും രാഹുലിനെ ചുറ്റിപ്പറ്റി ഉയർന്ന വിഷയങ്ങളിൽ ഇരുപാർട്ടികളും ഒരുമിച്ച് നിങ്ങാനാണ് തീരുമാനമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു.

വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയടക്കമുള്ള വിഷയങ്ങളിൽ പ്രതിരോധത്തിലായ ബി.ജെ.പിയും ഭരണവിരുദ്ധവികാരത്തിൽ പെട്ട് നട്ടം തിരിയുന്ന സി.പി.എമ്മും സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചു വരവിന് വേണ്ടി വിഷയം ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.

ഇത് മുൻനിർത്തി കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇനി മറ്റ് പാർട്ടികൾക്ക് അവസരമൊരുക്കേണ്ടതില്ലെന്നും പാർട്ടി നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്.

 ഇതിന് ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും ലഭിച്ചു കഴിഞ്ഞു.

പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ രാഹുലിന് അനുമതി പാർട്ടി നേതൃത്വം നിഷേധിക്കുന്നതോടെ എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജി രാഹുലിന്റെ മാത്രം തലവേദനയായി അവശേഷിക്കുകയും ചെയ്യും

Advertisment